മറിയം ത്രേസ്യ മാനസിക രോഗിയോ ?

നിഷ ജോസ്
നിഷ ജോസ്

കേൾക്കുമ്പോൾ വളരെ ലളിതമെങ്കിലും മനഃശാസ്ത്രപരമായി ഉപയോഗിക്കുമ്പോൾ ഏറെ സങ്കീർണ്ണതകളുള്ള രണ്ട് പദങ്ങളാണ് Normality and Abnormality. ഒരു വ്യക്തിയുടെ പ്രവൃത്തികളെ Normal എന്നോ Abnormal എന്നോ വേർതിരിക്കണമെങ്കിൽ ഒരുപാട് കാര്യങ്ങൾ പരിഗണിക്കേണ്ടതും താരതമ്യപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യേണ്ടതുണ്ട്. Statistically unusual ആയ, rare ആയ traits, ചിന്തകൾ, പെരുമാറ്റങ്ങൾ എന്നിവ വ്യക്തികളിൽ കാണുമ്പോൾ അവയെ abnormal ആയി കണക്കാക്കാം; വീണ്ടും മറ്റു പല ഘടകങ്ങളും കൂടി കണക്കിലെടുത്തുകൊണ്ടു മാത്രം. അതായത്, ഒരു ഗ്രൂപ്പിലെ അല്ലെങ്കിൽ സമൂഹത്തിലെ ഭൂരിപക്ഷം അംഗങ്ങളും പെരുമാറുന്നതിൽ നിന്നും അല്ലെങ്കിൽ അവരിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ നിന്നും വിഭിന്നമായോ, വിപരീതമായോ ഒരു വ്യക്തിയിലുണ്ടാകുന്ന ചിന്തകളും വികാരങ്ങളും പ്രവൃത്തികളും abnormal ആയി കണക്കാക്കപ്പെടാം. (deviation from norms) – social norms നെ സ്വാധീനിക്കുന്ന താഴെ പറയുന്ന ഘടകങ്ങൾ കൂടി പരിഗണിച്ച ശേഷം മാത്രം.

1. സംസ്കാരം

വിഭിന്നങ്ങളായ സംസ്കാരങ്ങൾക്ക് വിഭിന്നങ്ങളായ social norms ആയിരിക്കും ഉണ്ടാവുക. ഉദാ: അപരവ്യക്തിയുടെ മുഖത്തു നോക്കാതെ മുഖം കുനിച്ചുനിന്ന് സംസാരിക്കുന്നത് ആ വ്യക്തിയോടുള്ള ബഹുമാനമായി കണക്കാക്കപ്പെടുന്ന സംസ്കാരങ്ങളുണ്ട്. എന്നാൽ, മറ്റു ചില സംസ്കാരങ്ങളിൽ അത് അപകർഷതയുടെയും ആത്മവിശ്വാസമില്ലായ്മയുടെയും ലക്ഷണമാകാം. പല ശരീരഭാഷകൾക്കും പെരുമാറ്റ രീതികൾക്കും ഇങ്ങനെ പല സംസ്കാരങ്ങളിൽ പല അർത്ഥങ്ങളാവാം ഉള്ളത്.

2. സാഹചര്യങ്ങളും സന്ദർഭങ്ങളും

ഒരു സാഹചര്യത്തിൽ നോർമലായി കരുതപ്പെടുന്ന ചില പെരുമാറ്റങ്ങൾ മറ്റു ചില സാഹചര്യങ്ങളിൽ അബ്നോർമലായി കരുതപ്പെടാം. ഉദാ: മരണവീട്ടിൽ പൊട്ടിക്കരയുന്നതും ദുഃഖിച്ചിരിക്കുന്നതും നോർമൽ ആണ്. എന്നാൽ, ജന്മദിനാഘോഷത്തിനിടയിൽ അതേ പ്രവൃത്തി ചെയ്താൽ അബ്നോർമലായി കരുതപ്പെടും.

3. ചരിത്രപശ്ചാത്തലം

ഒരു കാലഘട്ടത്തിൽ നോർമലായി കരുതപ്പെട്ടിരുന്ന പ്രവൃത്തി മറ്റൊരു കാലഘട്ടത്തിൽ അബ്നോർമലായി കരുതപ്പെടാം. ഉദാ: വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ സാധാരണക്കാരായ സ്ത്രീകൾ മാറു മറച്ച് വസ്ത്രം ധരിക്കുന്നത് തെറ്റായും അസാധാരണ പ്രവൃത്തിയായും കരുതപ്പെട്ടിരുന്നു. ഇന്ന് മറക്കാതിരിക്കുന്നത് abnormal ആയി കരുതപ്പെടുന്നു.

4. പ്രായ – ലിംഗഭേദങ്ങൾ

ഒരേ പ്രവൃത്തി തന്നെ ചില പ്രായത്തിലുള്ളവർ, ലിംഗത്തിലുള്ളവർ ചെയ്യുമ്പോൾ നോർമലായും മറ്റു ചിലർ ചെയ്യുമ്പോൾ അബ്നോർമലായും കണക്കാക്കപ്പെടും. ഉദാ: ഒന്നര വയസ്സുള്ള കുട്ടി തൊട്ടിയിൽ കിടന്ന് കുപ്പിപ്പാൽ കുടിക്കുന്നത് നോർമൽ ആണ്. എന്നാൽ 65 വയസ്സുള്ള അപ്പാപ്പൻ അതു ചെയ്താൽ അബ്നോർമൽ ആകും, ഒരു സ്ത്രീ ചുവന്ന ലിപ്സ്റ്റിക്കും ഹൈ-ഹീൽസ് ഷൂവുമിട്ട് നടന്നുപോയാൽ അത് നോർമലായും അതേ കാര്യം പുരുഷൻ ചെയ്താൽ അബ്നോർമലായും കരുതപ്പെടും.

ചുരുക്കത്തിൽ ഒരാളുടെ പ്രവൃത്തിയെ വെറുതെ അങ്ങനെ അബ്നോർമൽ എന്ന് വിധിയെഴുതാൻ പറ്റില്ല. അതിന് ഏറെക്കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്നർത്ഥം.
മനോരോഗ വിദഗ്ദ്ധർക്ക് ഒരാളുടെ രോഗനിർണ്ണയം നടത്തുന്നതിന് Diagnostic criteria യും രോഗലക്ഷണങ്ങളും മാത്രമല്ല, കൃത്യമായ observation കൂടി പ്രധാനമാണ്.

“വി. മറിയം ത്രേസ്യാ മാനസിക രോഗിയോ ?”

ഇത്രയും എഴുതിയത്, ഈ നാളുകളിൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വി. മറിയം ത്രേസ്യാ മാനസിക രോഗിയായിരുന്നു എന്ന് വിധിയെഴുതുകയും അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് കണ്ടതുകൊണ്ടാണ്. മറിയം ത്രേസ്യാ ചെയ്ത പ്രവൃത്തികളെ നോർമൽ എന്നോ അബ്നോർമൽ എന്നോ വിധിക്കണമെങ്കിൽ, അവർ അത് ചെയ്തതിന്റെ പിന്നിലുള്ള ഉദ്ദേശം എന്താണെന്നു കൂടി മനസ്സിലാക്കണം. ആ കാലഘട്ടത്തിൽ, അവർ അംഗമായിരുന്ന സമൂഹത്തിലും സഭയിലും നിലനിന്നിരുന്ന വിശ്വാസങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും പഠിക്കണം. ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ അവരുടെ വൈകാരിക – മാനസിക അവസ്ഥകളെന്തായിരുന്നു എന്ന് പഠിക്കണം.

ആത്മീയ പരിപോഷണത്തിനായി ഉപവാസവും പരിത്യാഗ പ്രവൃത്തികളും അനുഷ്ഠിക്കുന്നതും, ഇന്ദ്രിയനിഗ്രഹം നടത്തുന്നതും മിക്ക മതങ്ങളിലും നില നിൽക്കുന്ന രീതികളാണ്. ശരീരത്തിൽ ത്യാഗങ്ങളും വേദനകളും ഏറ്റെടുത്തുകൊണ്ട്, തന്റെ തന്നെയും മറ്റുള്ളവരുടെയും ശുദ്ധീകരണത്തിനായി പ്രാർത്ഥിക്കുന്നത് പുണ്യമായും, സ്നേഹത്തിന്റെ അടയാളമായും കരുതപ്പെട്ടിരുന്ന ഒരു സമൂഹത്തിൽ അത്തരമൊരു പ്രവൃത്തി അബ്നോർമൽ ആകുന്നതെങ്ങനെ?

സ്നേഹിതനു വേണ്ടി സ്വന്തം ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല എന്നു പഠിപ്പിച്ച്, മറ്റുള്ളവർക്കായി സ്വജീവനർപ്പിച്ച്, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ എന്നു കല്പിച്ച ക്രിസ്തുവാണ് സഭയുടെ മൂലക്കല്ല്. ബന്ധബോധമുള്ളിടത്ത് സഹനസന്നദ്ധത ഉണ്ടാകും. ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയത ബന്ധാതിഷ്ഠിതമാണ്. ത്യാഗങ്ങളില്ലാത്ത, സഹനങ്ങളേറ്റെടുക്കാത്ത, സ്വയം ത്യജിക്കാത്ത സ്നേഹം ഒരിക്കലും പൂർണ്ണമല്ല എന്ന ക്രൈസ്തവ ആദ്ധ്യാത്മികതയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം മറിയം ത്രേസ്യയുടെ പ്രവൃത്തികളെയും അവയുടെ ഉദ്ദേശത്തെയും മനസ്സിലാക്കാൻ.

ഇവിടെ പ്രവൃത്തികളുടെ ഉദ്ദേശ്യമാണ് പ്രധാനമായും കണക്കിലെടുക്കേണ്ടത്. മറിയം ത്രേസ്യാ സ്വയം വേദനിപ്പിച്ചത്, സാധാരണ self harm നടത്തുന്നവരെപ്പോലെ തങ്ങളുടെ depression അല്ലെങ്കിൽ anxiety കുറയ്ക്കാനോ, ചിന്തകളുടെയും വികാരങ്ങളുടെയും മേൽ നിയന്ത്രണം വീണ്ടെടുക്കാനോ വേണ്ടിയല്ല. മറിച്ച്, അത് സ്നേഹത്തിലധിഷ്ഠിതമായ പരിത്യാഗവും പരിഹാര പ്രവൃത്തിയുമായിരുന്നു. പരിത്യാഗത്തിന്റെ ഭാഗമായോ, പരിഹാര പ്രവൃത്തിയായോ (തന്റെയും മറ്റുള്ളവരുടെയും നന്മയ്ക്കായി) ചെയ്യുന്ന mortification ഉം (സ്വയം പീഡ) mutilation (അംഗ വിഛേദനം) ഉം തമ്മിൽ താരതമ്യപ്പെടുത്താൻ കഴിയില്ല. mortification -നിൽ ശരീരം താൽക്കാലികമായി വേദനിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും ആ പ്രവൃത്തിയുടെ ആത്യന്തിക ലക്ഷ്യം വ്യക്തിയുടെ അല്ലെങ്കിൽ ആത്മാവിന്റെ നന്മയും വിശുദ്ധിയുമാണ്. വ്യക്തിയുടെ നന്മയും വിശുദ്ധിയും എന്നുപറയുമ്പോൾ, അതിൽ സുപ്രധാന ഘടകമാണ് ജഡത്തെ അതിജീവിക്കുക എന്നത്.

ഇനി ഒരു വ്യക്തിക്ക് മനോരോഗം ഉണ്ടെങ്കിൽ തന്നെ വിദഗ്ദ്ധർ അത് നിർണ്ണയിക്കുന്നതും ഇന്ന രോഗം എന്ന് ലേബൽ ചെയ്യുന്നതും ആ വ്യക്തിയെ ചികിത്സിപ്പിക്കുന്നതിനുള്ള എളുപ്പത്തിനു വേണ്ടിയാണ്. അല്ലാതെ, സമൂഹത്തിൽ താറടിക്കുന്നതിനു വേണ്ടിയല്ല. രോഗമനുഭവിക്കുന്ന ആളാണെങ്കിൽ പോലും ആ വ്യക്തിയുടെ നന്മയ്ക്കു വേണ്ടിയല്ലാതെ ഒരു കാരണവശാലും മനോരോഗ വിദഗ്ദ്ധരുടെയോ, ഗവേഷകരുടെയോ വ്യക്തിതാൽപര്യങ്ങൾക്കും സ്വാർത്ഥതയ്ക്കുമായി ഒരാളെയും മനോരോഗി എന്ന് മുദ്ര കുത്തുകയോ ലേബൽ ചെയ്യുകയോ ചെയ്യുന്നത് ethics -ന് വിരുദ്ധമാണ് എന്നിരിക്കെ, 94 വർഷങ്ങൾക്കു മുമ്പു മരിച്ചുപോയ ഒരു സ്ത്രീയുടെ ഏതാനും ചില പ്രവൃത്തികൾ മാത്രം, സന്ദർഭങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും അടർത്തി മാറ്റി, abnormal എന്ന് വിലയിരുത്തി , മാനസിക രോഗി എന്ന് മുദ്ര കുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരുടെ ഉദേശ്യവും ലക്ഷ്യങ്ങളും എത്രത്തോളം വിഷലിപ്തമാണ് എന്ന് തിരിച്ചറിയണം.

നിഷ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ