പുൽക്കൂട്ടിലേയ്ക്കുള്ള യാത്ര – ഇരുപത്തിയൊന്നാം ദിനം

ഓരോ ആഗമനകാലവും കടന്നുവരുന്നത് മറ്റുള്ളവരോട് ക്ഷമിക്കുന്നതിനുള്ള ആഹ്വാനവുമായിട്ടാണ്. മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുക്കുവാനും അവരോട് ക്ഷമിച്ചുകൊണ്ട് നിത്യജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തുവാനുമായി ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചതിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ക്രിസ്തുമസ് ദിനത്തില്‍ നമുക്കും മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കുവാന്‍ കഴിയണം. എങ്കിലേ നമ്മുടെയുള്ളില്‍ ക്രിസ്തു ജനിക്കുകയുള്ളൂ.

തന്നെ പീഡിപ്പിക്കുന്നവരോടു പോലും ക്ഷമിച്ചവനാണ് ഈശോ. ക്ഷമയുടെ ഉദാത്തമായ മാതൃകയാണ് അവിടുന്ന് തന്റെ ജീവിതത്തിലൂടെ കാട്ടിത്തന്നത്. പരസ്യജീവിതത്തിലുടനീളം ജനത്തിന്റെ പാപങ്ങൾ ക്ഷമിക്കുകയും അവരെ പുതിയൊരു ജീവിതത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. അതിനാൽ ഈശോയെപ്പോലെ നമുക്കും മറ്റുള്ളവരോട്  ക്ഷമിക്കാം. ക്ഷമയുടെ ഉദാത്തമാതൃകയായ ഈശോയെ കാണുന്നതിനായി പുൽക്കൂട്ടിലേയ്ക്കുള്ള യാത്രയിൽ നമുക്ക് നമ്മോട് വിദ്വേഷമുള്ളവരെയും നമ്മുടെ ശത്രുക്കളെയും ഒപ്പം കൂട്ടാം.

ഇന്നേ ദിവസം, നാളുകളായി നമ്മോട് പിണക്കത്തിൽ കഴിയുന്നവരോട് ഫോണിലൂടെയോ പറ്റുമെങ്കിൽ നേരിട്ടോ സംസാരിക്കാം. ശത്രുതയിൽ കഴിയുന്നവരുടെ ഒരു പട്ടിക തയ്യാറാക്കാം. അവരുമായി സംസാരിക്കുന്നതിനും നമ്മുടെ ഭാഗത്തുനിന്ന് വന്നുപോയ തെറ്റുകൾക്ക് മാപ്പ് ചോദിക്കുന്നതിനും ശ്രമിക്കാം. കൂടാതെ, അവരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൾ ക്ഷമിച്ചുകൊണ്ട് സൗഹൃദത്തിലായിരിക്കാൻ ഈ പിറവിക്കാലത്ത് ശ്രദ്ധിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.