ക്രൈസ്തവ വിശ്വാസിയെ കൊല്ലുന്ന കുട്ടി തീവ്രവാദി: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

നൈജീരിയയിൽ ക്രൈസ്തവ വിശ്വാസിയെ എട്ടു വയസ്സുള്ള കുട്ടി തീവ്രവാദി വെടിവെച്ചു കൊല്ലുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമമായ അമാഖ് ന്യൂസ് ഏജൻസിയാണ് ദൃശ്യം പുറത്തുവിട്ടത്.

ഏതാണ്ട് എട്ടു വയസ്സു മാത്രം പ്രായം തോന്നിക്കുന്ന, ക്രൂരകൃത്യം ചെയ്യുന്ന ഈ ബാലൻ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദ സംഘടനയിലെ അംഗമാണ്. ജിഹാദി സംഘടനകളുടെ വിവരങ്ങൾ ശേഖരിക്കുന്ന സൈറ്റ് ഇൻറലിജൻസ് ഗ്രൂപ്പാണ് വീഡിയോയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ ഒഴുക്കിയ ചോരയ്ക്ക് പ്രതികാരം ചെയ്യാതെ തങ്ങൾ ക്രൈസ്തവരെ കൊല്ലുന്നത് അവസാനിപ്പിക്കില്ലെന്ന് ബാലൻ വീഡിയോയിൽ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വടക്കു കിഴക്കൻ നൈജീരിയയിൽ ചിത്രീകരിച്ച വീഡിയോയാണ് ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടിരിക്കുന്നതെന്ന് സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പിന്റെ അധ്യക്ഷ റീത്താ കാറ്റ്സ് വെളിപ്പെടുത്തി. വീഡിയോയിലെ ബാലൻ, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസിന്റെ അംഗമാണെന്നും അവർ കൂട്ടിച്ചേർത്തു.