ജിംഗിൾ ബെൽസ് 3 ചുവപ്പ്

ഫാ. അജോ രാമച്ചനാട്ട്

ഡിസംബർ മാസം ആയാൽ ആകപ്പാടെ ഒരു ചുവപ്പാണ് എല്ലായിടത്തും. ഒട്ടുമിക്ക നക്ഷത്രങ്ങൾക്കും ചുവപ്പാണ്. സാന്താക്ലോസും ഫുൾ ചുവപ്പിൽ. അങ്ങാടിയിൽ കിട്ടുന്ന ക്രിസ്തുമസ് തൊപ്പിയണിഞ്ഞ കുട്ടിക്കൂട്ടങ്ങൾക്ക് എന്തൊരു ചോപ്പു നിറമാണ് ! എല്ലാ കരോൾ ഗാനവേദികളിലും ചുവപ്പാണ് താരം.

എന്തായിരിക്കും ഈ ചോപ്പു നിറവും ക്രിസ്തുമസും തമ്മിൽ? ചുവപ്പ് നേരിൻ്റെ നിറമാണെന്നതുതന്നെ കാരണം.

ചോരയുടെ നിറം ചുവപ്പാണ്. കരയുമ്പോൾ കവിളത്തും കണ്ണിലും ചുവപ്പാണ്. കലഹിക്കുമ്പോഴും പിണങ്ങുമ്പോഴും മുഖവും ചെവിയും ചുവന്നിട്ടാണ്. സ്നേഹിക്കുമ്പോഴും പ്രണയിക്കുമ്പോഴും ലജ്ജിക്കുമ്പോഴും എൻ്റെയും നിൻ്റെയും മുഖങ്ങൾക്ക് ചുവക്കാനേ അറിയൂ. ഭയപ്പെടുമ്പോഴും തകരുമ്പോഴും ഒറ്റപ്പെടുമ്പോഴും മുഖത്തു ചോപ്പല്ലാതെ മറ്റെന്താണ്? മണ്ണിൻ്റെ നിറമെന്താണ്? നീണ്ട കാത്തിരിപ്പിനുശേഷം വിടരുന്ന ഒട്ടുമിക്ക പൂക്കൾക്കും നിറമെന്താണ്?ദൈവത്തിൻ്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയാകാൻ കൃപ കിട്ടിയെന്ന് ഒരു പെൺകൊടി ലോകത്തെ അറിയിക്കുന്നതെങ്ങനെയാണ്?

സുഹൃത്തേ, ചുവപ്പ് ജീവിതത്തിൻ്റെ നിറമാണ്. ചുവപ്പിൽ ജീവിതത്തിൻ്റെ ഗന്ധമാണ്.മറയില്ലാത്ത, പച്ചയായ ജീവിതത്തിൻ്റെ നൈര്യന്തരങ്ങളിൽ ചുവപ്പാണെങ്ങും.

തൂമ്പ പിടിക്കുന്ന കയ്യിലും കഞ്ഞി വാർത്ത കരങ്ങളിലും ചുവപ്പിൻ്റെ പെരുന്നാൾ. പിറന്നുവീണ ഉണ്ണിക്കും ആർക്കോവേണ്ടി ആശുപത്രി വരാന്തയിൽ കാത്തിരിക്കുന്നവൻ്റെ മുഖത്തിനും ചോപ്പല്ലേ? ദേ, ഈ തൊലി ഒരു മില്ലിയൊന്ന് ചുരണ്ടിയാൽ പിന്നെ ശരീരത്തിൽ ചുവപ്പല്ലാതെ വേറെയെന്താണ്?

കാപട്യങ്ങളും മുഖം മൂടികളുമില്ലാത്ത ജീവിതങ്ങളിൽ ചുവപ്പുരാശിയാണ് കൂട്ടുകാരാ. പുൽക്കൂട്ടിൽ ഉറങ്ങുന്ന ഉണ്ണിയുടെ കവിളത്തും, അവന് കൂട്ടിരുന്ന അവൻ്റെ അമ്മയുടെ കണ്ണിലും, ദൈവം കൊടുത്ത പസ്സിൽ കളിയിൽ ക്ഷമയോടെ പങ്കെടുത്ത മരപ്പണിക്കാരൻ്റെ മുഖത്തും ചുവപ്പുനിറം പടർന്നിരുന്നു… ക്ലേശപൂർണമായ യാത്രയ്ക്ക് ശേഷം പൊന്നുണ്ണിക്ക് സമ്മാനങ്ങൾ സമർപ്പിച്ചു കരം കൂപ്പിയ ജ്ഞാനികളുടെ മുഖവും കവിളുകളും വല്ലാതെ ചുവന്നിരുന്നു.

ചുവന്ന മുഖങ്ങൾക്ക് പിന്നിൽ നഗ്നമായ ജീവിത യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചകളുണ്ട്. വിയർപ്പൊഴുക്കുന്നവൻ്റെ അവകാശങ്ങൾക്ക് വേണ്ടി ഉയിരെടുത്ത ഒരു പ്രസ്ഥാനം ചുവപ്പിനെ സ്വീകരിച്ചതും യാദൃശ്ചികതയല്ല !

അതെ, ക്രിസ്തുമസ് നേരിൻ്റെ ഓർമപ്പെടുത്തലാകുന്നു. ആദ്യം കണ്ട ഇടയൻ്റെ മുഖം മുതൽ കണ്ണ് മറഞ്ഞപ്പോൾ കൺകോണിലുടക്കിയ പടയാളിയുടെ മുഖം വരെ ക്രിസ്തു വിളമ്പിയ തൊക്കെയും നേരിൻ്റെ അപ്പമായിരുന്നു. മുപ്പത്തിമൂന്നാണ്ടിനുള്ളിൽ ഒരായിരം തവണ അവൻ്റെ മുഖം ചുവന്നിരിക്കണം.

ഹൃദയ പരമാർത്ഥതയിൽ മുഖങ്ങൾ ചുവക്കട്ടെ. കാപട്യങ്ങളില്ലാതെ സ്നേഹിക്കാനും കലഹിക്കാനും പ്രണയിക്കാനും പ്രാർത്ഥിക്കാനും തുടങ്ങുമ്പോൾ ക്രിസ്തുമസിൻ്റെ ചോപ്പുനിറം ജീവിതങ്ങളിൽ പടർന്നുതുടങ്ങും.

പ്രശസ്ത ആംഗലേയ സാഹിത്യകാരൻ Lord Byron കാനായിലെ വെള്ളം വീഞ്ഞായതിനെപ്പറ്റി ഇങ്ങനെ കുറിച്ചു. ” The water met it’s master and blushed ! “. തൻ്റെ നാഥനെ കണ്ടപ്പോൾ വെള്ളത്തിൻ്റെ മുഖം ചുവന്ന് തുടുത്തു പോലും! ചുവപ്പിൽ ജീവിതത്തിൻ്റെ ചൂടും ചൂരുമുണ്ട്, ദൈവ സാന്നിദ്ധ്യത്തിൻ്റെയും ! നേരിൻ്റെ മണവും നിറവുമുള്ള പച്ചമനുഷ്യരാകാൻ ആശംസകൾ!

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.