“നിങ്ങളെക്കുറിച്ച് ക്രിസ്തുവിന് ഒരു പദ്ധതിയുണ്ട്”: മഡഗാസ്കറിലെ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ

“യേശു നിങ്ങളെ ഒരു പുതിയ ദൗത്യം ഏല്‍പിക്കുവാന്‍ വിളിച്ചുകൂട്ടിയിരിക്കുകയാണ് എന്ന് ആഫ്രിക്കൻ യുവജനങ്ങളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ആഫ്രിക്കൻ സന്ദർശനത്തിനിടെ ശനിയാഴ്ച  മഡഗാസ്കാറില്‍ ചേര്‍ന്ന യുവജന സമൂഹത്തോട് സംസാരിക്കവെയാണ് പാപ്പാ യുവജനങ്ങളുടെ ദൈവവിളിയെക്കുറിച്ച് വ്യക്തമാക്കിയത്.

ഒരു ലക്ഷത്തിലധികം വിശ്വാസികളാണ് പാപ്പയുടെ സന്ദേശം ശ്രവിക്കുവാനായി എത്തിയിരുന്നത്. ദൈവം നമ്മിലോരോരുത്തരിലും ഒരു വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ദൈവത്തിൽ പൂർണ്ണമായും വിശ്വാസം അർപ്പിക്കുവാനും അവിടുത്തേയ്ക്കു വേണ്ടി നമ്മുടെ സമയവും കഴിവുകളും ചിലവിടുവാനും നമുക്ക് പരിശ്രമിക്കാം – പാപ്പാ  പറഞ്ഞു.

ജീവിതത്തില്‍ കയ്പു നിറഞ്ഞ അനുഭവങ്ങളും വിഷമങ്ങളും ഉണ്ടാകുമ്പോഴും യേശു കൂടെയുണ്ടെന്ന് മറക്കാതിരിക്കുക. യേശു നമ്മെ ഓരോരുത്തരെയും പേരു ചൊല്ലി വിളിച്ചിരിക്കുന്നത് അവിടുത്തെ അനുഗമിക്കുവാനാണ്. നമ്മുടെ കുറവുകളോടെയാണ് ദൈവം നമ്മെ സ്നേഹിക്കുന്നത് – പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തെ മറക്കാതിരിക്കുക. പ്രതീക്ഷയുടെ വെളിച്ചം അണയാതെ കാത്തുസൂക്ഷിക്കുവാൻ അമ്മ നമ്മെ സഹായിക്കും എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.