സ്വർഗ്ഗത്തിന് അവകാശിയാവുക എന്നത് നിസ്സാര കാര്യമല്ല…

ബിനീഷ് പാമ്പക്കല്‍

ഫെബ്രുവരി 10- 1928, മെക്സിക്കോയിലെ സാഹുവായോ പട്ടണത്തിന്റെ വീഥികളിലൂടെ, കാൽപാദങ്ങളുടെ അടിഭാഗം മുറിച്ചുമാറ്റപ്പെട്ട അവസ്ഥയിൽ, രക്തത്തിൽ കുളിച്ച്, 14 വയസുള്ള ഒരു ബാലൻ, സിമിത്തേരിയെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്നു. ചുറ്റും കൂടി നിന്ന പട്ടാളക്കാർ ഇടയ്ക്കിടെ വടിവാൾ കൊണ്ട് ആ ബാലനെ വെട്ടി മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. വേദനകൊണ്ട് പുളഞ്ഞ അവൻ അലറിക്കരഞ്ഞെങ്കിലും തളർന്നില്ല. “രാജാവായ യേശു ക്രിസ്തു മരിക്കട്ടെ” എന്ന് നീ പറഞ്ഞാൽ നിന്നെ ഞങ്ങൾ വിട്ടയക്കാം എന്ന് പട്ടാളക്കാർ പറഞ്ഞതിനോട് അവന്റെ മറുപടി ഇതായിരുന്നു
‍‍‍‍‍‍ ‍‍
“ഒരിക്കലുമില്ല. ക്രിസ്തുരാജൻ നീണാൾ വാഴട്ടെ…”
‍‍‍‍‍‍ ‍‍
കണ്ടു നിന്നവരിൽ ഒരാൾ പറഞ്ഞു: “ഞാൻ വിലാപങ്ങളോ പരാതികളോ കേട്ടില്ല. പകരം എല്ലാം സമ്മതത്തോടെ ഏറ്റുവാങ്ങുന്ന ഹൊസെയുടെ ശബ്ദം മാത്രം കേട്ടു. സിമിത്തേരിയിലേക്ക് നീളുന്ന വീഥിയുടെ കവാടമായ ആർഗൈയിൽ രക്തത്താൽ കുതിർന്ന കുഞ്ഞു കാൽപ്പാടുകൾ കണ്ടു. അവരവനെ സിമിത്തേരിയിൽ കൊണ്ടു വന്നു വെട്ടി മുറിവേൽപ്പിച്ച്, വെടിവെച്ച് കൊന്നു..”
‍‍‍‍‍‍ ‍‍
സിമിത്തേരിയുടെ കവാടത്തിൽ എത്തിയപ്പോൾ പട്ടാളക്കാർ അവനെ പലപ്രാവശ്യം കുത്തി. ഓരോ ആഘാതം ഏറ്റപ്പോഴും “ക്രിസ്തുരാജൻ നീണാൾ വാഴട്ടെ! ഗ്വാഡലൂപ്പയിലെ മറിയം നീണാൾ വാഴട്ടെ!” എന്നവൻ ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. അവസാനം പട്ടാളക്കാരുടെ നേതാവ് അവന്റെ തലയിലേക്ക് രണ്ടു തവണ നിറയൊഴിച്ചു. രാത്രി 11:30 ന് ആ ബാലന്റെ മൃതദേഹം അവർ ഒരു ചെറിയ കല്ലറയിലിട്ട് മണ്ണ് കൊണ്ട് മൂടി.
‍‍‍‍‍‍ ‍‍
ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബാലനായ ഹോസെ സാഞ്ചസ് ഡെൽ റിയോയ്ക്ക് മെക്സിക്കൻ ഭരണാധികാരികളാൽ ഏൽക്കേണ്ടി വന്ന പീഡനങ്ങളാണ് ഇതെല്ലാം. 1926 – 29 കാലയളവിൽ നടന്ന ക്രിസ്റ്ററോ യുദ്ധത്തിൽ പങ്കെടുക്കവേയാണ് ഹൊസെയെ മെക്സിക്കൻ പട്ടാളം പിടികൂടുന്നത്.
‍‍‍‍‍‍ ‍‍
1913, മാർച്ച് 28ന്, മെക്സിക്കോയിലെ സാഹുവയോയിൽ ജനിച്ച ഹൊസെ, 1926ൽ ക്രിസ്റ്ററോ യുദ്ധത്തിൽ മെക്സിക്കൻ സർക്കാരിനെതിരെ യുദ്ധത്തിൽ പങ്കെടുക്കാൻ പോയ സഹോദരങ്ങളുടെ കൂടെ പോകാൻ ആഗ്രഹിച്ചുവെങ്കിലും അമ്മ അനുവദിച്ചില്ല. മെക്സിക്കൻ ഭരണഘടനയിൽ പുതുതായി കൂട്ടിച്ചേർത്ത മതവിരുദ്ധ സംഹിതകളുടെ മറവിൽ മതസ്വാത്രന്ത്യം നിഷേധിക്കുവാനും, സഭയുടെ സ്വത്തുക്കൾ കണ്ടുകെട്ടുവാനും, സഭയുടെ അവകാശങ്ങൾ നിഷേധിക്കുവാനും മെക്സിക്കൻ സർക്കാർ നടത്തിയ നീക്കങ്ങൾക്കെതിരെ വിശ്വാസികൾ നടത്തിയ യുദ്ധമായിരുന്നു ക്രിസ്റ്ററോ യുദ്ധം.
‍‍‍‍‍‍ ‍‍
1924ൽ ഭരണമേറ്റ പ്രസിഡന്റ് പ്ലൂട്ടാർക്കോ എലിയാസ് കല്ലെസ് റോമൻ കത്തോലിക്കാ സഭയെ പ്രധാനമായും ഉന്നം വെച്ചു നടത്തിയ പ്രവർത്തനങ്ങൾ മൂലം ധാരാളം കത്തോലിക്കാ പള്ളികൾ പിടിച്ചെടുക്കപ്പെടുകയും, സ്കൂളുകൾ പൂട്ടുകയും, ധാരാളം പേര്‍ ക്രിസ്തുമതം ഉപേക്ഷിക്കുകയും ചെയ്തു. അനേകം സന്യസ്തരെ നാട് കടത്തുകയോ പലരും ഒളിവിൽ പോവുകയോ ചെയ്തു.
‍‍‍‍‍‍ ‍‍
ഈ അടിച്ചമർത്തലിനെതിരെ നടന്ന യുദ്ധത്തിൽ പങ്കെടുക്കാനുള്ള ഹൊസെയുടെ ആഗ്രഹം റിബലുകളുടെ നേതാവായ പ്രുഡൻസിയോ മെൻഡോസ ആദ്യം നിരസിച്ചെങ്കിലും, യേശു ക്രിസ്തുവിനു വേണ്ടി സ്വന്തം ജീവിതം അർപ്പിക്കുവാനും അതുവഴി സ്വർഗ്ഗത്തിൽ എത്തണമെന്നുമുള്ള അവന്റെ വാശിക്ക് മുൻപിൽ തോറ്റ് അവനെ അവസാനം ആ ട്രൂപ്പിന്റെ പതാകവാഹകനായി നിയമിച്ചു. 1925 ജനുവരി 25ന് നടന്ന ഏറ്റുമുട്ടലിൽ ജനറലിന്റെ കുതിര കൊല്ലപ്പെട്ടതിനെ തുടർന്ന് തന്റെ കുതിരയെ ജനറലിന് കൊടുത്തിട്ട് ഒളിച്ചിരുന്ന് തന്റെ കയ്യിലുള്ള തോക്കിലെ ഉണ്ടകൾ തീരും വരെ പോരാടി.
‍‍‍‍‍‍ ‍‍
പട്ടാളക്കാർ പിടികൂടിയ ഹൊസെയെ അവർ അടുത്തുള്ള പള്ളിയിലെ മുറിയിൽ തടവിലാക്കി. യാദൃശ്ചികമെന്നു പറയട്ടെ, അവനെ മാമ്മോദീസാ മുക്കിയ പള്ളി, സെന്റ്. ജെയിംസ് പള്ളിയിൽ, തന്നെയായിരുന്നു അവർ അവനെ തടവിലാക്കിയത്. രണ്ടാഴ്ച്ച കാലത്തോളം അവനെ തടവിലിട്ട് പീഡിപ്പിച്ച് ക്രൈസ്തവ വിശ്വാസം ത്യജിക്കണമെന്നു നിർബന്ധിച്ചിട്ടും അവൻ തന്റെ വിശ്വാസത്തിൽ നിന്നും അണുവിട പിന്മാറിയില്ല. അവസാനം അവന്റെ മാമ്മോദീസയ്ക്ക് തലതൊട്ടപ്പനായിരുന്ന ആൾ തന്നെ അവനെ വധിക്കാൻ ഉത്തരവിടുകയായിരുന്നു.
‍‍‍‍‍‍ ‍‍
തടവിൽ ആയിരുന്ന കാലത്ത് ഹോസെ അമ്മയ്ക്ക് എഴുതിയ കത്തിൽ പറഞ്ഞത് “എന്റെ മരണത്തെക്കുറിച്ച് ഓർത്ത് സങ്കടപ്പെടരുത്. കാരണം അതെനിക്ക് സഹനം പ്രദാനം ചെയ്യും. ധൈര്യമായിരുന്ന് എനിക്ക് നിന്റെയും പിതാവിന്റെയും അനുഗ്രഹങ്ങൾ തരിക..”
‍‍‍‍‍‍ ‍‍
അധികാരികൾ അവനു പല വാഗ്ദാനങ്ങളും നൽകിയെങ്കിലും അവൻ എല്ലാം നിരസിക്കുകയാണ് ചെയ്തത്. ഒരു പതിനാലു വയസ്സുകാരനെ ഏതെല്ലാം രീതിയിൽ പ്രലോഭിപ്പിക്കാമോ അതെല്ലാം അധികാരികൾ ശ്രമിച്ച് നോക്കിയെങ്കിലും ക്രൈസ്തവ വിശ്വാസവും, ക്രിസ്തുരാജനോടുള്ള സ്നേഹവും, സ്വർഗ്ഗത്തിലെത്തണമെന്ന ഉറച്ച തീരുമാനവും മൂലം അവൻ തള്ളിക്കളയുകയായിരുന്നു.
‍‍‍‍‍‍ ‍‍
1996 മെയ് 1ആം തിയതി സാമോറ എന്ന സ്ഥലത്ത് ആരംഭിച്ച ഹൊസെയുടെ വിശുദ്ധീകരണ നടപടികളുടെ ഭാഗമായി 1996, ഒക്ടോബർ 25ന് ദൈവദാസനായി നാമകരണം ചെയ്യപ്പെട്ടു. 2002 നവംബറിൽ വിശുദ്ധനാക്കുന്ന നടപടികളിലെ രണ്ടാം പടിയായ പൊസിഷിയോയ്ക്ക് വേണ്ട കാര്യക്രമങ്ങൾ തുടങ്ങി 2003ൽ അധികാരികൾക്ക് സമർപ്പിച്ചു. 2004 ജൂൺ 22ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇവ അംഗീകരിച്ച്, 2005 നവംബർ 20ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
‍‍‍‍‍‍ ‍‍
2008-2009 കാലയളവിൽ, ഡോക്ടർമാർ യാതൊരു പ്രതീക്ഷയുമില്ലെന്നു പറഞ്ഞ് തള്ളിക്കളഞ്ഞ ഒരു കുഞ്ഞ് വാഴ്ത്തപ്പെട്ട ഹൊസെയുടെ മദ്ധ്യസ്ഥതയാൽ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ച് വന്നതിനെ പ്രാദേശികമായി നടന്ന അന്വേഷണം 2015 ജനുവരി 30ന് അംഗീകരിച്ചു. ഇതിനെത്തുടർന്ന് മെഡിക്കൽ ബോർഡും ദൈവശാസ്ത്ര പണ്ഡിതരും ഇതിനെക്കുറിച്ച് പഠിച്ച് തങ്ങളുടെ യോജിപ്പും അനുമതിയും രേഖപ്പെടുത്തി. ഫ്രാൻസിസ് മാർപാപ്പ 2015 ൽ ഇതിനെ അംഗീകരിക്കുകയും 2016 ഒക്ടോബർ 16 ന് ഹൊസെയെ റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
‍‍‍‍‍‍ ‍‍
പതിനാലാമത്തെ വയസ്സിൽ യേശു ക്രിസ്തുവിനു വേണ്ടി പീഡകൾ സഹിച്ച് സ്വന്തം ജീവൻ വരെ ത്യജിച്ച ആ വിശുദ്ധ ബാലന്റെ മനോധൈര്യവും ആത്‌മീയ വിശുദ്ധിയും നമ്മെ ഏതൊരു പ്രതിസന്ധിയിലും കർത്താവിന്റെ നാമം പ്രകീർത്തിക്കാൻ കൂടുതൽ ശക്തരാക്കട്ടെ…

ബിനീഷ് പാമ്പക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.