മനുഷ്യക്കടത്തിനിരയായ പെൺകുട്ടികൾക്ക് പുതുജീവനേകുന്ന സന്ന്യാസിനികൾ 

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ ഭയാനകമാണ്.  അമേരിക്കയിൽ നിന്ന് മാത്രം പ്രതിവർഷം മൂന്നുലക്ഷത്തോളം ആളുകളെയാണ് ലൈംഗികാവശ്യങ്ങൾക്കായി  കടത്തിക്കൊണ്ടുപോകുന്നത്. ലൂസിയാന സംസ്ഥാനത്ത് നടന്ന സർവ്വെയിൽ നിന്ന് മനസിലായത് ഇത്തരത്തിൽ ഇരകളാകുന്ന നാൽപ്പത് ശതമാനം പേരും അമ്മ, അച്ഛൻ, സഹോദരൻ, അമ്മാവൻ തുടങ്ങിയ അടുത്ത ബന്ധുക്കൾ വഴിയാണ് ഇരകളാക്കപ്പെടുന്നതെന്നാണ്.

ഇത്തരത്തിൽ താൻ കേട്ടിട്ടും കണ്ടിട്ടുമുള്ള അവിശ്വസനീയമായ സംഭവങ്ങളിൽ നിന്നാണ് ഇരകളാക്കപ്പെട്ടിട്ടുള്ള ഇരുപത്തൊന്ന് വയസിന് താഴെയുള്ള പെണ്‍കുട്ടികൾക്കായി സക്കാരിയിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിലെ പാസ്റ്ററായ ഫാ ജെഫ് ബെയ്ഹി ‘മെറ്റനോയ ഹോം’ എന്ന പേരിൽ ഒരു അഭയകേന്ദ്രം തുടങ്ങിയത്. ഇന്ത്യ, മഡഗാസ്കർ, നൈജീരിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് കന്യാസ്ത്രീമാരാണ് ഇവരുടെ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്നത്.  “സാമൂഹ്യ പ്രവർത്തകരായോ, രോഗീശുശ്രൂഷകരായോ അല്ല അവർ സേവനം ചെയ്യുന്നത്. മറിച്ച് സ്വന്തം അമ്മ എന്ന രീതിയിലാണ് ഈ നാലുപേരും ആ കുട്ടികളെ പരിചരിക്കുന്നത്. അതുകൊണ്ടുതന്നെ അവരവിടെ അതീവ സുരക്ഷിതരുമായിരിക്കും”. ഫാ ബെയ്ഹി പറയുന്നു.

 സ്നേഹിക്കപ്പെടാനും വളരാനും എല്ലാറ്റിനുമുപരി ഈശോയോട് കൂടുതൽ അടുക്കാനും അവർക്ക് സാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിലൻ ആസ്ഥാനമായുള്ള കൺസോലേറ്റ മിഷനറി സന്ന്യാസ സഭാംഗമായ സി. യൂജീനിയ ബോണറ്റിയാണ് ഇങ്ങനെയൊരു ആശയത്തിന് തുടക്കമിട്ടത്. അടിമക്കച്ചവടത്തിനായി കടത്തിക്കൊണ്ടുപോകുന്നവർക്കായിട്ടാണ് അവർ ആദ്യം പ്രവർത്തനം തുടങ്ങിയത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നതിനായി ധാരാളം ആളുകളെ അവർ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മനുഷ്യക്കടത്തിന് ഇരയാകുന്നതിൽ ബഹുഭൂരിപക്ഷവും കുട്ടികളാണ്. അതാകട്ടെ മാതാപിതാക്കളിലാരെങ്കിലും ലഹരിക്കോ മറ്റ് ദുശീലങ്ങൾക്കോ അടിമകളായിട്ടുള്ളവരും. അതേസമയം ഏത് സാഹചര്യത്തിൽ നിന്നുള്ളതാണെങ്കിലും പെൺകുട്ടികളും സ്ത്രീകളും അവരുടെ നോട്ടപ്പുള്ളികളാണ്. പലതരത്തിലുള്ള ഭീഷണികളിലൂടെയാണ് അവർ ഇരകളെ വശത്താക്കുന്നത്. ഇരകളാക്കപ്പെടുകയും മോചിക്കപ്പെടുകയും ചെയ്തവർക്ക് പിന്നീട് വേണ്ടത് സുരക്ഷിതമായൊരിടമാണ്. സ്വയം വെറുത്തുതുടങ്ങിയ അവർക്ക് വീണ്ടും സാധാരണ മനുഷ്യൻ എന്ന ചിന്തയിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഒരുക്കികൊടുക്കേണ്ടത്. അതാണ് മേൽസൂചിപ്പിച്ച നാല് സന്ന്യാസിനികൾ ചെയ്യുന്നത്. അവർ മാറിമാറി ഈ പെൺകുട്ടികൾക്കുവേണ്ടി  അക്ഷീണം പ്രവർത്തിക്കുകയാണ്. ഡോക്ടർമാർ, നേഴ്സുമാർ, അധ്യാപകർ, കൗൺസിലർമാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരുടെ ഒരു വലിയ നിരയുമുണ്ട് ഈ സന്ന്യാസിനിമാരുടെ പ്രവർത്തനങ്ങൾക്ക് സഹായമായി.

സ്വഭാവത്തിൽ സ്ഥിരതയും ആത്മവിശ്വാസവും സർവ്വോപരി ദൈവവിശ്വാസവും ആ കുട്ടികളിൽ വളർത്തുക എന്നതാണ് തങ്ങളുടെ ശുശ്രൂഷയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നാണ് ഈ സന്ന്യാസിനികൾ പറയുന്നത്. ഇവരുടെ ശുശ്രൂഷകൾക്ക് സമാന്തരമായി കത്തോലിക്കാ സഭയുടെയും ഗവൺമെന്റിന്റെയും നേതൃത്വത്തിൽ മനുഷ്യക്കടത്ത് എന്ന തിന്മയെ ഉന്മൂലനം ചെയ്യാനും ചെറുക്കാനുമുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.