വലന്‍സിയ കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന കാസ, ഈശോ ഉപയോഗിച്ചിരുന്നത്

സ്പെയിനിലെ വലന്‍സിയ കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന കാസ, അന്ത്യഅത്താഴ വേളയില്‍ ഈശോ ഉപയോഗിച്ചതായിരുന്നെന്ന് സ്ഥിരീകരിച്ച് ചരിത്രകാരന്മാര്‍. സ്പാനിഷ് കലാ-ചരിത്രവിദഗ്ധനായ അനമാഫി ഗ്രേഷ്യേ നടത്തിയ ഗവേഷണത്തിലാണ് കാസയുടെ ആധികാരികതയ്ക്ക് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.

വിശുദ്ധ കുര്‍ബാനയുടെ സ്ഥാപനവേളയില്‍ യേശു ഉപയോഗിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ കാസ, മതപീഡനകാലത്ത് സ്പെയിനില്‍ എത്തിച്ചതായാണ് കരുതപ്പെടുന്നത്. പല ഘട്ടങ്ങളിലായാണ് കാസ, സ്പെയിനില്‍ എത്തിയത്. പത്രോസ് ആണ് കാസ റോമില്‍ എത്തിച്ചത്. തുടര്‍ന്ന് തന്റെ പിന്‍ഗാമികളായ മാര്‍പാപ്പാമാര്‍ക്ക് അദ്ദേഹം ഇത് കൈമാറി. സിക്റ്റസ് അഞ്ചാമന്‍ പാപ്പായുടെ കാലത്തുണ്ടായ മതപീഡനത്തില്‍ കാസ, വിശുദ്ധ ലോറന്‍സിന്റെ കൈവശം ഏല്‍പ്പിക്കുകയും സുരക്ഷിതമായി സ്പെയിനില്‍ എത്തിക്കുകയുമായിരുന്നു.

അനമാഫി നടത്തിയ ഗവേഷണത്തില്‍ വിശുദ്ധനാട്ടില്‍ മാത്രം കണ്ടുവരുന്ന ഒരുതരം കല്ല് കൊണ്ടാണ് കാസയുടെ കപ്പ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് വ്യക്തമായിരുന്നു. യഹൂദ മതാചാരങ്ങളില്‍ ഉപയോഗിക്കുംവിധമുള്ള കാസയാണ് ഇതെന്നും അതിനാല്‍ തന്നെ ഇത് ഈശോയുടെ കാലഘട്ടത്തില്‍ ഉള്ളതാണെന്നും ഗ്രേഷ്യേ ഉറപ്പിക്കുന്നു.