രോഗാവസ്ഥയിലുള്ള ആളുകൾക്ക് ധൈര്യം നൽകുന്ന ബൈബിൾ വാക്യങ്ങൾ

രോഗാവസ്ഥയിലൂടെ കടന്നുപോകുകയോ ശസ്ത്രക്രിയയെ അഭിമുഖീകരിക്കുകയോ ചെയ്യുമ്പോൾ ചിലപ്പോൾ അതൊരു ഭയാനകമായ അനുഭവമായിരിക്കും. എന്നാൽ ഈ അവസ്ഥയിൽ നിങ്ങൾ തനിച്ചല്ല. നിങ്ങളുടെ ഉത്കണ്ഠാകുലമായ ഹൃദയത്തെ ശമിപ്പിക്കാൻ ദൈവത്തിന് കഴിയും എന്ന് വിശ്വസിക്കുക. ബൈബിൾ ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറപ്പിന്റെയും വചനങ്ങൾ നൽകുന്നു. ഇപ്രകാരം ധൈര്യം പകരുന്ന ആറു തിരുവചനങ്ങൾ ഇതാ:

1. ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും. (ഫിലിപ്പി 4: 6 – 7)

2. ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. (ഏശയ്യാ 41: 10)

3. മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു. (സങ്കീർത്തനങ്ങൾ 23: 4)

4. ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും. (ജോഷ്വാ 1: 9)

5. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്. (മത്തായി 11: 28 – 30)

6. ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്. (സങ്കീർത്തനങ്ങൾ 46: 1)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.