കൂടുതൽ കേന്ദ്രസേന എത്തും: ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ ശക്തമായതോടെ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ കേരളാ സർക്കാർ. മഴ ശക്തമായതിനെ തുടര്‍ന്ന് കേരളം, ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാന്‍ തീരുമാനമായി.

ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെക്കൂടി ഇന്ന് വൈകിട്ട് ലഭിക്കും. മഴ തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യം നേരിടാന്‍ അവിടെ പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, എന്‍ഡിആര്‍എഫ് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചു.

മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനമനുസരിച്ച് നാളെ കൂടി മഴയുണ്ടാവും. മലപ്പുറം, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.