ജപമാല ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുവാന്‍ കുഞ്ഞുങ്ങളെ എങ്ങനെ സഹായിക്കാം…?

  മെയ് മാസം മാതാവിന്റെ മാസമായാണ് അറിയപ്പെടുന്നത്. കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഇത് അവധിക്കാലമാണ്. പഠനത്തിന്റെ തിരക്കുകളില്‍ നിന്ന് അകന്നിരിക്കുന്ന ഈ സമയം കുട്ടികളെ മാതാവിനോടുള്ള ഭക്തിയില്‍ വളര്‍ത്തുവാന്‍ അനുയോജ്യമായ ഒന്നാണ്. ജപമാല, മാതാവിലൂടെ ഈശോയിലേയ്ക്ക് എത്തുന്ന ഒരു പ്രാര്‍ത്ഥനയാണ്. പിശാചിന്റെ തന്ത്രങ്ങള്‍ക്കെതിരായുള്ള ഏറ്റവും വലിയ ആയുധം.

  ഈ അവധി ദിവസങ്ങളില്‍, ജപമാല പ്രാര്‍ത്ഥന ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുവാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാം. അതിനായി മാതാപിതാക്കള്‍ക്കുള്ള ഏതാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാ:

  1. കാത്തിരിക്കാം

  കൊച്ചുകുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞാല്‍ ഒന്നും മനസിലാകില്ല. എന്നാല്‍, ഒരു മൂന്ന്-നാല് വയസ്സാകുമ്പോള്‍ മുതല്‍ അവരെ ശ്രദ്ധിച്ചുതുടങ്ങാം. കുട്ടികള്‍ എപ്പോഴെങ്കിലും അമ്മേ, എന്തിനാണ് ജപമാല പ്രാര്‍ത്ഥന ചൊല്ലുന്നത് എന്നോ പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിച്ചു തുടങ്ങുമ്പോഴോ മാതാപിതാക്കള്‍ മനസിലാക്കണം കുഞ്ഞുങ്ങള്‍ പ്രാര്‍ത്ഥനയെക്കുറിച്ച് ചിന്തിക്കുവാന്‍ തുടങ്ങി എന്ന്. ആ നിമിഷം മുതല്‍ ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാം.

  2. മാതാവിനെക്കുറിച്ച് പറഞ്ഞുകൊടുക്കാം

  കുട്ടികള്‍ക്ക് ജപമാല പ്രാര്‍ത്ഥനയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതിനു മുമ്പ് മാതാവിനെക്കുറിച്ച് പറഞ്ഞുകൊടുക്കാം. മാതാവിന്റെ ജീവിതത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളുണ്ട്. ചെറിയ കുട്ടികള്‍ക്ക് കഥപുസ്തകങ്ങളും മറ്റും വാങ്ങി നല്‍കാം. മുതിര്‍ന്ന കുട്ടികള്‍ക്ക് കുറച്ചുകൂടി ഗൗരവമായി മാതാവിനെക്കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങള്‍ വാങ്ങി നല്‍കുക. പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കുട്ടികളുടെ പ്രായം കൂടി കണക്കാക്കണം.

  3. സന്ധ്യാപ്രാര്‍ത്ഥനയില്‍ കുട്ടികളുടെ പങ്കാളിത്വം ഉറപ്പാക്കാം

  സന്ധ്യാപ്രാര്‍ത്ഥനയില്‍ സാധാരണഗതിയില്‍ മുതിര്‍ന്നവരാണ് ജപമാല നയിക്കുന്നതെങ്കില്‍ ആ പതിവില്‍ അല്‍പം മാറ്റം കൊണ്ടുവരാം. ഈ അവധിക്കാലം മുതല്‍ കുട്ടികള്‍ ജപമാല പ്രാര്‍ത്ഥന നയിക്കട്ടെ. തുടക്കത്തില്‍ ചില തെറ്റുകളൊക്കെ വന്നേക്കാം. എന്നാലും അവരെ പ്രോത്സാഹിപ്പിക്കുക. പ്രാര്‍ത്ഥനകള്‍ ഒരു നേര്‍ച്ച പോലെ നിറവേറ്റാതെ സമയമെടുത്ത് ഏറ്റവും ഭക്തിപൂര്‍വം ചൊല്ലിക്കുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം.

  4. പതിവാക്കുക

  ഒരു ദിവസം ജപമാല പ്രാര്‍ത്ഥന ഏറ്റവും ഭക്തിപൂര്‍വ്വം ചൊല്ലി, അടുത്ത ദിവസം അലസമായാണ് ചൊല്ലുന്നതെങ്കില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം കുട്ടികളില്‍ ഉണ്ടാവുകയില്ല. ജപമാല ചൊല്ലുവാനായി ഒരു പ്രത്യേകസമയം മാറ്റിവയ്ക്കുക. ഒരു ദിവസം നന്നായി പ്രാര്‍ത്ഥിച്ചിട്ട് അടുത്ത ദിവസം ഇന്ന് വേണ്ട സമയമില്ല എന്ന മനോഭാവം കാണിച്ചാല്‍, ആളുകളുടെ സൗകര്യത്തിനൊത്ത് മാറ്റാവുന്ന ഒരു പ്രാര്‍ത്ഥനയാണ് ഇതെന്ന തെറ്റിദ്ധാരണ കുട്ടികളില്‍ ഉണ്ടാകാം. അത് ഒഴിവാക്കുക. സന്ധ്യാസമയത്തെ പ്രാര്‍ത്ഥന – അത് ഒരു നിഷ്ഠയാക്കാം.

  5. കുട്ടികള്‍ക്ക് മാതൃക നല്‍കാം

  ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞാല്‍ മാത്രം പോരാ. ആ പ്രാധാന്യം ജീവിതം കൊണ്ട് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുക കൂടി വേണം. പ്രാര്‍ത്ഥനയ്ക്കായി നിശ്ചയിച്ചിരിക്കുന്ന സമയം മറ്റ് എന്തൊക്കെ തിരക്കുകളുണ്ടായാലും അതൊക്കെ മാറ്റിവയ്ക്കണം. കഴിയുന്നത്ര ഭക്തിയോടു കൂടെ പ്രാര്‍ത്ഥനാസമയം ആയിരുന്നുകൊണ്ട് കുട്ടികള്‍ക്ക് നല്ല മാതൃക പകരണം. അപ്പോള്‍ നമ്മുടെ ജീവിതത്തിലെ മറ്റെല്ലാ തിരക്കുകളെക്കാളും വലുതാണ് പ്രാര്‍ത്ഥന എന്ന് കുട്ടികള്‍ക്ക് മനസിലാകും. ഒപ്പംതന്നെ മാതാവിനെക്കുറിച്ച് കുട്ടികളോട് പറഞ്ഞുകൊടുക്കുമ്പോള്‍ ആ മാതാവിനെ ജീവിതത്തിലും അനുകരിക്കുവാന്‍ ശ്രമിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ പറയുന്നതെല്ലാം കുട്ടികള്‍ക്കു മുന്നില്‍ പൊള്ളവാക്കുകളായി തീരും.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ