പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും ഭയപ്പെട്ടു ജീവിക്കുന്നവര്‍ അറഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്രാര്‍ത്ഥിക്കുവാനും ആത്മീയമായി വളരുവാനും അനുകൂലമായ സാഹചര്യമില്ലാത്തത് ഓര്‍ത്ത് വിഷമിക്കുന്നവരും പ്രലോഭനങ്ങള്‍ ഉള്ളതിനാല്‍ വിശുദ്ധിയില്‍ വളരാനാകില്ലെന്ന് ധരിച്ചിരിക്കുന്നവരും ധാരാളമുണ്ട്. അത്തരക്കാര്‍ മനസിലാക്കിയിരിക്കേണ്ട ചിലതുണ്ട്.

പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും ഈ ലോകജീവിതത്തില്‍ എപ്പോഴും ഉണ്ടാകാം. സാഹചര്യങ്ങള്‍ നമുക്ക് അനുകൂലമല്ലാതെ വരികയും സ്വാഭാവികമാണ്. ഒരു വിശ്വാസി, സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും ഭയപ്പെടരുത്. തിരമാലകള്‍ക്കു മുകളിലൂടെ നടന്നവന്‍ കൂടെയുണ്ടെങ്കില്‍ തിരകളെ നോക്കി നാം എന്തിന് ഭയപ്പെടണം?

“ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ; ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈ കൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യാ 41:10) എന്നരുളിയ തമ്പുരാനില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നാം എന്തിന് പ്രശ്‌നങ്ങളോര്‍ത്ത് ദുര്‍ബലചിത്തരാകണം?

”ഞാന്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയോ അവഗണിക്കുകയോ ഇല്ല” (ഹെബ്രാ.13:5) എന്ന് വാക്ക് തന്നവന്‍ വിശ്വസ്തനാകയാല്‍ നാം എന്തിന് സംഭ്രാന്തരാകണം? ഭാവിയെ ഓര്‍ത്ത് പേടിക്കരുത്; പ്രതിബന്ധങ്ങളുടെ മുന്നില്‍ പതറുകയും ചെയ്യരുത്. എല്ലാം ശരിയാകാന്‍ വേണ്ടി കാത്തിരിക്കരുത്. കാരണം, കാലം ആര്‍ക്കു വേണ്ടിയും കാത്തിരിക്കാറില്ല. നന്മ ചെയ്യാനും പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങള്‍ പാഴാക്കുന്നത് ഭോഷത്തമാണ്. ഇതാണ് സുപ്രധാനകാലം. ”ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു” (ഏശയ്യാ 60:1).

ഇങ്ങനെ പ്രാര്‍ത്ഥിക്കാം… “കര്‍ത്താവേ, ആയുസ് കടന്നുപോകുന്നത് ഞങ്ങള്‍ അറിയുന്നില്ല. ക്ഷമിക്കാനും സ്‌നേഹിക്കാനും നന്മ ചെയ്യാനും അദ്ധ്വാനിക്കാനും ഇപ്പോള്‍ ഞങ്ങള്‍ തയ്യാറാകുന്നില്ലെങ്കില്‍ നാളെ അവസരം കിട്ടണമെന്നില്ല എന്ന ബോധ്യം ഞങ്ങള്‍ക്കു നല്കണമേ. ജീവിതം ഉയര്‍ത്തുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും മുകളിലൂടെ ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ, ആമ്മേന്‍.”