കുരുക്കഴിക്കുന്ന മാതാവിനോടുള്ള അതിശക്തമായ പ്രാര്‍ത്ഥന രൂപംകൊള്ളാന്‍ ഇടയായ സംഭവം

പരിശുദ്ധ ദൈവമാതാവ് വഴിയായി ദൈവത്തിനു സമര്‍പ്പിക്കുന്ന ഒരു പ്രാര്‍ത്ഥനയും വിഫലമാവുകയില്ലെന്ന് നമുക്ക് അറിവുള്ളതാണ്. മാതാവിനോട് മാദ്ധ്യസ്ഥ്യം യാചിക്കാവുന്ന നിരവധി പ്രാര്‍ത്ഥനകളും നമുക്ക് പരിചിതമാണ്. ഇത്തരത്തില്‍ മാതാവിനോട് സഹായം ചോദിക്കാവുന്ന അതിശക്തമായ ഒരു പ്രാര്‍ത്ഥനയാണ് കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന.

ജീവിതത്തിലെ ഏത് കുരുക്കുകള്‍ അഴിക്കുന്നതിനും ഈ പ്രാര്‍ത്ഥനയിലൂടെ മാതാവിന്റെ മാദ്ധ്യസ്ഥ്യം തേടമെങ്കിലും മുന്നൂറിലധികം വര്‍ഷങ്ങളായി പ്രചാരത്തിലുള്ള പ്രാര്‍ത്ഥന കൂടുതലായും ഉപയോഗിച്ചുവരുന്നത് ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ്. അതിന് കാരണവുമുണ്ട്. ഈ പ്രാര്‍ത്ഥനയുടെ രൂപീകരണത്തിന് ഇടയാക്കിയത് അത്തരമൊരു പ്രശ്‌നമായിരുന്നു.

ജര്‍മ്മന്‍കാരനായ വോള്‍ഫ്ഗാങും വൈദികനായ ജേക്കബ് റെമുമാണ് ഇതിലെ കഥാപാത്രങ്ങള്‍. വോള്‍ഫിന്റെ കുടുംബജീവിതം ചില പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന സമയമായിരുന്നു അത്. ജീവിതപങ്കാളി സോഫിയുമായിട്ടുള്ള പ്രശ്‌നങ്ങളായിരുന്നു അവ. വോള്‍ഫ് ഇവയെല്ലാം ഫാ. ജേക്കബിനോട് പങ്കുവയ്ക്കുകയും ഇരുവരും ഈ പ്രത്യേകനിയോഗത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഒരുദിവസം വോള്‍ഫിന്റെ വെഡിങ് റിബണെടുത്ത് വൈദികന്‍ മാതാവിന്റെ ചിത്രത്തില്‍ ചേര്‍ത്തുവച്ച് ഇങ്ങനെ പ്രാര്‍ത്ഥിച്ചുവത്രെ, വോള്‍ഫ് ഗാങ്ങിന്റെ ദാമ്പത്യപ്രശ്‌നങ്ങളുടെ കെട്ടുകള്‍ അഴിയട്ടെ. അതിനുശേഷം അവര്‍ നോക്കിയപ്പോള്‍ റിബണ്‍ തൂവെള്ള നിറത്തിലായി. അതിനുശേഷം വോള്‍ഫിന്റെയും സോഫിയുടെയും ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടുപോവുകയും ചെയ്തു. ഇതില്‍ നിന്നാണ് ദാമ്പത്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തിയുള്ള പ്രാര്‍ത്ഥനയായി കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന മാറിയത്.

ആ പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുന്നു…

കന്യകാമറിയമേ, സ്‌നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കര്‍മ്മനിരതമാകുന്ന കൈകളുമുള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാല്‍ കടാക്ഷിക്കണമേ. നിന്റെ കൈകള്‍ക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലലോ. കരുത്തറ്റ മാതാവേ, നിന്റെ കൃപയാല്‍ നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്റെ മാദ്ധ്യസ്ഥ്യശക്തിയാലും ഈ കുരുക്ക് നീ കൈയ്യിലെടുക്കണമേ. ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയേണമേ. അമ്മേ, എന്റെ ഈ അപേക്ഷ കേള്‍ക്കേണമേ. വഴി നടത്തേണമേ. സംരക്ഷിക്കണമേ. ആമ്മേന്‍.