ജനപങ്കാളിത്ത കുർബാന താൽക്കാലികമായി നിർത്തലാക്കിയ സാഹചര്യത്തിൽ ഞായറാഴ്ച ആചരണം എങ്ങനെ പരിശുദ്ധമാക്കാം

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടു മിക്ക രാജ്യങ്ങളിലും വിശുദ്ധ കുർബാന നിർത്തലാക്കിയിരിക്കുകയാണ്. ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ആത്മീയ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് വിശുദ്ധ കുർബാനയ്ക്കുള്ളത്. അതിൽ തന്നെ പ്രാധാന്യമേറിയതാണ് ഞായറാഴ്ച ആചരണവും.

എന്നാൽ ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ ഞായറാഴ്ച കുർബാന മിക്ക ഇടങ്ങളിലും ഒഴിവാക്കിയിരിക്കുകയാണ്. ഇത്തരം ഒരു സാഹചര്യം മുൻപ് നേരിട്ട് പരിചയം ഇല്ലാത്തതിനാൽ ഞായറാഴ്ച വീടുകളിൽ ഇരുന്നു എങ്ങനെ പരിശുദ്ധമായി ആചരിക്കാം എന്ന് പലർക്കും സംശയമാണ്. വീട്ടിലിരുന്നു കൊണ്ട് ഞായറാഴ്ച പരിശുദ്ധമായി ആചരിക്കുന്നതിനു നിങ്ങളെ സഹായിക്കുന്ന ഏതാനും മാർഗ്ഗ നിർദ്ദേശങ്ങൾ ഇതാ:

1. നിശബ്ദമാകാം

വീടുകൾ നമ്മുടെ ലോകമാണ്. നാം സ്വാതന്ത്ര്യത്തോടെ വിഹരിക്കുവാൻ ഇഷ്ടപ്പെടുന്ന സ്ഥലം. നിയന്ത്രണങ്ങൾ ഇല്ലാത്ത സ്ഥലം. അതിനാൽ തന്നെ ശബ്ദവും ബഹളവുമൊക്കെ ഉണ്ടാകും. ഞായറാഴ്ച കുർബാന മുടക്കിയ സാഹചര്യത്തിൽ വീട്ടിൽ ആയിരുന്നുകൊണ്ട് കർത്താവിന്റെ ദിവസം ആചരിക്കുവാൻ ആവശ്യം വേണ്ട ഘടകമാണ് അതിനു വേണ്ട സാഹചര്യം ഒരുക്കുക എന്നത്.

അതിനു ആദ്യം ചെയ്യേണ്ട കാര്യം എല്ലാവരും നിശബ്ദമാവുക എന്നതാണ്. ശബ്ദ കോലാഹലങ്ങൾക്കു നടുവിൽ പ്രാർത്ഥിക്കുവാൻ കഴിയില്ല. അതിനാൽ തന്നെ ശാന്തതയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കാം. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് വീട് വൃത്തിയായി സൂക്ഷിക്കുക എന്നത്. കുറഞ്ഞത് ഒരുമിച്ചു കൂടി പ്രാര്‍ത്ഥനക്കായി തിരഞ്ഞെടുക്കുന്ന മുറി എങ്കിലും വൃത്തിയാക്കി സൂക്ഷിക്കാം.

2. ഒരു ചെറിയ അൾത്താര ക്രമീകരിക്കാം

മനുഷ്യൻ ഇപ്പോഴും ബാഹ്യമായ അടയാളങ്ങളിൽ കൂടിയാണ് പ്രാർത്ഥനയുടെ പൂര്‍ണ്ണതയിലേയ്ക്ക് എത്തുന്നത്. അതിനാൽ പ്രാർത്ഥനയ്ക്ക് മുൻപായി ചെറിയ ഒരു അൾത്താര നമുക്ക് ക്രമീകരിക്കാം. വൃത്തിയായി അലങ്കരിച്ച ഒരു മേശയിൽ തിരികളും വിശുദ്ധ ഗ്രന്ഥവും വെഞ്ചരിച്ച വെള്ളവും വയ്ക്കാം. ഇത് നാം ഇവിടെ കൂടിയിരിക്കുന്നത് പ്രാർത്ഥനയ്ക്കായി ആണ് എന്ന് നമ്മെ ഓർമ്മപ്പെടുത്തും.

പ്രാർത്ഥന തുടങ്ങുന്നതിനു മുൻപ് വെഞ്ചരിച്ച വെള്ളം ഉപയോഗിച്ചു സ്വയം ആശീർവദിക്കുകയും മുറിയിൽ തളിക്കുകയും ചെയ്യാം.

3. പ്രഭാത പ്രാർത്ഥന ചൊല്ലാം

വീട്ടിൽ ആണല്ലോ എന്ന് കരുതി പ്രാർത്ഥനകൾക്ക് മുടക്കം വരുത്തേണ്ട ആവശ്യം ഇല്ല. കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു കൂടി രാവിലെ സപ്രാ ചൊല്ലാം. കുടുംബനാഥൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയാൽ അത് വലിയ ഒരു മാതൃക ആയിരിക്കും.

പ്രാർത്ഥനയുടെ സമയങ്ങളിൽ പൂർണ്ണമായ ശ്രദ്ധയോടും ഭക്തിയോടും കൂടെ ആയിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ. പ്രാർത്ഥനയ്ക്കിടയിൽ കഴിവതും മറ്റു കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുക. ഇനി അത്യാവശ്യമായ ഏതെങ്കിലും കാര്യം ഉണ്ടെങ്കിൽ മറ്റുള്ളവരെ ശല്യപ്പെടുത്താതെ അത് കൈകാര്യം ചെയ്യുക.

4. ഓൺലൈൻ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം

പ്രഭാതപ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബാനയിൽ ടിവിയിലോ ഇന്റർനെറ്റിന്റെ സഹായത്തോടെയോ പങ്കെടുക്കാം. മറ്റ് ഏതെങ്കിലും പരിപാടികൾ കാണുന്ന ലാഘവത്തോടെ വിശുദ്ധ കുർബാനയെ കാണാതെ ഏറ്റവും ഭക്തിയോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. കഴിവതും നിന്നുകൊണ്ട് ഓൺലൈൻ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. ഒപ്പം തന്നെ കുർബാന പുസ്തകം ഉപയോഗിക്കുന്നത് ശ്രദ്ധയോടും ഭക്തിയോടും കൂടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിന് നമ്മെ സഹായിക്കും.

5. ഞായറാഴ്ചയിലെ വിശുദ്ധ ഗ്രന്ഥഭാഗം വായിക്കാം

ഞായറാഴ്ച വായിക്കുവാനായി നൽകിയിരിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗം വായിക്കുകയും ധ്യാനിക്കുകയും ചെയ്യാം. ഇത് കുടുംബനാഥൻ ചെയ്‌താൽ നന്നായിരിക്കും. വിശുദ്ധ ഗ്രന്ഥം വായിച്ചതിനു ശേഷം കുറച്ചു നേരം മൗനമായിരിക്കാം.

6. കുട്ടികളെ പറഞ്ഞു മനസിലാക്കാം

നമ്മുടെ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർ ഇതിന്റെ പ്രാധാന്യം മനസിലാക്കണം എന്നില്ല. അതിനാൽ അവരെ വിളിച്ചിരുത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. തലേദിവസം രാത്രി കുടുംബപ്രാർത്ഥന കഴിഞ്ഞുള്ള സമയം അതിനായി വിനിയോഗിക്കാം. പ്രാര്‍ത്ഥനാ മുറി വൃത്തിയാക്കുന്നതിനും മറ്റും കുട്ടികളെയും കൂട്ടാം.

7. സന്ധ്യാ പ്രാർത്ഥനയും ഭക്തിനിർഭരം ആക്കാം 

രാവിലെ പ്രാർത്ഥിച്ചതല്ലേ എന്ന് കരുതി സന്ധ്യാ പ്രാർത്ഥന ഒഴിവാക്കേണ്ട. ജപമാല ചൊല്ലി ലോകം മുഴുവൻ രോഗബാധിതരായവർക്കും മരണമടഞ്ഞവർക്കും ആയി പ്രാർത്ഥിക്കാം. ഒപ്പം നമ്മുടെ കുടുംബത്തെയും ബന്ധുമിത്രാദികളെയും ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുവാനും രോഗബാധയിൽ നിന്നും ലോകം മുഴുവനും വിടുതൽ നൽകുവാനും ആത്മാർത്ഥമായി ദൈവത്തോട് യാചിക്കാം.  ഇങ്ങനെ നമ്മുടെ ഞായറാഴ്ചയാചരണം പരിശുദ്ധമാക്കാം.