നീ തനിച്ചാണെന്ന് തോന്നിയിട്ടുണ്ടോ?

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

പത്തു വരെ പഠിച്ചില്ലേ, അതു മതി എന്ന ചിന്തയായിരുന്നു ആ പയ്യന്റെ
മനസ്സ് നിറയെ. അതുകൊണ്ടു തന്നെ SSLC പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത് കൈത്തൊഴിൽ പഠിക്കാനായി അവൻ വർക്ക്ഷോപ്പിൽ എത്തി. സ്പ്രേ പെയിൻ്റിങ്ങ് ആയിരുന്നു പണി. വാഹനങ്ങൾക്ക് പെയിൻ്റടിക്കുന്നതിനു മുമ്പ് നന്നായ് ഉരച്ചുകഴുകുക എന്ന പണിയാണ് ആദ്യമേ അവന് ലഭിച്ചത്. അതത്ര എളുപ്പമുള്ള പണിയല്ല. എന്നിരുന്നാലും വീട്ടിൽ കന്നുകാലികളെ കുളിപ്പിച്ചിരുന്ന അവന് ആ പണി ആയാസരഹിതമായിരുന്നു.

ഇതിനിടയിൽ 10-ാം ക്ലാസിലെ റിസൽട്ട് വന്നു. തുടർന്ന് പഠിക്കുന്നില്ല എന്നു കരുതിയ അവൻ പാസായി. എന്തായാലും ജയിച്ച സ്ഥിതിക്ക് ആകെ കൺഫ്യൂഷനായി. തുടർന്ന് പഠിക്കണമോ അതോ വർക്ക്ഷോപ്പിലെ പണി തുടരണമോ? അന്നുവരെ കാര്യമായി ചിന്തിക്കാത്ത ഒരാശയം അവന്റെ മനസിൽ കയറിക്കൂടി; സെമിനാരിയിൽ പോയാലോ?

അങ്ങനെയാണ് ഇതെഴുതുന്ന ഞാൻ ലാസലെറ്റ് സന്യാസ സഭയിൽ ചേരുന്നത്! സെമിനാരി ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധി പഠനമായിരുന്നു. ഇംഗ്ലീഷൊക്കെ എങ്ങനെയാണ് പഠിച്ചതെന്ന് ഇന്നും ഒരു അത്ഭുതമാണ്.

ഓരോ വർഷവും പരിശീലനം പൂർത്തിയാക്കുമ്പോഴും ദൈവത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നു. “നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, ഈ മലയോട്‌ ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേയ്ക്കു പോവുക എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും” (മത്തായി 17:20) എന്ന വചനത്തിന്റെ ശക്തി എത്രയോ തവണ അനുഭവിച്ചറിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ അനേകം കടമ്പകൾ കടന്ന് പുരോഹിതനാകാൻ എന്നെപ്പോലെ ഒരു വ്യക്തിക്ക് ഒരിക്കലും കഴിയുമായിരുന്നില്ല.

സന്യാസ-പൗരോഹിത്യജീവിതത്തിൽ ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ കടുകുമണിയോളമല്ല, അതിലേറെ വിശ്വാസം എനിക്കുണ്ടെന്നുറപ്പാണ്. എന്റെ കാര്യത്തിൽ മാത്രമല്ല, കുടുംബജീവിതത്തിലോ മറ്റേതെങ്കിലും ജീവിതാന്തസുകളിലോ തുടരുന്ന നിങ്ങളുടെ കാര്യത്തിലും സ്ഥിതി മറിച്ചായിരിക്കാൻ സാധ്യതയില്ല. ഒന്നോർത്തു നോക്കിക്കേ, പ്രതിസന്ധികളാകുന്ന എത്രയെത്ര പർവ്വതങ്ങളെ പിഴുതെറിഞ്ഞാണ് ഇന്നും നമ്മുടെയൊക്കെ ജീവിതം മുന്നോട്ടു നയിക്കപ്പെടുന്നത്? അതുകൊണ്ട് അപ്രതീക്ഷിതമായി പ്രതിസന്ധികളുണ്ടാകുമ്പോൾ ആവർത്തിച്ചു പറയണം: “കടുകുമണിയേക്കാൾ വിശ്വാസമുള്ള ഞാൻ ഇതിനെയും അതിജീവിക്കുമെന്ന്!”

ഓർക്കുക, പ്രതിസന്ധികളിൽ നാം തനിച്ചല്ല, കൂട്ടിന് നമുക്കൊരു ദൈവമുണ്ട്.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.