വിവിധ പ്രത്യക്ഷപ്പെടലുകളില്‍ പരിശുദ്ധ മറിയം നല്‍കിയിട്ടുള്ള സന്ദേശങ്ങള്‍

വിവിധയിടങ്ങളില്‍ വിവിധ കാലങ്ങളില്‍ സ്വര്‍ഗത്തിന്റെ പ്രതിനിധിയായി ദൈവത്തില്‍ നിന്നുള്ള സന്ദേശവുമായി പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെടുക ഉണ്ടായിട്ടുണ്ട്. അത്തരം പ്രത്യക്ഷപ്പെടലുകളില്‍ മറിയം പങ്കുവച്ചിട്ടുള്ള സന്ദേശങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് ശ്രദ്ധിക്കാം…

പരിഹാരം ചെയ്യുക! പരിഹാരം ചെയ്യുക! പരിഹാരം ചെയ്യുക! പാപികള്‍ക്കു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. പാപികള്‍ക്കു വേണ്ടിയുളള പരിഹാരപ്രവൃത്തിയായി നിലം ചുംബിക്കുക (ലൂര്‍ദ്ദില്‍ വി. ബെര്‍ണദീത്തായ്ക്ക് നല്‍കിയ സന്ദേശം).

പ്രാര്‍ത്ഥിക്കുക. വളരെയേറെ പ്രാര്‍ത്ഥിക്കുക. പരിത്യാഗം അനുഷ്ഠിക്കുക. ആരും പ്രാര്‍ത്ഥിക്കാനും പരിത്യാഗം അനുഷ്ഠിക്കാനും ഇല്ലാത്തതിനാല്‍ അനേകം ആത്മാക്കള്‍ നരകത്തില്‍ പോകുന്നു (മാതാവ് ഫാത്തിമായില്‍ നല്‍കിയ സന്ദേശം).

ഞാന്‍ ദരിദ്രരുടെ കന്യാമറിയമാണ് (ബാനെക്‌സിലെ മാതാവ് മരിയെറ്റ് ബെക്കോയോട് പറഞ്ഞത്).

നിന്റെ അമ്മയായ ഞാന്‍ ഇവിടെയില്ലേ? നീ എന്റെ നിഴലിലും സംരക്ഷണത്തിലുമല്ലേ? എന്റെ കരവലയത്തിലല്ലേ? ഇനിയും നിനക്ക് എന്താണ് ആവശ്യം? (ഗ്വാഡലൂപ്പെയിലെ മാതാവ് വി. ജുവാന്‍ ഡിയേഗോയോട് അരുളിയത്).

പാവപ്പെട്ട പാപികളെ രക്ഷക്കുവാന്‍ വേണ്ടി എന്റെ വിമലഹൃദയഭക്തി ലോകമെമ്പാടും പടരുവാന്‍ ദൈവം ആഗ്രഹിക്കുന്നു (ഫാത്തിമായില്‍ വച്ച് മാതാവ് അരുളിച്ചെയ്തത്).

ജനം കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കുന്നില്ല. ഞായറാഴ്ചകളില്‍ പോലും അവര്‍ വിശ്രമമില്ലാതെ തൊഴില്‍ ചെയ്യുന്നു. വൃദ്ധകള്‍ മാത്രമാണ് കുര്‍ബാനയ്ക്കു പോകുന്നത്. മഞ്ഞുകാലത്ത് മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ മതത്തെ നിന്ദിക്കാന്‍ അവര്‍ പള്ളിയില്‍ പോകുന്നു. തപസ്സുകാലം അവഗണിക്കപ്പെടുന്നു. പുരുഷന്മാര്‍ ആണയിടുകയും കര്‍ത്താവിന്റെ നാമത്തെ നിന്ദിക്കുകയും ചെയ്യുന്നു. ഈ അനുസരണക്കേടും ദൈവകല്‍പനയുടെ ലംഘനവുമാണ് എന്റെ മകന്റെ കരം നിങ്ങളുടെ മേല്‍ കഠിനമാകാന്‍ കാരണം (മാതാവ് ലാ സലെറ്റില്‍ പറഞ്ഞത്).

ഞാന്‍ നിങ്ങളുടെ കരുണ നിറഞ്ഞ അമ്മയാണ്. എന്നെ സ്‌നേഹിക്കുകയും എന്നെ വിളിച്ചു കരയുകയും എന്നില്‍ പ്രത്യാശ വയ്ക്കുകയും ചെയ്യുന്ന എല്ലാവരുടെയും അമ്മ. ഞാന്‍ അവരുടെ നിലവിളികളും സങ്കടങ്ങളും കേള്‍ക്കും. അവരുടെ ആവശ്യങ്ങള്‍ക്കും ദൗര്‍ഭാഗ്യങ്ങള്‍ക്കും കാതു കൊടുക്കും. കേള്‍ക്കൂ. അത് നിങ്ങളുടെ ഹൃദയം പിളര്‍ക്കട്ടെ (ഗ്വാ‍ഡലൂപ്പെയില്‍ വച്ച് മാതാവ് ജുവാന്‍ ഡിയേഗോയോട് പറഞ്ഞത്).