കൊളംബോയിലെ മരിയൻ ദേവാലയം ഇനി വിശുദ്ധ സ്ഥലം

മരിയൻ ദേവാലയത്തെ വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ചു ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന. മാന്നാര്‍ രൂപതയിലെ മധുവിലുള്ള ഔര്‍ ലേഡി ഓഫ് മധു എന്ന ദേവാലയത്തെ ആണ് പ്രസിഡന്റ് വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 29-ന് പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് ഈ മരിയന്‍ ദേവാലയം വിശുദ്ധ സ്ഥലമായി പ്രഖ്യാപിച്ചു കൊണ്ടുള്ള രേഖയിൽ ഒപ്പുവെച്ചത്.

ശ്രീലങ്കയിലെ ഏറ്റവും പഴയ ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നായ ഔർ ലേഡി ഓഫ് മധു 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ചതാണ്. നാനാജാതി മതസ്ഥരായ ആയിരകണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ഈ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് എല്‍.ടി.ടി.ഇയുമായുള്ള യുദ്ധവും അവഗണനയും മൂലം തീർത്ഥാടകർ എത്താതിരുന്ന ഈ ദേവാലയം കഴിഞ്ഞ ജൂലൈ മാസത്തിൽ പ്രസിഡണ്ട് സന്ദര്‍ശിക്കുകയും, ഇതൊരു വിശുദ്ധ സ്ഥലമായി പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതേ തുടർന്നാണ് ഈ പ്രഖ്യാപനം ഉണ്ടായത്.

രൂപതയുടെ വികാരി ജെനറലായ ഫാ. വിക്ടര്‍ സൂസൈ, ടൂറിസം ആന്‍ഡ്‌ ക്രിസ്ത്യന്‍ റിലീജിയസ് അഫയേഴ്സ് മന്ത്രി ജോണ്‍ അമരതുംഗ തുടങ്ങിയ പ്രമുഖരും നിരവധി വൈദികരും ദേവാലയത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങില്‍ സന്നിഹിതരായിരുന്നു.