പുതിയ ആരാധനാക്രമ വർഷം കുടുംബത്തോടൊപ്പം ആചരിക്കാൻ ഒരു വഴികാട്ടി

ഒരു പുതിയ ആരാധനാക്രമ വർഷത്തിലേക്കു നാം കടക്കുകയാണ്. നമ്മുടെ ആത്മീയ ജീവിതത്തിൽ ആരാധനാക്രമ വർഷത്തിന് വളരെ പ്രാധാന്യം ഉണ്ട്. ആയതിനാൽ ആഗമനകാലത്തോടെ ഒരു പുതിയ വർഷത്തിലേക്കു കടക്കുമ്പോൾ കുടുംബത്തോടൊപ്പം എങ്ങനെ നമുക്ക് ആഘോഷിക്കാം എന്ന് നോക്കാം.

ആരാധനാക്രമ വത്സര കലണ്ടർ മുറിയിൽ പ്രദർശിപ്പിക്കാം

ആരാധനാക്രമ വത്സര കലണ്ടർ മുറിൽ പ്രദർശിപ്പിക്കുന്നത് കാലങ്ങൾ ഒരുക്കുവാനും അതിന്റെ ചൈതന്യത്തിൽ ജീവിക്കുവാനും നമ്മെ സഹായിക്കും. കൂടാതെ ഓരോ ആരാധനാക്രമ കാലത്തിലെയും പ്രധാന ദിവസങ്ങൾ ഒരുക്കുവാനും ആ ദിവസങ്ങളുടെ പ്രാധാന്യം അനുസ്‌മരിക്കുവാനും  കുടുംബമൊന്നിച്ച് ആചരിക്കുവാനും കലണ്ടർ കാരണമാകും. കുട്ടികൾക്കും ഈ കലണ്ടറിന്റെയും അതിലെ പ്രത്യേക ദിനങ്ങളുടെയും അർത്ഥങ്ങളും അവ ആചരിക്കേണ്ടതിന്റെ ആവശ്യകതയും പറഞ്ഞു കൊടുക്കാം. കൂടാതെ അതാതു ദിവസങ്ങളിൽ വായിക്കുന്ന വായനകൾ നമ്മുടെ വീടുകളിലെ കുടുംബപ്രാർത്ഥനയിലും ഉപയോഗിക്കാം. അങ്ങനെ സഭയോട് ചേർന്ന് നമുക്ക് ജീവിക്കാം.

പ്രധാനപ്പെട്ട ദിവസങ്ങൾ ആചരിക്കാം

തിരുസഭ കൽപ്പിക്കുന്ന പ്രധാനപ്പെട്ട തിരുനാളുകളും കടമുള്ള തിരുനാളുകളും ആഘോഷിക്കുന്നതിലൂടെ ആരാധനക്രമം വത്സരത്തിന്റെ ആചരണം നമുക്ക് സാധ്യമാക്കാം. കടമുള്ള ദിവസങ്ങൾ, തിരുനാളുകൾ തുടങ്ങിയവ തിരിച്ചറിഞ്ഞു ആ ദിവസം കുടുംബം ഒന്നിച്ചു വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദൈവാലയങ്ങളിൽ പോകുവാൻ സാധിക്കുന്നില്ല എങ്കിൽ ഓൺലൈൻ വിശുദ്ധ കുർബാനയിലും മറ്റും ഭക്തിപൂർവ്വം പങ്കെടുക്കാം. കുട്ടികളെയും ഈ ശീലങ്ങൾ സ്വായത്വമാക്കുവാൻ പരിശീലിപ്പിക്കാം.

കാലങ്ങളുടെ ചൈതന്യത്തിൽ ജീവിക്കാം

ആരാധനാക്രമ വത്സരത്തിലെ ഓരോ കാലങ്ങളും നമ്മുടെ ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കുന്നു. ഓരോ കാലവും ഓരോ വിഷയങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ആ കാലങ്ങളുടെ ചൈതന്യത്തെ കുറിച്ച് കുടുംബാംഗങ്ങളെ ഓർമിപ്പിക്കുകയും ആ ചൈതന്യത്തിൽ വളരുവാൻ പ്രേരിപ്പിക്കുകയും ചെയ്യാം. ചെറിയ കുട്ടികൾ ഉള്ള കുടുംബങ്ങൾ ആണെങ്കിൽ കുട്ടികൾക്ക് അവർക്കു മനസിലാകുന്ന വിധത്തിൽ പറഞ്ഞു കൊടുക്കുവാൻ മാതാപിതാക്കൾക്ക് കഴിയണം.

ഇത്തരത്തിൽ ആരാധനാക്രമത്തോട് ചേര്‍ന്ന ഒരു ജീവിതം നാം നയിക്കുകയാണെങ്കിൽ അതിനു അർത്ഥം നാം സഭയോടൊപ്പം ജീവിക്കുകയാണ് എന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.