ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്‌ ഒരു തുറന്നകത്ത്‌

ഫാ. ക്ലീറ്റസ് കാരക്കാടൻ

നമ്മുടെ സ്വന്തം കേരളം അപ്രതീക്ഷിതമായി പ്രളയദുരന്തത്തിൽപ്പെട്ടപ്പോൾ പകച്ചുനിന്ന കേരളസമൂഹത്തിനു ആത്മവിശ്വാസത്തിന്റെ കരുത്തുപകർന്ന് തളരാതെ നിർത്തിയതിനു അങ്ങയോട്‌ കേരളം കടപ്പെട്ടിരിക്കുന്നു. പ്രളയദിവസങ്ങളിൽ സംഭവിച്ച ഏറ്റവും ചെറിയകാര്യങ്ങളെപ്പോലും അതിസൂക്ഷ്മമായി പഠിച്ചുവിലയിരുത്തി നടത്തിയ ക്രീയാത്മകമായ ഇടപെടലുകൾ
ദുരന്തത്തിന്റെ ആഘാതവും മരണനിരക്കും കുറച്ചിട്ടുണ്ട്‌ അതിനു അങ്ങയുടെ നേത്രുത്വത്തിനുകീഴിൽപ്രവർത്തിച്ച സകല ഉദ്യോഗസ്ഥരോടും സകലസുമനസ്സുകളോടും കേരളം കടപ്പെട്ടിരിക്കുന്നു.

കേരളത്തെ ലോകം സഹതാപത്തോടെ ഈ ദിവസങ്ങളിൽ നോക്കിയെങ്കിലും വിദേശമാദ്ധ്യമങ്ങളുൾപ്പെടെ കേരളം വർണ്ണപ്പകിട്ടോടെ ഉയിർത്തെഴുന്നേൽക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്‌ അഭിമാനത്തോടെയാണു ഞാൻ കേട്ടത്‌.എന്നാൽ അതിനേക്കാളേറെ എന്നെ ക്രുതാർത്ഥനാക്കിയത്‌ പുതിയകേരളം സ്രുഷ്ടിക്കും അതിനുള്ള ശ്രമമായിരിക്കും നടത്തുക എന്നു മുഖ്യമന്ത്രി പറഞ്ഞപ്പോഴായിരുന്നു. പുതിയകേരളത്തിന്റെ സ്രഷ്ടാവ്‌ എന്ന വലിയ ഉത്തരവാദിത്വം നിറവേറ്റാൻ കേരളം ഒറ്റക്കെട്ടായി അങ്ങയുടെ പിന്നിലുണ്ടാകും.

2004-ൽ സുനാമി തീരപ്രദേശത്തെ തകർത്തെറിഞ്ഞപ്പോൾ സുരക്ഷിതമായ പുതിയതീരപ്രദേശത്തെ പുനർനിർമ്മിക്കുവാൻ കേന്ദ്രത്തിൽനിന്നും വിദേശങ്ങളിൽ നിന്നുമായി കേരളത്തിനു കോടികൾ കിട്ടിയിരുന്നു. പുനർനിർമ്മാണം കുറെയേറെ നടന്നിട്ടുണ്ട്‌ അതിന്‌ ചുക്കാൻപിടിച്ച സർക്കാരുകളോട്‌ നന്ദിപറയുന്നു. എന്നാൽ സുനാമി പദ്ധതിയിലുണ്ടായിരുന്ന കടൽഭിത്തികളും പാലങ്ങളുമൊക്കെ ഇന്നും സാക്ഷാൽക്കരിക്കാനായിട്ടില്ല എന്നത്‌ മാറിമാറിവന്ന സംസ്ഥാനസർക്കാരുകളുടെ പ്രതിബദ്ധതയില്ലായ്മയ്ക്ക്‌ ഉദാഹരണമായി അവശേഷിക്കുന്നു. അതിനാൽ എല്ലാകൊല്ലവും കടൽ പ്രക്ഷുബ്ധമാകുമ്പോൾ തീരപ്രദേശത്തെ അങ്ങു “സൈനീകർ” എന്നു വിശേഷിപ്പിച്ചവരുടെ കുടുംബങ്ങൾ തീരാത്ത ദുരിതത്തിലും സമരത്തിലുമാണെന്ന് അങ്ങേയ്ക്ക്‌ അറിവുള്ളതാണല്ലോ.വാഗ്ദാനങ്ങളെല്ലാം വാഗ്ദാനങ്ങളായിതന്നെ അവശേഷിക്കുന്നു. ആ ഗതികേട്‌ പ്രളയബാധിതരായ നമ്മുടെ സഹോദരങ്ങൾക്ക്‌ ഉണ്ടാകരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

പ്രളയം ഇപ്പോൾ ദുരിതത്തിലാക്കിയെങ്കിലും അങ്ങയെപ്പോലൊരു മുഖ്യമന്ത്രിയുണ്ടായതിനാൽ പ്രളയം വന്നത്‌ ഒരു ഭാഗ്യമായി എന്നു പറയിപ്പിക്കത്ത രീതിയിൽ പ്രളയബാധിതരെ മുഴുവൻ പുനരധിവസിപ്പിക്കുകയും ആ മേഖലകളിൽ പുനർനിർമ്മാണ പാക്കേജ്‌ നടപ്പാക്കുകയും വേണം. സ്വാർത്ഥതാൽപര്യങ്ങൾ നടപ്പിലാക്കുവാൻ ഇടംകൊടുക്കാതെ ദീർഘവീക്ഷണത്തോടെ പുനർനിർമ്മാണപ്രവർത്തനങ്ങൾ നടപ്പിലാക്കണം. കേരളസംസ്ഥാനമുണ്ടായിട്ട്‌ ഇത്രയും കൊല്ലംകഴിഞ്ഞിട്ടും ഇന്നും പാർശ്വവൽക്കരിക്കപ്പെട്ടവരായി ഗതികേടിൽത്തന്നെ കഴിയുന്ന വയനാട്ടിലേയും നെല്ലിയാമ്പതിയിലേയും പ്രളയബാധിതമായ ആദിവാസമേഖലകളിലെല്ലാം പുനർനിർമ്മാണം നടക്കണം. റോഡുകളും പാലങ്ങളും ആശുപത്രിയും വാഹനസൗകര്യങ്ങളും ഉണ്ടാക്കിക്കൊടുക്കണം.

ദുരിതാശ്വാസത്തിൽ നിന്നും മോഷ്ടിക്കുവാൻ ഒരുകള്ളന്മാരെയും അനുവദിക്കരുത്‌. ജനപ്രതിനിധികളും ഇടനിലക്കാരും ഒക്കെ കട്ടെടുത്താൽ അവരെ പിടിച്ചു ജയിലിൽ ഇടാൻ ധൈര്യം കാണിക്കണം. നമ്മൾ കടന്നുപോകുന്ന ഈ ദുരിതസമയങ്ങളിലും നമ്മളെ ഉയരാൻ അനുവദുക്കാതെ അതു മുതലെടുക്കുവാൻ ആരെങ്കിലും ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെങ്കിൽ ആ പാഴ്ജന്മങ്ങളെ അങ്ങ്‌ മുഖവിലയ്ക്കെടുക്കരുത്‌. രാഷ്ട്രീയ -വർഗ്ഗീയ ലാക്കോടെ ആരെങ്കിലും നമ്മുടെ ദുരിതത്തെ നോക്കിക്കണ്ടാൽ അവരെ നിഷ്പ്രഭമാക്കുവാനുള്ള പ്രഹരശേഷി നമ്മൾ മലയാളികളുടെ ഐക്യത്തിനുണ്ടെന്ന് നമ്മൾ തിരിച്ചറിഞ്ഞതല്ലെ..?
കേരളത്തിൽ രാഷ്ട്രീയമുണ്ട്‌ എന്നാൽ കേരളത്തിന്റെ വികസനകാര്യങ്ങളിൽ പ്രത്യേകിച്ചും നമ്മളൊന്നിച്ച്‌ നമ്മുടെ നാടിനെ താങ്ങി ഉയർത്താൻ ശ്രമിക്കുമ്പോൾ അതിൽ രാഷ്ട്രീയം ഉണ്ടാകാതിരിക്കുവാൻ അങ്ങ്‌ ശ്രദ്ധിക്കണം.

നമ്മുടെ നാട്‌ നമ്മുടെ വികാരമാണ്‌, നയിക്കുവാൻ ആത്മാർത്ഥതയുള്ള നേതാക്കൾ ഉണ്ടാകുമ്പോൾ അവർക്ക്‌ ചങ്കുപറിച്ചുകൊടുക്കുവാൻ മനസുള്ള ചെറുപ്പക്കരാണു കേരളത്തിന്റെ ശക്തി. ഇനി എല്ലാകണ്ണുകളും കണ്ണീർ തുടച്ച്‌ കാത്തിരിക്കുന്നത്‌ ഈ ഉയർത്തെഴുന്നേൽപ്പുകാണുവനാണ്‌. നമ്മുടെ കേരളത്തിന്റെ ചിറകുകൾ ഇനിയും തളർന്നിട്ടില്ല പറന്നുയരട്ടെ ലോകം സങ്കൽപ്പിക്കാതിരുന്ന പുരോഗതിയുടേയും
സന്തോഷത്തിന്റെയും പുതിയ പ്രഭാതത്തിലേക്ക്‌. കേരളം കൂടെയുണ്ട്‌. പ്രാർത്ഥനയും സഹകരണവും കൂടെയുണ്ട്‌.

ഫാ. ക്ലീറ്റസ് കാരക്കാടൻ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.