ബൈബിള്‍ വില്‍പനയില്‍ വന്‍ കുതിച്ചുചാട്ടമെന്ന് റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ ബൈബിള്‍ വില്‍പനയില്‍ വന്‍ ഉയര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നതായി ബൈബിള്‍ പ്രസാധകരുടെ റിപ്പോര്‍ട്ട്. ലോകത്തിലെമ്പാടും കോവിഡ്-19 എന്ന മഹാമാരി പടര്‍ന്നുകൊണ്ടിരിക്കുകയും അനേകര്‍ രോഗികളാവുകയും പതിനായിരങ്ങള്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ബൈബിളിന്റെ ഈ റിക്കാര്‍ഡ് വില്‍പ്പനയ്ക്ക് കാരണമായിരിക്കുന്നതെന്നതാണ് വിലയിരുത്തല്‍.

2019 മാര്‍ച്ച് മാസം മുതലുള്ള വില്‍പനയെ അടിസ്ഥാനപ്പെടുത്തിയാണ് പല പബ്ലിഷിംഗ് കമ്പനികളും കഴിഞ്ഞ ഏതാനും മാസങ്ങളായി ബൈബിള്‍ വില്‍പനയിലുണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ച് സൂചിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനവും അത് ആളുകളില്‍ സൃഷ്ടിച്ചിരിക്കുന്ന ഭയവും ഏകാന്തതയും നിരാശയുമൊക്കെയാണ് ബൈബിള്‍ വില്‍പനയിലുണ്ടായിരിക്കുന്ന ഈ വര്‍ദ്ധനവിന് കാരണമെന്നാണ് അനുമാനിക്കുന്നത്. എല്ലാവരുടെയും ജീവിതത്തെ കൊറോണ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ബാധിച്ചിരിക്കുന്നു എന്നും ഇത് തെളിയിക്കുന്നു.

കഷ്ടപ്പാടിന്റേയും ക്ലേശങ്ങളുടെയും നാളുകളില്‍ ആളുകള്‍ വിശുദ്ധ ഗ്രന്ഥത്തിലേയ്ക്ക് തിരിയുന്നത് പതിവാണെന്നാണ് യുഎസ് ആസ്ഥാനമായുള്ള ടിന്‍ഡേല്‍ ഹൗസ് പബ്ലിഷേഴ്‌സ് പറയുന്നത്. പരിഹാരവും പ്രത്യാശയും തേടാന്‍ ഇതിലും നല്ല മാര്‍ഗ്ഗം വേറെയില്ലല്ലോ.