ബഥാനിയ- ഈശോയുടെ പ്രിയ ഗ്രാമത്തിലൂടെ ഒരു യാത്ര

ഫാ. ജസ്റ്റിന്‍ കഞ്ഞൂത്തറ mcbs

ലാസറിന്റെ ഗ്രാമമായ ബഥാനിയായിലൂടെ ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ എം.സി.ബി.എസ് നടത്തുന്ന യാത്ര…

ആഹ്ലാദത്തിന്‍റെ ഓശാന ഞായര്‍ സായാഹ്നസൂര്യന്‍ അസ്തമിക്കുന്നതോടെ മറയുകയാണ്. നേരമങ്ങനെ മയങ്ങി മാറിമറിഞ്ഞ് ദിനങ്ങളകലുമ്പോള്‍ സങ്കടങ്ങളുടെ വെള്ളിയാഴ്ച അടുക്കുകയാണെന്ന വിചാരം മനസ്സില്‍ നിറയുന്നു. ആനന്ദാരവത്തോടെ ഒരു രാജാവിനെപ്പോലെ അവനെ സ്വീകരിച്ച നഗരത്തിനെങ്ങനെ കുറച്ചു ദിനങ്ങള്‍ക്കകലെ വച്ച് അവനെ കുരിശില്‍ തറയ്ക്കാനായി എന്ന് പലവട്ടം ഈ നഗരത്തിലെ പഴയ തെരുവുകളോട് ചോദിച്ചിട്ടുണ്ട്. ഉത്തരമില്ലാത്ത ചരിത്രത്തിന്‍റെ അവശേഷിപ്പുകള്‍ പോലെ അവയും നിശബ്ദത പാലിച്ചെന്നേയുള്ളു.

ഞായറാഴ്ച സന്ധ്യയായപ്പോള്‍ യേശു ബഥാനിയായിലേക്ക് പോയി എന്നാണ് മത്തായി, മര്‍ക്കോസ് സുവിശേഷകന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത് (മത്തായി 21:21; മര്‍ക്കോ. 11:11 ). സുവിശേഷവിവരണമനുസരിച്ചു തന്നെ ഇവിടം മറിയം, മാര്‍ത്ത, ലാസര്‍ എന്നിവരുടെ ഭവനമായിരുന്നു. ലാസറിന്‍റെ മരണവാര്‍ത്ത അറിഞ്ഞ യേശു അവനെ ഉയിര്‍പ്പിക്കാന്‍ കടന്നുവരുന്നത് ഇവിടെയാണ് (യോഹ. 11:1 -46). ഒടുവിലെ അവിടുത്തെ യാത്രയ്ക്കു മുമ്പ് തലചായ്ക്കാന്‍ ഇടംനല്‍കിയ ബഥാനിയാ എന്ന ഗ്രാമത്തെ ഇന്ന് സന്ദര്‍ശിച്ചു. ജെറുസലേം അവനെ തള്ളിപ്പറയാന്‍ തുടങ്ങുമ്പോഴും അവനൊന്നു മയങ്ങാന്‍ ഇടംകൊടുത്ത ആ ചെറുഗ്രാമത്തോട് വലിയ സ്നേഹം തോന്നി. ആപത്തില്‍ തുണയ്ക്കുന്ന ഒരു സ്നേഹിതനോട് നമുക്ക് തോന്നുന്ന പ്രത്യേക ഇഷ്ടം പോലൊന്ന്. എല്ലാവരും തള്ളിപ്പറഞ്ഞപ്പോഴും ദൈവപുത്രന് അഭയം കൊടുത്ത മണ്ണായിരുന്നല്ലോ അത്. ലാസറും സഹോദരിമാരും അവിടുത്തെ ഉറ്റസുഹൃത്തുക്കളായിരുന്നതിനാല്‍ തന്നെ ഒരു ഉറ്റസുഹൃത്തിന്‍റെ ഭവനത്തില്‍ ചെന്നാലെന്ന പോലുള്ള സുപരിചിതത്വവും നമുക്കനുഭവപ്പെടും.

ബെഥാനിയായില്‍ പ്രധാനമായ അവശേഷിപ്പെന്നു പറയുന്നത് ലാസറിന്‍റെ കല്ലറയാണ്. യേശു ശിരസ്സുയര്‍ത്തി പ്രാര്‍ത്ഥിച്ച സ്ഥലം. അവിടം മൗനമായി നിന്ന് കുറച്ചുനേരം പ്രാര്‍ത്ഥിച്ചു. ചരിത്രമുറങ്ങുന്ന മണ്ണില്‍ നിശബ്ദത തേങ്ങലുകളായി നിലകൊള്ളുന്നുണ്ടായിരുന്നു.

കാവല്‍ നില്‍ക്കാവുന്നിടത്തോളവും അഭയം നല്‍കാവുന്നിടത്തോളവും ചിറകുവിരിച്ച് അവനെ കാവല്‍ നിന്നിട്ടും അവിടുത്തെ പീഡാസഹനത്തിനും മരണത്തിനും വിട്ടുകൊടുത്ത് നിസ്സഹായമായി നോക്കിനില്‍ക്കേണ്ടി വന്ന ഒരു ഗ്രാമത്തിന്‍റെ കണ്ണുനീര്‍ അന്തരീക്ഷത്തില്‍ നിറയുന്നത് ഞാനറിഞ്ഞു.

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ