ദുഃഖശനി പ്രസംഗം

പുതിയ വെളിച്ചവും പുതിയ ജലവും നമുക്കായി ഒരുക്കുന്ന ദിനമാണിന്ന്. പഴയതില്‍ നിന്ന് പരിപൂര്‍ണ്ണമായി മാറാനുള്ള ഒരു ദിവസം. പുതിയ ആകാശത്തിലേക്കും പുതിയ ഭൂമിയിലേക്കും ഈശോ പ്രവേശിക്കുന്നു എന്നത് നമുക്ക് ഏറ്റവും ആനന്ദം പ്രദാനം ചെയ്യുന്ന കാര്യമാണ്. പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള ഒരു ദിനം. ദുഃഖശനി എന്നത് പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള കരുത്ത് മനുഷ്യര്‍ക്ക് പ്രദാനം ചെയ്യുന്ന ദിനമാണ്. ഏത് സഹനത്തിനും സങ്കടത്തിനും രോഗത്തിനും പ്രശ്‌നത്തിനും ദുരിതത്തിനും ദൈവത്തിന്റെ മുമ്പില്‍ ഒരു പ്രതിവിധി ഉണ്ടെന്നും അവിടുന്ന് നമ്മുടെ ജീവിതത്തില്‍ എല്ലാം നന്മയ്ക്കായി ക്രമീകരിക്കുമെന്നും ഉറച്ച് വിശ്വസിക്കേണ്ട ദിനമാണിന്ന്.

യേശുവിന്റെ കുരിശുമരണത്തോടെ ശിഷ്യന്മാര്‍ നിരാശയിലാണ്ടുപോയി എന്ന് നമുക്കറിയാം. തങ്ങളുടെ പഴയ ജോലിയിലേയ്ക്ക് പിന്മാറാന്‍ പോലും പലരും തീരുമാനിച്ചതായും നമ്മള്‍ സുവിശേഷങ്ങളില്‍ വായിക്കുന്നുണ്ട്. പക്ഷെ, യേശു മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്തു എന്ന അറിവില്‍, അവര്‍ എല്ലാ നിരാശയില്‍ നിന്നും കരേറുകയാണ്. പ്രതീക്ഷയുടെ പുതുവസന്തത്തിലേയ്ക്ക് അവര്‍ പ്രവേശിക്കുന്നു. പിന്നീടുള്ള ശിഷ്യരുടെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും അത് വ്യക്തമാണുതാനും. അവരുടെ പ്രസംഗങ്ങളും മാനസാന്തരപ്പെടുത്തലുകളും സുവിശേഷം പ്രചരിപ്പിക്കുന്നതിനായുള്ള യാത്രകളും അതിന്റെ ഉത്തമമായ തെളിവുകളാണ്. ഉത്ഥിതനെ കണ്ടവന് പിന്നീട് നിരാശയുണ്ടാകുന്നില്ല. അവന്‍ പ്രതീക്ഷയിലാണ് – പ്രത്യാശയിലാണ് എപ്പോഴും.

നമ്മുടെ ജീവിതത്തിന്റെയും ഏറ്റവും വലിയ പ്രതീക്ഷയായിരിക്കേണ്ടത് ഉത്ഥിതനായ യേശുവാണ്. സത്യത്തില്‍ സങ്കടങ്ങളാലും കഷ്ടപ്പാടുകളാലും ആശയറ്റ സാഹചര്യങ്ങളാലും ചിതറിക്കപ്പെട്ടവരാണ് നമ്മള്‍ പലപ്പോഴും. ഭൂമിയില്‍ നം കാണുന്ന പ്രതീക്ഷയുടെ പ്രതീകങ്ങളൊക്കെ ക്ഷണികങ്ങളാണെന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. വിരിഞ്ഞുനില്‍ക്കുന്ന പുഷ്പം വാടുന്നതും പിന്നെ കൊഴിയുന്നതും നാം കാണുന്നു. ചിരിച്ചു നില്‍ക്കുന്ന കുട്ടിയുടെ മുഖം മങ്ങുന്നതും പിന്നെ അവന്‍ കരയുന്നതും നാം കാണുന്നു. അവയൊന്നും നിത്യമായ പ്രത്യാശ നല്‍കുന്നില്ല എന്ന് അപ്പോള്‍ മാത്രമാണ് നമ്മള്‍ മനസ്സിലാക്കുന്നത്. ഉത്ഥിതന്‍ മാത്രമാണ് ശാശ്വതമായ പ്രതീക്ഷ നല്‍കി മനുഷ്യകുലത്തെ മുമ്പോട്ടു കൊണ്ടുപോകുന്നത്.

നമുക്കൊക്കെ എത്രയോ സങ്കടങ്ങളുണ്ട്. ഒരിക്കലും വീട്ടാന്‍ പറ്റില്ല എന്നു വിചാരിക്കുന്ന കടങ്ങളുടെ കടലായിരിക്കും ചിലര്‍. എന്നും അസാധാരണമാണല്ലോ എന്റെ വീട്ടില്‍ എന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്റെ മക്കള്‍ വിദ്യാഭ്യാസത്തില്‍ പിന്നോക്കമാണല്ലോ എന്ന് പരിതപിക്കുന്ന മാതാപിതാക്കളേറെയുണ്ട്. എന്റെ അപ്പന്‍ എന്നും മദ്യപിക്കുമെന്ന് വിലപിക്കുന്ന മക്കളും ഹൃദയം തകര്‍ന്നു ജീവിക്കുന്ന ഭാര്യമാരുമുണ്ട്. എന്നും രോഗവും കഷ്ടപ്പാടും തന്നെയാണല്ലോ എന്നുപറഞ്ഞ് കണ്ണീരൊഴുക്കുന്നവരുണ്ട്. ഇങ്ങനെയുള്ളവര്‍ നമുക്കിടയിലുണ്ട്. ഇങ്ങനെയുള്ളവര്‍ നമ്മള്‍ തന്നെയാണ്. അതിനാല്‍ നമുക്കാണ് ഉത്ഥിതനെക്കൊണ്ട് ഏറെയാവശ്യം. കാരണം, അവന്‍ പ്രത്യാശ നല്‍കുന്ന ഏറ്റവും വലിയ അടയാളവും വ്യക്തിയുമാണ്. ഏത് പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ. അതാണ് ഉത്ഥിതനായ ഈശോയെ ഓര്‍ക്കുമ്പോള്‍ നമുക്കുമുണ്ടാവേണ്ടത്.

ഒരു ചൈനീസ് പഴമൊഴിയില്‍ പറയുന്നു: ‘പോകാന്‍ ഒരിടം, കാത്തിരിക്കാന്‍ ഒരാള്‍, ഇത്രയമുണ്ടെങ്കില്‍ ജീവിതം സഫലമായി’ എന്ന്. സത്യത്തില്‍, ഈസ്റ്റര്‍ ഈ ഒരു പ്രതീക്ഷയാണ് നമുക്ക് നല്‍കുന്നത് – പോകാന്‍ ഒരിടം, കാത്തിരിക്കാന്‍ ഒരാള്‍, നമുക്കിത് രണ്ടും ഒന്നാണ്. ഒരാളാണ് – ക്രിസ്തു. നമുക്ക് പോകാന്‍ അവന്റെ സന്നിധി, അവിടെ അവന്‍ നമുക്കായി കാത്തിരിക്കുന്നുണ്ട്.