പരിശുദ്ധാത്മാവിനോടുള്ള നൊവേന – ഒന്‍പതാം ദിവസം

പരിശുദ്ധാരൂപിയുടെ ഭാഗ്യമേറിയ സാന്നിധ്യവും നമ്മുടെ ചുമതലയും

‘ദൈവത്തിന്റെ അരൂപി നിങ്ങളില്‍ വസിക്കുന്നു’ (1 കൊറി. 3:16).

പ്രതിഷ്ഠാജപം

പരിശുദ്ധ ത്രീത്വത്തിന്റെ മൂന്നാമാളും പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നവനും എല്ലാത്തിലും അവര്‍ക്ക് തുല്യനും സത്യത്തിന്റെയും സ്‌നേഹത്തിന്റെയും അരൂപിയുമായ പരിശുദ്ധാത്മാവേ, എത്രയും വലിയ എളിമ-വണക്കങ്ങളോടു കൂടി അങ്ങയെ ഞാന്‍ ആരാധിക്കുന്നു. മാലാഖമാരില്‍ നിന്നും പരിശുദ്ധന്മാരില്‍ നിന്നും നീ കൈക്കൊള്ളുന്ന സ്തുതിയാരാധനകളോട് എന്റേതിനെയും ചേര്‍ത്ത് നിന്നെ ഞാന്‍ വാഴ്ത്തുന്നു. നീ ലോകത്തിനു നല്‍കിയതും നിരന്തരം നല്‍കിവരുന്നതുമായ എല്ലാ മനോഗുണങ്ങളെപ്രതിയും ഹൃദയപൂര്‍വ്വം നിനക്ക് ഞാന്‍ സ്‌തോത്രം ചൊല്ലുന്നു.

എന്റെ ഓര്‍മ്മ, ബുദ്ധി, മനസ്, ഹൃദയം മുതലായി എനിക്കുള്ളതെല്ലാം ഇന്നും എന്നേയ്ക്കുമായി നിനക്ക് ഞാന്‍ കാഴ്ച വയ്ക്കുന്നു. എന്റെ പൂര്‍ണ്ണഹൃദയത്തോടു കൂടി നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. എല്ലാ നന്മകളുടെയും ദാനങ്ങളുടെയും കാരണഭൂതനാകുന്ന നീ, നിന്റെ എല്ലാ വരപ്രസാദങ്ങളോടും കൂടി എന്നെ സന്ദര്‍ശിക്കേണമെ. നിന്റെ സ്വര്‍ഗ്ഗീയപ്രേരണകള്‍ക്കും നീ ഭരിച്ചുനടത്തുന്ന വിശുദ്ധ സഭയുടെ ഉപദേശങ്ങള്‍ക്കും എന്റെ മനസ് എപ്പോഴും അനുസരണയുള്ളതായിരിക്കേണമെ. ദൈവസ്‌നേഹത്താലും പരസ്‌നേഹത്താലും എന്റെ ഹൃദയം എപ്പോഴും എരിയട്ടെ. ദൈവതിരുമനസ്സിനോട് എന്റെ മനസ് എല്ലാക്കാര്യങ്ങളിലും അനുരൂപമായിരിക്കട്ടെ.

എന്റെ ജീവിതം മുഴുവനും ഈശോമിശിഹായുടെ ജീവിതത്തിന്റെയും പുണ്യങ്ങളുടെയും വിശ്വസ്ത അനുകരണമായിരിക്കട്ടെ. എന്റെ അന്തസ്സിന്റെ കടങ്ങള്‍ നിറവേറ്റുവാനുള്ള വശങ്ങളും പുണ്യങ്ങളും നീ എനിക്ക് തരേണമെ. വിശ്വാസവും ശരണവും ഉപവിയും എന്നില്‍ വര്‍ദ്ധിപ്പിക്കേണമെ. നല്ല വ്യാപരത്തിനുള്ള പ്രധാന പുണ്യങ്ങളും നിന്റെ ഏഴ് ദിവ്യദാനങ്ങളും പന്ത്രണ്ട് ഫലങ്ങളും എനിക്ക് നീ നല്‍കേണമെ. ഞാന്‍ പരീക്ഷയില്‍ ഉള്‍പ്പെടുവാന്‍ ഒരുനാളും നീ അനുവദിക്കല്ലേ. പിന്നെയോ, ഇന്ദ്രിയങ്ങള്‍ക്ക് ജാഞാനപ്രകാശം കൊടുത്ത്, ഹൃദയത്തില്‍ സ്‌നേഹം ചിന്തി, ശരീരബലഹീനതയെ നിത്യശക്തിയാല്‍ ബലപ്പെടുത്തേണമെ. ശത്രുവിനെ ദൂരെയകറ്റി, സമാധാനം നല്‍കി, എനിക്ക് വഴികാട്ടിയായിരുന്ന്, സകല തിന്മകളില്‍ നിന്നും ഞാന്‍ ഒഴിയുവാന്‍ കൃപ ചെയ്യേണമെ.

ഈ അനുഗ്രഹങ്ങള്‍ക്കെല്ലാം എനിക്കും ആര്‍ക്കെല്ലാം വേണ്ടി ഞാന്‍ അപേക്ഷിക്കാന്‍ നീ തിരുമനസ്സായിരിക്കുന്നുവോ അവര്‍ക്കും നീ നല്‍കിയരുളേണമെ. നീ വഴിയായി പിതാവിനെയും പുത്രനെയും അവരിരുവരും വഴിയായി അരൂപിയായ നിന്നെയും ഞങ്ങള്‍ അറിഞ്ഞ് സ്‌നേഹിച്ച് ഇപ്പോഴും എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് സ്‌തോത്രം പാടുവാന്‍ നീ അനുഗ്രഹം ചെയ്യേണമെയെന്ന് ഞങ്ങളുടെ കര്‍ത്താവീശോമിശിഹായെ കുറിച്ച് അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.