പെറുവിൽ പാവപ്പെട്ട കുട്ടികൾക്കിടയിൽ സേവനം ചെയ്തിരുന്ന ഇറ്റാലിയൻ അൽമായ മിഷനറി കൊല്ലപ്പെട്ടു

പെറുവിലെ പാവപ്പെട്ട കുട്ടികൾക്കിടയിൽ സേവനം ചെയ്തിരുന്ന ഇറ്റാലിയൻ മിഷനറി നാദിയ ഡി മുനാരി അതിക്രൂരമായ നിലയിൽ കൊല്ലപ്പെട്ടു. അമ്പതുകാരിയായ ഈ മിഷനറിയെ ശനിയാഴ്ചയാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വടിവാൾ ഉപയോഗിച്ചുള്ള അതിക്രൂരമായ ആക്രമണത്തെ തുടർന്നാണ് ഇവർ കൊല്ലപ്പെട്ടത്.

തങ്ങളുടെ പ്രിയപ്പെട്ട മിഷനറിയുടെ വേർപാടിൽ വേദനയോടെ ആയിരിക്കുകയാണ് നാദിയ സേവനം ചെയ്തിരുന്ന ന്യൂവോ ചിംബോട്ട് കമ്മ്യൂണിറ്റി. മമ്മ മിയ എന്ന സ്ഥാപനത്തിന് കീഴിലാണ് നാദിയ സേവനം ചെയ്തിരുന്നത്. പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ഭക്ഷണം നൽകുക, ആവശ്യക്കാരിലേയ്ക്ക് സഹായങ്ങൾ എത്തിക്കുക തുടങ്ങിയ സേവനങ്ങൾ ഏറെ താല്പര്യത്തോടെ ചെയ്തിരുന്ന വ്യക്തിയാണ് നാദിയ. പതിവുപോലെ രാത്രിയിൽ ഉറങ്ങാൻ പോയ നാദിയ രാവിലെ ഉണർന്നെഴുന്നേൽക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് രക്തത്തിൽ കുളിച്ചു അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത്. തലയ്ക്കു സാരമായ പരിക്കേറ്റിരുന്നു. നാദിയയ്‌ക്കൊപ്പം മറ്റൊരു സ്ത്രീയും ആക്രമണത്തിന് ഇരയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നാദിയയെ രക്ഷപെടുത്തുവാൻ കഴിഞ്ഞില്ല. താടിയെല്ലും കൈത്തണ്ടയും കഴുത്തും ആക്രമണത്തിൽ തകർന്ന നിലയിൽ ആയിരുന്നു എന്നും മുഖത്തും തലയിലും ധാരാളം മുറിവുകൾ ഉണ്ടായിരുന്നു എന്നും ഡോക്ടർമാർ വെളിപ്പെടുത്തി. ആക്രമിയെക്കുറിച്ചോ ആക്രമണത്തിന് പ്രേരകമായ കാരണത്തെ കുറിച്ചോ അറിവ് ലഭ്യമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.