കെ.സി.വൈ.എം മണ്ണാര്‍ക്കാട് ഫൊറോന യുവജനറാലിയും സംഗമവും നടത്തി

ഭിന്നിക്കപ്പെട്ട ലോകത്ത് യുവജനങ്ങള്‍ സമാധാനത്തിന്റ സംസ്ഥാപകരാകുക എന്ന ആഹ്വാനവുമായി കെ.സി.വൈ.എം മണ്ണാര്‍ക്കാട് ഫൊറോനാ സമിതിയുടെ നേതൃത്വത്തില്‍ യുവജനറാലിയും സംഗമവും നടത്തി.

അഭയാര്‍ത്ഥികള്‍ക്ക് പൗരത്വ ദേദഗതി നിയമത്തില്‍ മതം മാനദണ്ഡമാക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് മണ്ണാര്‍ക്കാട് ടൗണ്‍ പ്രസാദമാതാ പള്ളിയില്‍ നിന്നും പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാ പള്ളിയിലേയ്ക്കു നടത്തിയ യുവജനറാലിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ആനമൂളി ഇടവക വികാരി ഫാ. ലാലു ഓലിക്കല്‍ നിര്‍വ്വഹിച്ചു. റാലിയുടെ സമാപനശേഷം കെ.സി.വൈ.എം മണ്ണാര്‍ക്കാട് ഫൊറോന പ്രസിഡന്റ് ആല്‍ബിന്‍ കാഞ്ഞിരത്തിങ്കല്‍ പൗരത്വ ദേദഗതി നിയമത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും കെ.സി.വൈ.എം പതാക ഉയര്‍ത്തുകയും ചെയ്തു.

മണ്ണാര്‍ക്കാട് ഫൊറോന വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി കെ.സി.വൈ.എം മണ്ണാര്‍ക്കാട് ഫൊറോനാ യുവജനസംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ആല്‍ബിന്‍ കാഞ്ഞിരത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കോലംകണ്ണി ആമുഖപ്രഭാഷണം നടത്തി.

ഡോ. ശിവദാസന്‍, ഫാ. വില്‍സ മൊയലന്‍ എന്നിവരെ ആദരിച്ചു. കെ.സി.വൈ.എം. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

രൂപത പ്രസിഡന്റ് ജിതിന്‍ മുടയാനിക്കല്‍, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജുബിന്‍ കൊടിയംകുന്നേല്‍, കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, കെ.സി.വൈ.എം. മുന്‍ രൂപത പ്രസിഡന്റ് ജിതിന്‍ മോളത്ത്, സംസ്ഥാന സെക്രട്ടറി റോസ് മോള്‍ എന്നിവര്‍ പ്രസംഗിച്ചു.

യു കാറ്റ് ക്വിസ് സമ്മാന ദാനം, കലാപരിപാടികള്‍ തുടര്‍ന്ന് സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു. കെ.സി.വൈ.എം. മണ്ണാര്‍ക്കാട് ഫൊറോന സെക്രട്ടറി അലന്‍ ഒഴാക്കല്‍ സ്വാഗതവും ഫൊറോന വൈസ് പ്രസിഡന്റ് ലിബിമോള്‍ ആലയ്ക്കാക്കുന്നേല്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് മണ്ണാര്‍ക്കാട് ഫൊറോന വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കെ.സി.വൈ.എം. രൂപതാ ആനിമേറ്റര്‍ സി. മെല്‍ഫി, മണ്ണാര്‍ക്കാട് ഫൊറോന ആനിമേറ്റര്‍ ടിസ്സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.