അഫ്ഗാനിസ്ഥാനിൽ ആദ്യ ക്രിസ്ത്യൻ ചാനൽ സംപ്രേക്ഷണം ആരംഭിച്ചു

അഫ്ഗാനിസ്ഥാനിലെ കർശനമായ താലിബാൻ നിയന്ത്രണങ്ങളെ അതിജീവിച്ച് രാജ്യത്തെ ആദ്യത്തെ ക്രിസ്തീയ ഉപഗ്രഹ ടെലിവിഷൻ ചാനലായ ‘മോജ്ദ ടിവി’ (Mozhda TV) സംപ്രേക്ഷണം ആരംഭിച്ചു. ഒക്ടോബർ 24-നാണ് ചാനൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്.

അഫ്ഗാനിസ്ഥാനിലെ വിവിധ ഭാഷകളിൽ ക്രിസ്തീയ പരിപാടികളും സുവിശേഷ സന്ദേശങ്ങളും എത്തിക്കുകയാണ് ചാനലിന്റെ ലക്ഷ്യം. ദാരി (Dari), പഷ്തു (Pashto) ഭാഷകളിൽ സംപ്രേക്ഷണം ആരംഭിച്ച ചാനൽ, വരും ദിവസങ്ങളിൽ ഹസാരാഗി, ഉസ്ബെക്, തുർക്മെൻ, ബലൂചി തുടങ്ങിയ മറ്റ് പ്രാദേശിക ഭാഷകളിലേക്കും പരിപാടികൾ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. സ്ത്രീകൾക്ക് ഉപകാരപ്രദമായ പ്രത്യേക പരിപാടികളും ആരോഗ്യപരമായ വിഷയങ്ങളും വിദ്യാഭ്യാസ ഉള്ളടക്കങ്ങളും ചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021-ൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം അഫ്ഗാനിസ്ഥാനിൽ ക്രിസ്തീയ പ്രവർത്തനങ്ങളും വസ്തുക്കളും പൂർണ്ണമായി നിരോധിക്കപ്പെടുകയും നിരവധി ക്രൈസ്തവർ രാജ്യം വിട്ടുപോകാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. താലിബാൻ രാജ്യത്തെ നിയന്ത്രിക്കുന്നുണ്ടെങ്കിലും സാറ്റലൈറ്റ് സംപ്രേക്ഷണങ്ങളെ തടയാൻ കഴിയില്ലെന്നും, രാജ്യത്ത് ഭൂഗർഭ സഭകളുടെ ഭാഗമായി ആയിരക്കണക്കിന് ക്രൈസ്തവർ രഹസ്യമായി ജീവിക്കുന്നുണ്ടെന്നും ചാനലിന്റെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.