ഈശോയുടെ അമ്മ എന്റെയും അമ്മ

റോസിന പീറ്റി

പരിശുദ്ധ അമ്മ എല്ലാവിധ പുണ്യങ്ങളാലും സുകൃതങ്ങളാലും അലങ്കൃത ആയിരുന്നു എന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം. ആരാലും അറിയപ്പെടാതെ ഇരുന്ന നസ്രത്തിലെ കന്യകയെ ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തുന്നത് പരിശുദ്ധാത്മാവ് ആണ്. ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വാക്കുപോലെ എന്നില്‍ ഭവിക്കട്ടെ എന്ന് ഏറ്റുപറഞ്ഞ് ദൈവഹിതത്തിനു വിധേയപ്പെട്ട നിമിഷംമുതല്‍, ദൈവഹിതത്തോട് സഹകരിക്കുവാന്‍ അവളുടെ ആയുധങ്ങള്‍ അനുസരണം, വിശ്വാസം ,ജ്വലിക്കുന്ന ഉപവി എന്നിവ ആയിരുന്നു.

ഓര്‍ക്കണം, ദൈവവചനം ഉദരത്തില്‍ മാംസം ധരിച്ച കന്യകയായ മറിയം അവളുടെ ഉത്കണ്ഠകളും സമൂഹത്തില്‍ അവള്‍ക്ക് അനുഭവപ്പെടുന്ന തിക്താനുഭവങ്ങളും ഒറ്റപ്പെടലുകളും എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു തുടങ്ങി. തിരുവചനങ്ങളിലും പ്രാര്‍ത്ഥനകളിലും പ്രവാചകന്മാരുടെ പ്രവചനങ്ങളിലും ഒക്കെയായി അവള്‍ കേട്ടതും സ്വപ്നം കണ്ടതും ആയ ദൈവം അവളുടെ ഉദരത്തില്‍ ഒതുങ്ങിയപ്പോള്‍ അവള്‍ക്കുണ്ടായ ആധിയും അതോടൊപ്പം ആത്മ നിര്‍വൃതിയും ഹൃദയത്തിന്റെ ഉള്ളറകളില്‍ ഒതുക്കി ദൈവഹിതത്തോട് ഉള്‍ച്ചേരാന്‍ അവള്‍ ദാസിയുടെ താഴ്മയില്‍ നിലകൊണ്ടു.

ഉല്പത്തി മുതലുള്ള വചന ഭാഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട, എന്നാല്‍ ഏശയ്യാ ദര്‍ശിച്ച, ഹോമം ചെയ്യപ്പെടേണ്ട ബലി വസ്തുവാണ് തന്റെ ഉദരത്തില്‍ എന്ന് വ്യക്തമായി അറിയാമായിരുന്ന ഒരു അമ്മ, അവള്‍ക്ക് എങ്ങനെയാണ് ഈ ചിന്തകള്‍ പേറി സ്വസ്ഥമായി ഉറങ്ങാന്‍ ആവുക? അതും അവള്‍ ദൈവത്തോട് ചേര്‍ത്തുവച്ച് നിശബ്ദമായി അവളുടെ കര്‍മ്മപദങ്ങളിലേക്ക് നീങ്ങുകയാണ്. ഞാനെന്ന വ്യക്തിയെ മറന്ന് ക്രിസ്തുവെ ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടല്ലേ എല്ലാം അവള്‍ക്ക് ഹൃദയത്തില്‍ സ്വീകരിക്കാന്‍ പറ്റിയത്?

ഇമ്മാനുവലിന് പിറക്കാന്‍ ഇടമില്ലാതെ കാലിക്കൂട്ടില്‍ ജന്മം കൊടുത്തപ്പോള്‍ മുതല്‍, ഈജിപ്തിലേക്കുള്ള പലായനം വീണ്ടും പേര് എഴുതാനുള്ള പുറപ്പാട്, ശിശുവിനെ ദേവാലയത്തില്‍ കാഴ്ച വെക്കുമ്പോള്‍ ശിമയോന്റെ പ്രവചനം ഒക്കെ അവളില്‍ ഹൃദയവ്യഥ തീര്‍ത്തു എങ്കിലും അവള്‍ നിശബ്ദത കൈവെടിഞ്ഞില്ല. കാനായിലെ കല്യാണ വിരുന്നിലെ ഇല്ലായ്മയിലും ക്രിസ്തുവിലേക്ക് വിരല്‍ചൂണ്ടുന്ന ഉപകരണം മാത്രമായി അവള്‍ മാറി.

ഉദരത്തില്‍ ക്രിസ്തുവിന്റെ ഹൃദയതാളം അനുഭവിച്ചിരുന്ന അവള്‍ കാല്‍വരിയോളവും ആ സ്‌നേഹത്തെ ചേര്‍ന്ന് അനുഗമിച്ചിരുന്നു. കുരിശില്‍ പുത്രന്‍ പിളര്‍ക്കപ്പെട്ടപ്പോള്‍ കുരിശില്‍ ചുവട്ടില്‍ നിന്ന അമ്മ ഹോറെബ് മലയിലെ മുള്‍പ്പടര്‍പ്പുപോലെ എരിഞ്ഞു നിന്ന് പിതാവിന്റെ ഹിതത്തിനു ആമേന്‍ പറഞ്ഞു. കാല്‍വരിയിലെ നെറുകയില്‍ പുത്രന്റെ മൃതമായ ശരീരം മടിയില്‍ ഏറ്റുവാങ്ങുന്ന അവളുടെ ഹൃദയത്തില്‍ ഇടിത്തീ പോലെ പെയ്തിറങ്ങിയ ദുഃഖങ്ങളും രക്ഷാകര പദ്ധതിയോട് അവള്‍ വിനയപൂര്‍വ്വം ചേര്‍ത്തുവച്ചു.

ദൈവ കരുണയാല്‍ തിരഞ്ഞെടുക്കപ്പെട്ടതാണ് തന്റെ ഈ കൊച്ചു ജീവിതം എന്ന് അവള്‍ തിരിച്ചറിഞ്ഞിരുന്നു. ജീവിതത്തിലെ ഓരോ അനുഭവങ്ങളിലും സംയമനത്തോടെ അവയൊക്കെ സ്വീകരിക്കാന്‍ അനുഗ്രഹം ആയി മാറിയത് അവളുടെ ദാസി മനോഭാവം തന്നെയാണ്. നമ്മള്‍ എന്തോ ആണെന്ന് നമ്മള്‍ നമ്മെ തന്നെ ധരിച്ചുവച്ചിരിക്കുന്നത് കൊണ്ടല്ലേ പല ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ മുമ്പിലും നമ്മള്‍ രോഷാകുലരും പരാതിക്കാരും ഒക്കെ ആയി മാറുന്നത്. നമ്മുടെയൊക്കെ ഈ കൊച്ചു ജീവിതം ദൈവത്തിന്റെ ദാനമാണ് എന്നും ദൈവത്തിന്റെ കരുണയുടെ അടയാളമാണ് എന്റെ നിലനില്‍പ്പെന്നും മനസ്സിലാക്കിയാല്‍ പിന്നെ നമ്മില്‍ എന്താണ് അഹങ്കരിക്കാന്‍ ഉണ്ടാവുക?

അപ്പോള്‍ ആത്മസംയമനത്തോടെ നമ്മള്‍ക്കും പ്രതിസന്ധികളെ കൈകാര്യം ചെയ്യാനാവും. ബലഹീനതയില്‍ അവന്റെ ശക്തി പ്രകടമാകും എന്നത് ഉറപ്പാണ് .അത് അവന്‍ തന്ന ഉറപ്പാണ്. മറിയത്തെ പോലെ കുടുംബത്തിലും സമൂഹത്തിലും ആഘോഷങ്ങളിലും ഒക്കെ പിന്നോട്ട് മാറിനിന്ന് ക്രിസ്തുവിനെ ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മുക്കും ആവണം. അമ്മയുടെ ദൈവഹിതം നിറവേറട്ടെ എന്ന അനുദിന പ്രാര്‍ത്ഥനയില്‍ നിന്നാവണം പുത്രനും ഗത്സമേനിയില്‍ രക്തം പൊടിഞ്ഞ പ്രാര്‍ത്ഥനയില്‍ അമ്മയുടെ പ്രാര്‍ത്ഥന കൂട്ടിച്ചേര്‍ത്തത്, എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടം എന്നില്‍ നിറവേറട്ടെ എന്ന്.

അമ്മയുടെ ആത്മസംയമനത്തില്‍ നിന്ന് പഠിച്ചിട്ടാവണം പുത്രനും , ജീവിതവഴിയില്‍ ,നിനക്ക് പിശാച് ഉണ്ട് എന്ന് മറ്റുള്ളവര്‍ പരിഹസിക്കുമ്പോഴും , പീലാത്തോസിന്റെ മുന്‍പില്‍ കുറ്റം ആരോപിക്കപ്പെട്ടപ്പോഴും, കൂടെ നടന്നവന്‍ ഒറ്റകൊടുത്തപ്പോഴും പത്രോസ്, അറിയില്ല എന്ന് തള്ളി പറഞ്ഞപ്പോഴും ക്രിസ്തുവും ഒക്കെ ഹൃദയത്തില്‍ സംഗ്രഹിച്ച്, പിതാവിന്റെ ഹിതം നിറവേറ്റുവാന്‍ പ്രാപ്തനായി മാറിയത് . നമുക്കും അമ്മയോട് പ്രാര്‍ത്ഥിക്കാം, അമ്മ കാട്ടിത്തന്ന മാതൃക അനുകരിക്കാന്‍, ജീവിതത്തിലെ ഉയര്‍ച്ചയിലും താഴ്ചയിലും, സുഖങ്ങളിലും ദുഃഖങ്ങളും ദൈവഹിതത്തിനു ചേര്‍ന്ന് സംയമനം ഉള്ളവര്‍ ആയിരിക്കാം. സ്വര്‍ഗ്ഗത്തിലെ അമ്മെ ഈശോയില്‍ എത്തിച്ചേരുവാന്‍ ഞങ്ങളുടെ വഴികളില്‍ അമ്മ കൂട്ടായിരിക്കെണമേ .

റോസിന പീറ്റി