ഇറ്റാലിയൻ കർദ്ദിനാൾ പൗലോ സർദി നിര്യാതനായി 

അഞ്ച് പാപ്പാമാരുടെ കീഴിൽ സേവനം ചെയ്ത ഇറ്റാലിയൻ കർദ്ദിനാൾ പൗലോ സർദി നിര്യാതനായി. അസുഖത്തെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽലായിരിക്കവെയാണ് മരണമടഞ്ഞത്. 84 വയസായിരുന്നു.

പാപ്പാമാരുടെ പ്രസംഗങ്ങളും ലേഖനങ്ങളും മറ്റും എഡിറ്റ് ചെയ്യുന്ന ദൗത്യമായിരുന്നു ഇദ്ദേഹത്തിന്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്നും വിരമിച്ച കര്‍ദ്ദിനാൾ വിശ്രമജീവിതം നയിക്കുകയായിരുന്നു. പോൾ ആറാമൻ, ജോൺപോൾ ഒന്നാമൻ, ജോൺപോൾ രണ്ടാമൻ, ബനഡിക്ട് പതിനാറാമൻ തുടങ്ങിയ മാർപാപ്പാമാർക്കായി സേവനം ചെയ്യുവാൻ ഈ കർദ്ദിനാളിന് കഴിഞ്ഞിരുന്നു.

ഫ്രാൻസിസ് പാപ്പാ, കർദ്ദിനാൾ സർദിയുടെ സേവനത്തിന് നന്ദിപറയുകയും ഒപ്പം അദ്ദേഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. “തന്റെ എപ്പിസ്കോപ്പൽ മുദ്രാവാക്യത്തോട് പൂർണ്ണമായും വിശ്വസ്തത പുലർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹം നല്ലവനും ജാഗ്രത പുലർത്തുന്നവനുമാണ്, അതിനാൽ കന്യാമറിയം, വിശുദ്ധന്മാരായ പത്രോസ്-പൗലോസ് ശ്ലീഹന്മാർ എന്നിവരുടെ അകമ്പടിയോടെ നിത്യസൗഭാഗ്യത്തിലേയ്ക്ക് പ്രവേശിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം എന്ന്  പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കി.