ലോക്ക് ഡൗൺ: കുടുംബങ്ങൾക്ക്‌ ഒരു മാർഗ്ഗ നിർദ്ദേശം

ലോകം മുഴുവൻ കൊറോണയുടെ ഭീതിയിലാണ്. രോഗം പകരാതിരിക്കുന്നതിനായി ലോക് ഡൗൺ ഉൾപ്പെടെ ഉള്ള സംവിധാനങ്ങൾ രാജ്യങ്ങൾ സ്വീകരിച്ചു. ലോക് ഡൗൺ  അനുഭവത്തിലൂടെയാണ് കേരളവും കടന്നു പോകുന്നത്.

പുറത്ത് പോകാതെ, വീടുകളിൽ തന്നെ ആയിരിക്കുകയാണ് ഭൂരിഭാഗം ആളുകളും. ഇതുവരെ തിരക്കുകളുടെ ലോകത്തായിരുന്നു പലരും അതെല്ലാം മാറ്റി വച്ച് വീടുകളിലാണ്. ചില കുട്ടികളെ സംബന്ധിച്ചിടത്തോളം അച്ഛനമ്മമാരോടൊപ്പം ചിലവിടുവാൻ ലഭിക്കുന്ന അപൂർവ സന്ദർഭങ്ങളാണ് ഇത്. അതിനാൽ തന്നെ ഈ അപൂർവ നിമിഷങ്ങളെ സാമൂഹ്യമാധ്യമങ്ങളുടെ ലോകത്ത് നഷ്ടപ്പെടുത്താതെ നന്മയുടെ നിമിഷങ്ങളായി മാറ്റേണ്ടതുണ്ട്. അതിനു സഹായിക്കുന്ന ചില മാർഗ്ഗ നിർദേശങ്ങൾ ഇതാ:

1 . കുടുംബങ്ങൾ സ്നേഹത്തിന്റെ ഇടമാകട്ടെ 

ലോകം വല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ ദൈവത്തിൽ ആശ്രയം വയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ കുടുംബങ്ങളില്‍ സ്നേഹത്തിന്റെ അന്തരീക്ഷം നിലനിർത്തണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വിശുദ്ധകുർബാനയിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ. ഒപ്പം തന്നെ ഒരു ദേവാലയത്തിന്റെ വിശുദ്ധിക്ക് ചേരാത്ത സംസാര രീതികൾ, പ്രവർത്തികൾ, ദൃശ്യങ്ങൾ, മദ്യപാനം തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കാം.

2. ടിവി മുഴുവന്‍ സമയവും പ്രവർത്തിപ്പിക്കാതിരിക്കുക

വീട്ടിലിരിക്കുകയല്ലേ കൊറോണ വൈറസ് എങ്ങനെ ബാധിക്കുന്നു എന്ന് അറിയുവാനുള്ള ആകാംഷ പലർക്കും ഉണ്ട്. ഇങ്ങനെ ഉള്ളവർ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ടി വി ഓൺ ചെയ്തു വയ്ക്കും. രാവിലെ മുതൽ ഉള്ള ഭീതിപ്പെടുത്തുന്ന വാർത്തകൾ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുകയേ ഉള്ളു എന്ന് തിരിച്ചറിയുക. കൊറോണ ബാധിച്ചു മരിക്കുന്നവരുടെ വാർത്തകൾ സ്ഥിരം കേൾക്കുക വഴി അകാരണമായ ഭയം നമ്മെ കീഴ്പ്പെടുത്താം. കൂടാതെ രാവിലെ നാം കേൾക്കുന്നത് വേദനിപ്പിക്കുന്ന അല്ലെങ്കിൽ നെഗറ്റിവ് വാർത്തകൾക്ക്, അന്നത്തെ നമ്മുടെ ദിവസത്തിന്റെ മുഴുവൻ ഊർജ്ജവും നഷ്ടപ്പെടുത്തുവാൻ കഴിയും. അധികമായാല്‍ അമൃതും വിഷമാണ് എന്നാണല്ലോ.

അതിനാൽ കഴിവതും അതിരാവിലെ ഇത്തരം വാർത്തകൾ കേൾക്കാതിരിക്കാം. അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം ടി വി ഓൺ ചെയ്യാം. എല്ലാ വാർത്തകളും കേൾക്കുക എന്നതിലും പ്രധാനപ്പെട്ടത് ഞാൻ മൂലം മറ്റൊരാൾക്ക് ഈ രോഗം വരില്ല എന്ന നിശ്ചയദാർഢ്യം ആണ്;  സർക്കാരിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുക എന്നതാണ്.

3. മൊബൈൽ ഫോൺ മാറ്റിവയ്ക്കാം

ലോക് ഡൗൺ ആയി ഏതാനും ദിവസങ്ങൾ കടന്നു പോയി. ഈ ദിവസങ്ങളിൽ ഒക്കെയും സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ചിലരുടെ കണ്ണുകൾ രാവിലെ എഴുന്നേൽക്കുന്നത് മുതൽ കിടക്കുന്നത് വരെ ഫോണിൽ ആണ്. വീട്ടിൽ ചുമ്മാതിരിക്കുവല്ലേ, വേറെന്ത് ചെയ്യാനാ എന്നാണ് ഈ കൂട്ടരുടെ ചോദ്യം. എന്നാൽ നിങ്ങൾക്ക് ചെയ്യാൻ ധാരാളം കാര്യങ്ങൾ ഉണ്ട്. അതിനു ആദ്യം മൊബൈൽ ഫോൺ മാറ്റി വയ്ക്കണം എന്ന് മാത്രം.

4 . പാചകത്തിൽ സഹായിയാകാം

പല വീടുകളിലും ജോലിക്കു പോകാൻ കഴിയാത്തതിനാൽ ഭർത്താവ്, മക്കൾ, മരുമക്കൾ ഒക്കെ വീട്ടിലുണ്ടാകും. വീട്ടിൽ ഇരിക്കുന്ന സമയം ഫോണിൽ നോക്കി സമയം കളയാതെ അമ്മയെ/ ഭാര്യയെ സഹായിക്കാം. അതുവരെ നിങ്ങൾക്കായി കഷ്ടപ്പെടുന്ന അമ്മയ്ക്കും ഭാര്യയ്ക്കും അൽപ്പം റസ്റ്റ് കൊടുക്കുന്നതും അവരെ സഹായിക്കുന്നതും കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം വിരിയിക്കും. കഴിയുമെങ്കിൽ കുടുംബാംഗങ്ങൾ ഒന്നിച്ചു പാചകം ചെയ്യുക.

5 . മക്കൾക്കൊപ്പം മാതാപിതാക്കൾ ആയിരിക്കുക

ജോലിയുടെ ആകുലതകളും മറ്റും മാറ്റി വച്ച് കുട്ടികൾക്ക് ഒപ്പം ആയിരിക്കുന്നതിനുള്ള സമയമാണ് ഇത്. തിരക്കുകൾ ഏറെയുള്ള മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കുട്ടികളെ തങ്ങളുടെ സ്നേഹം ബോധ്യപ്പെടുത്തുവാനുള്ള സമയം. ഈ സമയം കുട്ടികൾക്കൊപ്പം പൂർണ്ണമായും ചിലവിടാം. കുഞ്ഞു കുട്ടികളുടെ മാതാപിതാക്കൾ ആണ് നിങ്ങൾ എങ്കിൽ അവർക്കൊപ്പം വിനോദങ്ങളിൽ ഏർപ്പെടാം. അവരുടെ ആശയങ്ങൾ കേൾക്കുകയും അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്യാം.

6 . പരസ്പരം കേൾക്കാം

ഒരു കുടുംബത്തിലെ ഓരോരുത്തർക്കും പല കാര്യങ്ങൾ സംസാരിക്കുവാൻ ഉണ്ടാകും. അതൊക്കെ കേൾക്കുവാനും സംസാരിക്കുവാനും ഉള്ള സമയമാണ് ഇത്. ഈ അവസരങ്ങളിൽ നമ്മുടെ കുടുംബത്തിലെ മുത്തശി മുത്തശ്ശന്മാരെ കൂടെ പരിഗണിക്കണം. അവർക്കൊപ്പം ചിലവിടാൻ പറ്റിയ സമയം കൂടെയാണ് ഇത്. പഴയകാലത്തെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളും മക്കളോടും കൊച്ചുമക്കളോടും ഒപ്പം ഇരുന്നു അവരും പങ്കുവയ്ക്കുമ്പോൾ അവിടെ  സ്നേഹത്തിന്റെ സന്തോഷത്തിന്റെ അനുഭവം ഉണ്ടാവുകയാണ്. ബന്ധങ്ങൾ കൂടുതൽ ആഴപ്പെടുകയാണ്. ഈ സന്തോഷം ഓൺലൈൻ മാധ്യമങ്ങൾക്കു മുന്നിൽ ഇരുന്നാൽ കിട്ടില്ല.

7 . പഴയ ആൽബങ്ങൾ തപ്പിയെടുക്കാം

നമ്മുടെ പഴയ ആൽബങ്ങൾ കാണുന്നതും മറ്റും ഈ സമയം നല്ലതാണ്. അതിലെ ആളുകൾ , അവർ ആരൊക്കെയാണ്, ബന്ധം എന്താണ് തുടങ്ങിയ കാര്യങ്ങൾ ഒരു പക്ഷേ ഇളം തലമുറയ്ക്ക് അറിയില്ലായിരിക്കാം. അത് പറഞ്ഞു കൊടുക്കാം. ഒപ്പം അകലങ്ങളിൽ ആയിരിക്കുന്ന ബന്ധുക്കളെ വിളിക്കുകയും ക്ഷേമം അന്വേഷിക്കുകയും ചെയ്യാം. കൂടാതെ വിദേശങ്ങളിൽ ആയിരിക്കുന്നവരെ പ്രാർത്ഥനയിലൂടെ ശക്‌തിപ്പെടുത്തുകയും ചെയ്യാം.

8 . പൂന്തോട്ടങ്ങളിൽ അൽപ സമയം ചിലവിടാം

വീട്ടിൽ മുറിക്കകത്തു തന്നെ കുത്തിയിരിക്കാതെ ഈ സമയം മുറ്റത്തെ പൂന്തോട്ടത്തിലും പറമ്പിലും ഒകെ ഇറങ്ങി നടക്കാം. അത് കുറച്ചു ശുദ്ധവായു ശ്വസിക്കാൻ സഹായിക്കും. കുട്ടികളെയും കൂട്ടി ചെറിയ പൂന്തോട്ടങ്ങൾ നിർമ്മിക്കുന്നതും മറ്റും മനസികോല്ലാസത്തിനു വഴിയൊരുക്കും.  ഈ പ്രത്യേക സഹചര്യത്തിൽ വീടിനു കോംബൗണ്ടിനു പുറത്തേയ്ക്കു പോകേണ്ട.

9. ഓരോ ദിവസവും ഓരോ ചലഞ്ച്
  നേരത്തെ പ്ലാന്‍ ചെയ്ത് ഓരോ ദിവസവും ഓരോ കാര്യത്തിനായി മാറ്റി വയ്ക്കണം.  ‘ ലോക്ക് ഡൗൺ ചലഞ്ച്’ എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം.   ബൈബിളിലെ ഓരോ പുസ്തകം (നിശ്ചിത അദ്ധ്യായങ്ങള്‍) ഓരോ ദിവസവും വായിക്കുക, ചില നല്ല സിനിമകള്‍ കാണുക, കുടുംബത്തില്‍ നിന്ന് മരിച്ചു പോയവരെ ഓര്‍ക്കുക/ അവരെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവൈക്കുക/ അവര്‍ക്കായി പ്രാര്‍ത്ഥിക്കുക, അങ്ങനെ പല പല കാര്യങ്ങള്‍.
അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഈ കാലത്തെയും നമുക്ക് ധീരതയോടെ മറികടക്കാം.