കെ.സി.ഡബ്ള്യൂ.എ: ഏകദിന ധ്യാനം ജൂണ്‍ 9-ന് കടുത്തുരുത്തിയില്‍

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി ഏകദിന ധ്യാനം സംഘടിപ്പിക്കുന്നു. കെ.സി.ഡബ്ല്യു.എ കടുത്തുരുത്തി ഫൊറോനയുടെ ആതിഥേയത്വത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ ജൂണ്‍ 9 വെള്ളിയാഴ്ചയാണ് ധ്യാനം. രാവിലെ 9.30-ന് രജിസ്‌ട്രേഷനെ തുടര്‍ന്ന് പത്തു മണിക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. കടുത്തുരുത്തി ഫൊറോന വികാരി ഫാ. എബ്രാഹം പറമ്പേട്ട് ആമുഖസന്ദേശം നല്‍കും. തുടര്‍ന്ന് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ വചനചിന്തകള്‍ പങ്കുവയ്ക്കും.

ഉച്ചകഴിഞ്ഞ് ദിവ്യകാരുണ്യ ആരാധനക്കും പ്രദക്ഷിണത്തിനും തൂവാനിസ ധ്യാനകേന്ദ്രത്തിലെ ഫാ. റെജി മുട്ടത്തില്‍, ഫാ. സില്‍ജോ ആവണിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമാപനസന്ദേശം നല്‍കും. കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍ സ്വാഗതവും ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ ചെറിയാന്‍ നന്ദിയും അറിയിക്കും. അതിരൂപതാ ഫൊറോന ഭാരവാഹികള്‍ നേതൃത്വം നല്‍കും. വിവിധ ഫൊറോനകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.