ഇരുട്ടിൽ, ബിഷപ്പുമാർ പ്രത്യാശയുടെ വേദികളായിരിക്കണം: ബിഷപ്പ് റിച്ചാർഡ്

പ്രതിസന്ധികളുടെയും പരാധീനതകളുടെയും സമയങ്ങളിൽ പ്രത്യാശയുടെ വേദികളായി മാറേണ്ടവരാണ് ബിഷപ്പുമാർ എന്ന് ന്യൂയോർക്കിലെ ബിഷപ്പ് റിച്ചാർഡ് ജെ മാലോൺ. പന്ത്രണ്ടാം തിയതി റോമിലെ ബസിലിക്കയിൽ വച്ച് അർപ്പിച്ച വിശുദ്ധ കുർബാന മധ്യേയാണ് അദ്ദേഹം മെത്രാന്മാരുടെ ദൗത്യത്തെകുറിച്ച് സംസാരിച്ചത്.

ചുറ്റും ഇരുൾ നിറയുമ്പോൾ, തിന്മകളും അതിക്രമങ്ങളും ജനത്തെ വലയ്ക്കുമ്പോൾ, നമ്മുടെ അനേകം സഹോദരീസഹോദരന്മാർ വേദനയിൽ കഴിയുമ്പോൾ അവർക്കിടയിൽ പ്രത്യാശ പകരേണ്ടത് ആവശ്യമാണ്. രൂപതകളിലും സഭാജീവിതത്തിലും മെത്രാന്മാർ ഐക്യത്തിന്റെ വക്താക്കളായി മാറണം. പ്രത്യേകിച്ചും വിഘടനത്തിന്റെ ദുരാത്മാവ് ശക്തമായി പ്രവർത്തിക്കുന്ന ഈ കാലയളവിൽ. ബിഷപ്പ് ചൂണ്ടിക്കാട്ടി.

എല്ലാ വിശുദ്ധരുടെയും എല്ലാ മരിച്ചവരുടെയും ആഘോഷങ്ങളിലൂടെ കടന്നുവന്ന്  ഈശോയുടെ രാജത്വ തിരുനാളിൽ എത്തുമ്പോൾ മരണത്തേയും അന്ധകാരത്തേയും ജയിച്ച ക്രിസ്തുവിന്റെ പ്രത്യാശയുടെ കിരണങ്ങൾ നമ്മിലേയ്ക്കും ചൊരിയപ്പെടുന്നു. അത് നമ്മെ ക്രിസ്തുമസിന്റെ സന്തോഷത്തിലേയ്ക്കും പ്രതീക്ഷാനിർഭരമായ ഒരു പുതുവർഷത്തിലേയ്ക്കും നയിക്കും. അതിനാൽ ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട നാം ഒരുത്തരും ഈ ക്രിസ്തുവാകുന്ന പ്രകാശത്തിന്റെ പ്രത്യാശയുടെ വാഹകരാകണം. ബിഷപ്പ് വ്യക്തമാക്കി.