നൈജീരിയയിൽ വൈദികനെ ചുട്ടു കൊന്നു 

നൈജീരിയയിലെ ജലിന്‍ഗോയില്‍ കത്തോലിക്കാ വൈദികനെ ചുട്ടു കൊന്നു. ഫാ. ഡേവിഡ് റ്റാൻഗോ എന്ന വൈദികനാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരണം നൽകി. വൈദികന്‍ കടന്നുപോയ വഴിയിൽ പതിയിരുന്നാണ് അക്രമികൾ കാറിന് തീ കൊളുത്തിയത്.

പ്രാദേശിക ഗ്രൂപ്പുകളായ ടിവ്, ജുകുൻ എന്ന രണ്ട് സമുദായങ്ങൾ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അനുരഞ്ജന ചര്‍ച്ചയ്ക്കായി, ടാകും എന്ന പട്ടണത്തിലേയ്ക്ക് പോകുമ്പോഴായിരിന്നു ആക്രമണം. വഴിയിൽ പതിയിരുന്ന അക്രമികൾ കാർ തടഞ്ഞുനിർത്തി കാറിന് തീയിടുകയായിരുന്നു. താരബാ സംസ്ഥാനത്തെ ഗ്രാമങ്ങൾ ആക്രമിക്കപ്പെട്ടു എന്ന വാർത്ത പുറത്തുവന്ന് 24 മണിക്കൂറുകൾ തികയും മുന്‍പാണ് വൈദികൻ അതിക്രൂരമായി കൊല്ലപ്പെട്ടു എന്ന വാർത്ത പുറത്തുവരുന്നത്.

ടിവ് സമുദായത്തിലെ അക്രമികളാണ് വൈദികനെ കൊലപ്പെടുത്തിയതെന്ന് പ്രാദേശിക ഭരണകൂടത്തിന്റെ തലവൻ ഷിബാൻ തിക്കാരി ആരോപിച്ചു. ദക്ഷിണ താരബായിൽ ഇതിനു മുമ്പും ആളുകളുടെ ജീവനും, സ്വത്തും നശിപ്പിച്ച ആക്രമണങ്ങൾ പ്രസ്തുത വിഭാഗം നടത്തിയിട്ടുണ്ടെന്നും ഷിബാൻ തിക്കാരി വെളിപ്പെടുത്തി.

വൈദികന്റെ മരണത്തില്‍ ജലിന്‍ഗോ രൂപത അതീവദുഃഖം രേഖപ്പെടുത്തി. വൈദികന്റെ മരണവാർത്ത ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നുവെന്നും അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നുവെന്നും രൂപതാധികൃതർ വ്യക്തമാക്കി.

സെപ്റ്റംബര്‍ രണ്ടിന് രൂപത സെമിത്തേരിയില്‍ ഫാ. ഡേവിഡ് റ്റാൻഗോയുടെ മൃതസംസ്കാരം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.