പകര്‍ച്ചവ്യാധികള്‍ നമ്മെ അലട്ടുമ്പോള്‍ ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാന ആവശ്യമാണോ? എങ്ങനെ പങ്കെടുക്കാം?

ഇന്ന് ലോകം മുഴുവനും കോവിഡ് 19 എന്ന പകര്‍ച്ചവ്യാധിയുടെ ഭീതിയിലാണ്. വേഗം പകരുന്ന രോഗമായതിനാല്‍ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടും ശാസ്ത്രം പരാജയപ്പെട്ട് പോകുന്നു. മനുഷ്യന്‍ നിസഹായനായി പോകുന്ന അവസ്ഥ. ദൈവത്തില്‍ മാത്രമേ ആശ്രയം വയ്ക്കാന്‍ ഉള്ളൂ എന്ന് ഓരോ മനുഷ്യ വ്യക്തിയും തിരിച്ചറിയുന്ന നിമിഷം.

ദേവാലയത്തിലെ ബലിയര്‍പ്പണങ്ങള്‍ രോഗബാധയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും നിറുത്തലാക്കി. എങ്കിലും ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാന ലഭ്യമാണ്. എന്നാല്‍ മുന്‍പരിചയമില്ലാത്ത ഇത്തരം സാഹചര്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട്, എങ്ങനെ ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളണമെന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഇടവകയുമായും സഭയുമായും ബന്ധം നിലനിര്‍ത്തിക്കൊണ്ട്, വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ജീവിതം നയിച്ചുകൊണ്ട് ഈ ദുര്‍ഘടമായ നിമിഷങ്ങളെ അതിജീവിക്കേണ്ടിയിരിക്കുന്നു. കുര്‍ബാനയിലെ ഈശോ നമ്മെ സഹായിക്കുമെന്ന വിശ്വാസം ഇന്ന് അനേകർക്കുണ്ട്. ആ വിശ്വാസത്തെ അണയാതെ കാത്തുസൂക്ഷിക്കുവാന്‍ നമുക്ക് സാധിക്കണം.

നിശബ്ദമായ അന്തരീക്ഷവും ഭക്തി നിറഞ്ഞ മനോഭാവവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന അതേ ഒരുക്കവും ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോഴും നമുക്ക് ഉണ്ടായിരിക്കണം. അപ്പോഴേ ആത്മീയമായി ഈശോയെ സ്വീകരിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. യേശുവിന്‍റെ ശരീരത്തിന്റെയും ആത്മാവിന്റെയും ദൈവത്വത്തിന്റെയും സജീവ സാന്നിധ്യം അവിടെയുണ്ടെന്ന് തിരിച്ചറിയുക. മാനുഷികമായ നമ്മുടെ ശക്തി ക്ഷയിച്ച അവസരമായതിനാല്‍ ദൈവത്തിനായി, അവിടുത്തെ ഇടപെടലുകള്‍ക്കായി ദാഹത്തോടെ പ്രാര്‍ത്ഥിക്കുക.

ഒരു കുടുംബത്തിലുള്ള അംഗങ്ങള്‍, അല്ലെങ്കില്‍ ഒരു സമൂഹം ഒന്നിച്ചു ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് ആണ് കൂടുതല്‍ ഉത്തമം. കാരണം, വിശുദ്ധ കുര്‍ബാന ഒരു കൂട്ടായ്മയുടെ അനുഭവം നമ്മില്‍ പകരുന്ന കൂദാശയാണ്. അത് സ്നേഹത്തിന്‍റെ പ്രകടനമാണ്. കുര്‍ബാനയുടെ ചൈതന്യം അണയാതെ നമുക്ക് കൂടുതല്‍ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാം.

ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും എന്നെ വേര്‍പെടുത്തുവാന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല എന്ന് വിശുദ്ധ പൗലോസ്‌ ശ്ലീഹായെപ്പോലെ നമുക്കും ധൈര്യപൂര്‍വം ഏറ്റുപറയാം. വിശുദ്ധ കുർബാനയിലെ ഈശോ നമ്മെ സഹായിക്കും.