ദനഹാക്കാലത്തിന്റെ ആത്മീയത

പൗരസ്ത്യ സഭകള്‍ ഈശോയുടെ മാമ്മോദീസയെയാണ് ദനഹാക്കാലത്തിൽ ധ്യാനവിഷയമാക്കുന്നത്. മൂന്നു രാജാക്കന്മാരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ലത്തീൻ സഭയിൽ പ്രത്യക്ഷീകരണത്തിരുനാള്‍ ആചരിക്കുന്നത്.

തിരുസഭയിലെ വിവിധ വ്യക്തിസഭകളുടെ ആരാധനാക്രമവത്സര കലണ്ടര്‍ രൂപീകൃതമായിരിക്കുന്നത് ഈശോയുടെ ജീവിതരഹസ്യങ്ങളെ കേന്ദ്രീകരിച്ചാണ്. ലത്തീന്‍ ആരാധനാക്രമവത്സരം മിശിഹായുടെ മനുഷ്യാവതാരം, പീഢാസഹനം, ഉത്ഥാനം എന്നീ മൂന്നു രഹസ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതുപോലെ പൗരസ്ത്യ സുറിയാനി ആരാധനാക്രമം ആറ് മിശിഹാരഹസ്യങ്ങളെ കേന്ദ്രമാക്കിയാണ് രൂപീകൃതമായിരിക്കുന്നത്. ഈശോയുടെ ഉയിര്‍പ്പ് (ഉയിര്‍പ്പുഞായര്‍), ദനഹാ (ജനുവരി 6), പെന്തക്കുസ്ത (പെന്തക്കുസ്താ തിരുനാള്‍), രൂപാന്തരീകരണം (ആഗസ്റ്റ് 6), വി. സ്ലീവായുടെ പുകഴ്ചയുടെ തിരുനാള്‍ (സെപ്തംബര്‍ 14), മിശിഹായുടെ രണ്ടാമത്തെ വരവ് എന്നിവയാണവ. ഈശോയുടെ പ്രത്യക്ഷീകരണത്തെ കേന്ദ്രീകരിച്ച് രൂപവത്കൃതമായിരിക്കുന്ന കാലമാണ് ദനഹാക്കാലം.

ഈശോയുടെ പ്രത്യക്ഷവത്ക്കരണം ലത്തീന്‍ സഭയിലും ആചരിക്കുന്നുണ്ട്. മൂന്നു രാജാക്കന്മാരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് അവര്‍ പ്രത്യക്ഷീകരണത്തിരുനാള്‍ ആചരിക്കുന്നത്. മൂന്നു രാജാക്കന്മാരുടെ സന്ദര്‍ശനം, ഈശോയുടെ മാമ്മോദീസ, കാനായിലെ കല്യാണം എന്നിവയുടെ പശ്ചാത്തലത്തിലാണ് അവര്‍ ഇത് ധ്യാനിക്കുന്നത്. ജനുവരി ആറാം തീയതി അവര്‍, മിശിഹാ വിജാതീയര്‍ക്ക് വെളിപ്പെടുത്തിയതിനെ ഓര്‍ത്തുകൊണ്ട് മൂന്നു  രാജാക്കന്മാരുടെ തിരുനാള്‍ ആചരിക്കുകയും അടുത്ത ഞായറാഴ്ച ഈശോയുടെ മാമ്മോദീസ സ്മരിക്കുകയും പിന്നത്തെ  ഞായറാഴ്ച കാനായിലെ കല്യാണം ധ്യാനിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ജനുവരി ആറാം തീയതി കഴിഞ്ഞുവരുന്ന ഞായറാഴ്ചക്കു ശേഷമുള്ള തിങ്കളാഴ്ച ആരാധനാക്രമവത്സരത്തിലെ ആണ്ടുവട്ടത്തിന്റെ ഒന്നാം ഘട്ടം ആരംഭിക്കുകയും ക്ഷാരബുധനു (വിഭൂതി ബുധൻ) മുമ്പുള്ള ചൊവ്വാഴ്ചയോടുകൂടി പരിസമാപ്തിയിലെത്തുകയുംചെയ്യുന്നു.

പൗരസ്ത്യ സഭകള്‍ ഈശോയുടെ മാമ്മോദീസയെയാണ് ഇക്കാലഘട്ടത്തില്‍ ധ്യാനവിഷയമാക്കുന്നത്. ഈ രഹസ്യത്തിന്റെ ആഘോഷം ദനഹാത്തിരുനാളിലാണ്. അതുകൊണ്ടുതന്നെ അവിടുത്തെ മാമ്മോദീസയും പരസ്യജീവിതവുമാണ് ഇക്കാലഘട്ടത്തിലെ പ്രധാന വിചിന്തനവിഷയം. പാവപ്പെട്ട ആട്ടിടയന്മാര്‍ക്ക് ബെത്‌ലഹേമിലുദിച്ച പ്രകാശം ജോര്‍ദാന്‍ നദിയില്‍വച്ച് ലോകത്തിനുമുഴുവന്‍ വെളിപ്പെട്ടു. ഈശോ ദൈവപുത്രനാണെന്ന് പിതാവായ ദൈവംതന്നെ ലോകത്തിനു വെളിപ്പെടുത്തി (മത്തായി 3:13-17). ക്രിസ്തുമസ് പ്രകാശത്തിന്റെ തിരുനാളാണ്; അതുപോലെതന്നെ ദനഹായും. ക്രിസ്തുമസ് രാത്രിയിലെ തീക്കുഴിയില്‍ കര്‍മ്മവും ദനഹാത്തിരുനാളിലെ വാഴപ്പിണ്ടിമേല്‍ തീപ്പന്തങ്ങള്‍ കത്തിച്ചുള്ള ആഘോഷവും ഇതിലേക്ക് വിരല്‍ചൂണ്ടുന്നു.

ദനഹാ എന്ന സുറിയാനി പദത്തിന്റെ വാച്യാഥം ‘സൂര്യോദയം’ എന്നാണ്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തില്‍ ഈ വാക്ക് അര്‍ഥമാക്കുന്നത് ഈശോയുടെ വെളിപ്പെടുത്തലിനെയാണ്; ഒപ്പം പരിശുദ്ധ ത്രിത്വത്തിന്റെയും. സീറോമലബാര്‍ സഭയുടെ ആരാധനക്രമവത്സരത്തിലെ ഓരോ കാലഘട്ടത്തിനു പൊതുവെ ഏഴാഴ്ചകളാണ് ഉള്ളതെങ്കിലും ഉയിര്‍പ്പുതിരുനാള്‍ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ആഴ്ചകളില്‍ കുറവോ, കൂടുതലോ ദനഹാക്കാലത്ത്  സംഭവിക്കാം.

ഈശോയുടെ മാമ്മോദീസയുടെ പശ്ചാത്തലവും അതിന് നമ്മുടെ മാമ്മോദീസയുമായുള്ള ബന്ധവും മറ്റും ധ്യാനവിഷയമാകുന്ന ഈ കാലത്തില്‍ ഭവനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് അവയുടെ പ്രധാന്യം പറഞ്ഞുകൊടുക്കുന്നതും ദൈവാലയത്തിലെ മാമ്മോദീസാതൊട്ടിയെ സമീപിച്ച് അവ ഏറ്റുപറഞ്ഞ്  ജീവചരിത്രം പറഞ്ഞുകൊടുക്കുന്നതും അവരുടെ മാധ്യസ്ഥം അവരെക്കൊണ്ട് പ്രാർഥിപ്പിക്കുന്നതും ദനഹാദിനത്തില്‍ ചെയ്യാവുന്ന ഒരു ആത്മീയകൃത്യമാണ്. നമ്മുടെ ജീവിതത്തെ മുഴുവന്‍ സ്വര്‍ഗംലക്ഷ്യമാക്കി ജീവിക്കാന്‍ നമ്മെ ചുമതലപ്പെടുത്തിയ മാമ്മോദീസാദിനം ജനുവരി ആറാം തീയതി ആചരിക്കുന്നത്  അനുഗ്രഹപ്രദം തന്നെ. കേരളത്തിന്റെ തെക്കുഭാഗത്തുള്ളവര്‍ ദനഹാത്തിരുനാളിനോടനുബന്ധിച്ച് നടത്തിയിരുന്ന രാക്കുളി ഇതിനുവേണ്ടി ഉള്ളതായിരുന്നല്ലോ.

ഈശോയുടെ മാമ്മോദീസായെക്കുറിച്ചുള്ള ചിന്തകളും പരിശുദ്ധ ത്രിത്വം വെളിപ്പട്ടതുമാണ് ഇക്കാലത്തെ യാമപ്രാര്‍ഥനകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഈശോയുടെ മാമ്മോദീസാവേളയില്‍ പുത്രന്‍ ശാരീരികമായും പിതാവ് ശബ്ദത്തിലൂടെയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിലും ജോര്‍ദാനില്‍ വെളിവാക്കപ്പെട്ടു.

ദനഹാക്കാലം തിരുനാളുകളുടെ കാലമാണ്. പിതാവായ ദൈവത്തെ ഈ ലോകത്തില്‍ വെളിപ്പെടുത്തിയ ഈശോക്ക് പ്രത്യേകമായ വിധത്തില്‍ സാക്ഷ്യംനല്കിയ വിശുദ്ധരെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകളില്‍ അനുസ്മരിക്കുന്നു. കര്‍ത്താവിന് വഴിയൊരുക്കാന്‍വന്ന സ്‌നാപകയോഹന്നാനെ ഒന്നാമത്തെ വെള്ളിയാഴ്ചയിലും ക്രിസ്തുരഹസ്യം ഇന്ന് കൈമാറിക്കൊടുക്കുന്ന തിരുസഭയുടെ നെടുംതൂണുകളായ പത്രോസ് – പൗലോസ് ശ്ലീഹന്മാര്‍ രണ്ടാമത്തെ ആഴ്ചയിലും വെളിവാക്കപ്പെട്ട വചനം രേഖപ്പെടുത്തിയ സുവിശേഷകന്മാര്‍ മൂന്നാം വെള്ളിയാഴ്ചയിലും ആ വചനത്തിന് രക്തംകൊണ്ട് സാക്ഷ്യംനല്‍കിയ എസ്തപ്പാനോസ് നാലാം വെള്ളിയാഴ്ചയിലും അനുസ്മരിക്കപ്പെടും.

പിന്നീടുള്ള രണ്ട് ആഴ്ചകളില്‍ വചനവ്യാഖ്യാതാക്കളായ സഭാപിതാക്കന്മാരെയും പ്രദേശികസഭയില്‍ ഈശോയെ പ്രഘോഷിച്ച സഭാമധ്യസ്ഥനെയും അനുസ്മരിക്കുന്നു. അവസാനത്തെ വെള്ളിയാഴ്ച സകല മരിച്ചവരെയുമാണ് അനുസ്മരിക്കുന്നത്. ഈശോയിലുള്ള വിശ്വാസം നമുക്ക് പകര്‍ന്നുതരുന്ന പൂര്‍വീകരെ ഇന്നേ ദിനം ഓര്‍മ്മിക്കുന്നത് നമ്മുടെ ആരാധനക്രമ ദൈവശാസ്ത്രത്തിന് ചേരുന്നതാണ്. നോമ്പുകാലത്തെ പ്രാര്‍ഥനയും പരിത്യാഗപ്രവര്‍ത്തികളും മരിച്ച വിശ്വാസികള്‍ക്കുവേണ്ടികൂടി സമര്‍പ്പിക്കാമെന്നുള്ള ആധ്യാത്മികചൈതന്യവും ഈ ക്രമീകരണം നമുക്ക് നല്കുന്നത്.

വലിയ നോമ്പിന് 18 ദിവസംമുമ്പ് കടന്നുവരുന്ന ‘മൂന്നു നോമ്പ്’ ഈ കാലഘട്ടത്തിലാണ്. വലിയനോമ്പിനുള്ള കാഹളം മുഴക്കലാണിത്. ദൈവഹിതപ്രകാരം ജീവിതം ക്രമീകരിക്കാനുള്ള ആഹ്വാനമാണ് ഈ നോമ്പുനാളിലെ പ്രാര്‍ഥനകളും വിശുദ്ധ ഗ്രന്ഥവായനകളും നമുക്കു നല്‍കുന്നത്. ദൈവഹിതത്തില്‍നിന്ന്  മാറിപ്പോകാനുള്ള പ്രലോഭനത്തെ വിജയിക്കണമെങ്കില്‍ പ്രാര്‍ഥനയും നോമ്പും ഉപവാസവും വചനശ്രവണവും വേണമെന്ന് ഈ മൂന്നു ദിനങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ദനഹാക്കാലത്തെ പ്രാര്‍ഥനകളിലൂടെയും ഗീതങ്ങളിലൂടെയും വചനവായനകളിലൂടെയും മൂന്ന് വിശ്വാസരഹസ്യങ്ങള്‍ ഉരുവിട്ട് ദര്‍ശിക്കാന്‍ കഴിയും.

  • ത്രിത്വരഹസ്യം വെളിപ്പെടുത്തപ്പെട്ട ദൈവികരഹസ്യമാണ്.
  • ഈശോയുടെ മാമ്മോദീസയും ക്രിസ്തീയ മാമ്മോദീസയും പരസ്യജീവിതവും ധ്യാനവിഷയമാക്കാന്‍ പറ്റിയ ഭക്താഭ്യാസമാണ് കൊന്തയിലെ പ്രകാശത്തിന്റെ രഹസ്യങ്ങളുടെ  ജപിക്കല്‍.
  • അവ ഇക്കാലഘട്ടത്തില്‍ കൂടുതല്‍ ആഴത്തില്‍ ധ്യാനിച്ചാല്‍ ഈശോയുടെ ഈ രഹസ്യങ്ങള്‍ കൂടുതല്‍ സ്വാംശീകരിക്കാന്‍ നമുക്ക് സാധിക്കും.

ഫാ. കുര്യാക്കോസ് മൂഞ്ഞേലി MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.