ആരോഗ്യസുരക്ഷ പദ്ധതി ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയും കാരിത്താസ് ആശുപത്രിയുമായി സഹകരിച്ച് ആരോഗ്യസുരക്ഷ പദ്ധതി ആരംഭിച്ചു. സാധാരണക്കാരെയും നിർധനരെയും ആരോഗ്യസംരക്ഷണത്തിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതിയുടെ ഭാഗമായി  കാരിത്താസ് ആശുപത്രി ലഭ്യമാക്കുന്ന ആരോഗ്യ സുരക്ഷാ കാർഡ് കാരിത്താസ് ആശുപത്രിയിൽ കുറഞ്ഞ ചിലവിൽ ചികിത്സ ലഭിക്കുന്നതിന്  സഹായകമാകും.

പദ്ധതിയുടെ ഉദ്ഘാടനം  തടിയമ്പാട് മരിയസദൻ അനിമേഷൻ സെന്ററിൽ കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിച്ചു. അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാരിത്താസ് ആശുപത്രി ഡയറക്ടർ ഡോക്ടർ ഫാ. ബിനു കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.

പടമുഖം ഫൊറോനാ വികാരി ഷാജി പൂത്തറയിൽ, കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോയ്‌സ് നന്ദികുന്നേൽ, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, കോ – ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ എന്നിവർ പ്രസംഗിച്ചു.

ഇടുക്കി ജില്ലയിലെ 14-ഓളം പഞ്ചായത്തുകളിലെ 2500-ഓളം കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.