ദൈവഹിതം തിരിച്ചറിയുന്നതെങ്ങനെ?

എങ്ങനെയാണ് ദൈവഹിതം തിരിച്ചറിയുക? പലരും ചോദിക്കുന്ന ചോദ്യമാണിത്. ആദ്യം, സ്വന്തം ഹിതം തിരിച്ചറിയുക. ഇത് വളരെ എളുപ്പമാണ്. രണ്ടാമത്, സാത്താന്‍ ഒരു പ്രവൃത്തിയില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നത് എന്നു നോക്കുക. ശേഷം സാത്താന്റെ ഹിതമോ നമ്മുടെ ഹിതമോ വകവയ്ക്കാതെ ദൈവത്തിന്റെ സ്വരത്തിനായി കാതോര്‍ക്കുക. ദൈവവചനത്തിന്റെയും ആത്മീയവ്യക്തികളുടെയും സഹായം തേടുക. നമ്മുടെ ഹിതത്തെ ബലിപീഠത്തില്‍ ഒരു കാഴ്ചവസ്തു പോലെ സമര്‍പ്പിക്കുക. സ്വന്തം ആഗ്രഹങ്ങളെയും വികാരങ്ങളെയും അടക്കിവയ്ക്കാതെ ദൈവഹിതം തെളിഞ്ഞുവരില്ല. അല്ലാത്തപക്ഷം സ്വന്തം ഹിതം ദൈവഹിതമായി തെറ്റിദ്ധരിക്കാനിടയാകും.

ചോദിക്കുന്നവന് കൊടുക്കുക, അപഹരിക്കുന്നവനോട് തിരികെ ചോദിക്കരുത്, അടിക്കുന്നവന് മറുചെവിട് കാട്ടിക്കൊടുക്കണം. ഇതൊക്കെ വചനം വെളിപ്പെടുത്തുന്ന ദൈവഹിതങ്ങളാണ്. ‘സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും അവിടുത്തെ ഹിതം നിറവേറണമേ’ എന്നാണ് പ്രാര്‍ത്ഥന.

സ്വര്‍ഗത്തെക്കുറിച്ച് ചിന്തിക്കുക. അവിടെ മാലാഖമാരും വിശുദ്ധരുമുണ്ട്. ആരോടും ദൈവം ഒന്നും വിളിച്ചുപറയുന്നില്ല. അതു ചെയ്യുക, ഇതു ചെയ്യരുത് എന്ന നിര്‍ദ്ദേശങ്ങളൊന്നും അവിടെയില്ല. നന്മ ചെയ്യാനുള്ള വ്യഗ്രതയും തീക്ഷ്ണതയും ദൈവഹിതമാണ്. അതുകൊണ്ട് നന്മ ചെയ്യുവാനുള്ള തീക്ഷ്ണതയാല്‍ നാം നിറയണം. അതുവഴി ദൈവഹിതം തിരിച്ചറിയുകയും ചെയ്യണം.