തദ്ദേശ ജനതയുടെ പരിപാലനം നമ്മുടെ ഉത്തരവാദിത്വം: ഫ്രാൻസിസ് പാപ്പാ 

സൃഷ്‌ടിയുടെ പരിപാലനം നമെല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് ആദിവാസികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് മാര്‍പാപ്പാ. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ അനുവര്‍ഷം ആഗസ്റ്റ് 9-ന് “ആദിവാസികളുടെ ദിനം” ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഈ വെള്ളിയാഴ്ച  “തദ്ദേശ ജനതയുടെ ദിനം” (#IndigenousPeoplesDay) എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“സൃഷ്ടിയെ സംരക്ഷിക്കുകയെന്നത് നമ്മുടെ എല്ലാവരുടെയും ചുമതലയാണെന്നും തദ്ദേശ ജനതകള്‍ അവരുടെ ഭാഷകളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പരമ്പരാഗത അറിവിന്‍റെയും വൈവിധ്യങ്ങളാല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു” എന്നുമാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

“നാട്ടു ഭാഷകള്‍” എന്നതാണ് ഇക്കൊല്ലത്തെ ആദിവാസി ദിനാചാരണത്തിന്‍റെ ആദര്‍ശ പ്രമേയം.

വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.