പാക്കിസ്ഥാനിലെ ഏറ്റവും പ്രായം കൂടിയ പുരോഹിതൻ അന്തരിച്ചു

പാക്കിസ്ഥാനിലെ ഏറ്റവും പ്രായം കൂടിയ ക്രിസ്ത്യൻ വൈദികനായ ഫാദർ മെലിറ്റോ ഡയസിന് ആദരാഞ്ജലികളർപ്പിച്ച് ക്രൈസ്തവരും മുസ്ലീങ്ങളും. ഏപ്രിൽ 18-ന് അന്തരിച്ച ഫാദർ മെലിറ്റോ ഡയസിന് 97 വയസായിരുന്നു. കറാച്ചിയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ വച്ച് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഫാ. ഡയസ് അന്തരിച്ചത്.

1921 ഫെബ്രുവരി 27 -ന് സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചിയിൽ ജനിച്ച ഡയസ് പള്ളിയുടെ കീഴിലുള്ള സെന്റ പാട്രിക്സ് ഹൈസ്കൂളിലാണ് പഠിച്ചത്. കറാച്ചി കത്തോലിക്കാ അതിരൂപതയുടെ അനുമതിയോടെ ശ്രീലങ്കയിലെ കാൻഡി നഗരത്തിൽ 1954 ഓഗസ്റ്റ് 24-ന് വൈദികനായി അഭിഷിക്തനായി. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ മൈനർ സെമിനാരിയിലും തുടർന്ന് സെന്റ പാട്രിക്സ് ഹൈസ്‌കൂളിലുമാണ് അദ്ദേഹത്തെ ആദ്യം നിയമിച്ചത്. സിന്ധിലെ ലർക്കാന നഗരത്തിലെ സെന്റ ജോസഫ് ഇടവകയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

പാക്കിസ്ഥാന്റെ ദേശീയ കായിക വിനോദമായ ഫീൽഡ് ഹോക്കിയുടെ കടുത്ത ആരാധകനായ ഡയസ് സെൻ്റ് പാട്രിക്സ് ഹൈസ്‌കൂളിലെ വിദ്യാർഥിയായിരുന്ന കാലത്ത് സിന്ധ് പ്രൊവിൻഷ്യൽ ഹോക്കി ടീമിനായി കളിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഒരു ടൂർണമെൻ്റ് കളിക്കാൻ ഹോക്കി ടീമിനൊപ്പം ഇന്ത്യയിലേക്ക് പോകുന്നതിന് പകരം മിഷനറിയായി ശ്രീലങ്കയിലേക്ക് പോകുവാൻ ആണ് അദ്ദേഹം തീരുമാനിച്ചത്.

ശ്രീലങ്കയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് മടങ്ങിയ ശേഷം, ക്വറ്റ ഗ്രാമർ സ്കൂൾ, കറാച്ചിയിലെ സെൻ്റ് പാട്രിക്സ് ഹൈസ്കൂൾ, സെന്റ ലോറൻസ് സ്കൂൾ എന്നിവയുൾപ്പെടെ നിരവധി സ്കൂളുകളിൽ പഠിപ്പിച്ചു. സെന്റ പാട്രിക്‌സ് ഹൈസ്‌കൂളിൽ ജോലി ചെയ്യുന്ന കാലത്ത് ഹോക്കി പരിശീലകനായിരുന്നു അദ്ദേഹം കുട്ടികളെ കായികമായ മത്സരങ്ങളിലേയ്ക്കും അതിലൂടെ ഉന്നതിയിലേയ്ക്കും എത്തിക്കുവാൻ പരിശ്രമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.