അധ്യാപകദിനത്തില്‍ ഈ മാഷ് തന്നെ ഹീറോ

    ജയ്മോന്‍ കുമരകം

    തമിഴ്‌നാട്,തിരുവള്ളൂര്‍ സ്വദേശിയായ ജി. ഭഗവാൻ എന്ന അധ്യാപകനെ വിദ്യാർത്ഥികൾ സ്നേഹിച്ചു മറ്റാരെയുംകാൾ! ഒരു അധ്യാപകന്‍ എങ്ങനെ ജനമനസില്‍ ഇടം പിടിക്കുന്നു എന്നുള്ളതന്റെ നല്ല പാഠമായി ആ സംഭവം ജയ്‌മോൻ കുമരകം എഴുതുന്നു.

    അധ്യാപനം എന്നത് തൊഴില്‍ മാത്രമല്ല. അതൊരു ആത്മസമര്‍പ്പണമാണ്. അധ്യാപന് ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കാന്‍ കഴിയും. ഇതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ആ സംഭവം. സ്ഥലം മാറിപ്പോവുന്ന അധ്യാപകനെ കണ്ണീരോടെ കുട്ടികള്‍ തടഞ്ഞുവെക്കുന്നൊരു വീഡിയോ ഇന്നും അധ്യാപകരെയും കുട്ടികളെയും ഒരുപാട് ആകര്‍ഷിക്കുന്നതാണ്.

    തമിഴ്‌നാട്,തിരുവള്ളൂര്‍ സ്വദേശിയായ ജി. ഭഗവാനായിരുന്നു അധ്യാപകന്‍.
    വിദ്യാര്‍ത്ഥികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം. തങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അധ്യാപകന്റെ സ്ഥലം മാറ്റഓര്‍ഡര്‍ കിട്ടിയതിനെ തുടര്‍ന്ന് സ്‌കൂള്‍ മൗനത്തിലായി. എന്നാല്‍ സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് കിട്ടിയാല്‍ മാറിപ്പോകാതിരിക്കാന്‍ തരമില്ലല്ലോ.  അതിനാല്‍ അദ്ദേഹം വേദനയോടെയാണെങ്കിലും പടിയിറങ്ങാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് അദ്ദേഹത്തെ തടയുകയായിരുന്നു.

    അവരെല്ലാം പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഗേറ്റിനരികിലേക്ക് നടന്നു നീങ്ങിയ അധ്യാപകനെ കുട്ടികള്‍ ബലംപിടിച്ച് തിരിച്ച് ക്ലാസിലേക്ക് കൊണ്ടുവരുന്ന കാഴ്ച ആരുടെ കണ്ണുകളെയും ഈറനണിയിക്കുന്നതാണ്. ഇതെത്തുടര്‍ന്ന് രക്ഷിതാക്കളും ആ യുവഅധ്യാപകന്റെ സ്ഥലം മാറ്റത്തിനെതിരെ രംഗത്ത് വന്നു.

    നാടിന്റെ ആവശ്യം പരിഗണിച്ച് അദ്ദേഹത്തെ അവിടെ തന്നെ തുടരാന്‍ അവസാനം അധികൃതര്‍ക്ക് അവസാനം നിര്‍ദേശിക്കേണ്ടിവന്നു. ഭഗവാന്‍ നാലുവര്‍ഷം മുമ്പാണ് തമിഴ് നാട് അതിര്‍ത്തിയായതിരുവള്ളൂരിലെ പള്ളിപ്പട്ട് സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി എത്തുന്നത്. അതുവരെ ആ സ്‌കൂളില്‍ ഉണ്ടായിരുന്ന ഇംഗ്ലീഷ് അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്നമായിരുന്നു. അധ്യാപകനെ പേടിയായതിനാല്‍ ഇംഗ്ലീഷ് പരീക്ഷയിലും കുട്ടികള്‍ വളരെ പിന്നിലായി പോയി. ഭഗവാന്‍ അവിടെ എത്തുന്നതുവരെ പത്താംക്ലാസ് പരീക്ഷയില്‍ ഏറിയ പങ്ക് വിദ്യാര്‍ത്ഥികള്‍ തോറ്റതും ഇംഗ്ലീഷിനായിരുന്നു.

    കുട്ടികളുടെ കുറവ് എന്താണെന്ന് അധ്യാപകന് മനസിലായി. അവര്‍ക്ക് ഇംഗ്ലീഷ് മനസിലാകണമെങ്കില്‍ ഉള്ളില്‍ നിന്നും ഭയം മാറണം. അതിനായി അദേഹം കുട്ടികളെ സ്‌നേഹിക്കാന്‍ തുടങ്ങി. അവര്‍ക്ക് അധ്യാപകനേക്കാള്‍ മൂത്ത ഒരു സഹോദരനോടെന്ന പോല്‍ ഇടപെടാനുള്ള സ്വാതന്ത്ര്യവും നല്‍കി. രസകരമായി കവിതയിലൂടെയും നേരമ്പോക്കിലൂടെയും അദേഹം ഇംഗ്ലീഷ് തെല്ലും പ്രയാസമുള്ള വിഷയമല്ലെന്ന് തെളിയിച്ചുകൊടുത്തു. അധികം വൈകാതെ കുട്ടികള്‍ക്ക് ഏറ്റവും എളുപ്പമുള്ള വിഷയമായി ഇംഗ്ലീഷ് മാറി. ഭഗവാന്‍ എത്തിയതിന് ശേഷമുള്ള നാലുവര്‍ഷവും പള്ളിപ്പട്ട് സ്‌കൂളില്‍ നിന്ന് പത്താംക്ലാസ് പരീക്ഷയില്‍ ആരും ഇംഗ്ലീഷിന് പരാജയപ്പെട്ടില്ല. സമ്പൂര്‍ണ്ണ വിജയം.

    അതോടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ഭഗവാന്‍ പ്രിയങ്കരനായി മാറി. അപ്പോഴാണ് സ്ഥലംമാറ്റ ഉത്തരവ് വരുന്നത്. ഇത് വിദ്യാര്‍ത്ഥികളെ സങ്കടപ്പെടുത്തി. കുറച്ച് ദൂരെയുളള തിരുത്തണി ആറുംകുളം ഹൈസ്‌കൂളിലേക്കായിരുന്നു സ്ഥലം മാറ്റം. എന്നാല്‍ നാട് ഒന്നിച്ച് നിന്ന് ഈ സ്ഥലമാറ്റ ഉത്തരവ് തിരുത്തിയത് അധ്യാപകന്‍ എങ്ങനെ ജനമനസില്‍ ഇടം പിടിക്കുന്നു എന്നുള്ളതന്റെ നല്ല പാഠമായി മാറി.

    പ്രിയപ്പെട്ട അധ്യാപകരേ, കുട്ടികളെ സ്‌നേഹിക്കുക… മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താനാവുന്നത് അധ്യാപകര്‍ക്കാണ്. അതിനാല്‍ കെടാത്ത തിരിനാളമായി കുഞ്ഞുമനസുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുക…

    ജയ്‌മോൻ കുമരകം