മരിയൻ കഥകൾ 1

റോമാചക്രവര്‍ത്തിയായ മതമര്‍ദ്ധകനുമായ ജൂലിയന്‍ തന്റെ സ്വന്ത സാമ്രാജ്യത്തില്‍ പേഗന്‍ മതം പുന:സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. അതിനായി ക്രിസ്താനികളുടെ നേരെ കിരാത മര്‍ദ്ദനം അഴിച്ചു വിട്ടു. പേര്‍ഷ്യാക്കാരോടുള്ള യുദ്ധത്തിനു പുറപ്പെടുന്നതിനു മുന്‍പ് മിത്രാദേവിയുടെ അമ്പലത്തില്‍ പ്രവേശിച്ച് വഴിപാടു കഴിച്ചു. യുദ്ധത്തില്‍ ജയിക്കുന്ന പക്ഷം തന്റെ സാമ്രാജ്യത്തിലെ ക്രിസ്ത്യാനികളെ മുഴുവന്‍ ദേവിക്ക് ബലിയര്‍പ്പിക്കുന്നതാണെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.

ഈ നേര്‍ച്ചയേപ്പറ്റി അറിഞ്ഞ കേസറിയായിലെ മെത്രാനായ വിശുദ്ധ ബേസില്‍, തന്റെ കീഴിലുള്ള എല്ലാ ക്രിസ്ത്യാനികളേയും വിളിച്ചുകൂട്ടി. ഈ ആപത്ത്ഘട്ടത്തില്‍ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി മാത്രമേ പരിഹാരമായിട്ടുള്ളൂയെന്നു അദ്ദേഹം പറഞ്ഞു. വിശുദ്ധ ബേസിലിന്റെ പരിശുദ്ധ കന്യകയോടുള്ള ഭക്തിയും വിശ്വാസവും ജനങ്ങള്‍ക്കെല്ലാം മാതൃകയായി.

എല്ലാവരും പരിശുദ്ധ കന്യകയില്‍ അഭയം ഗമിച്ചു പ്രാര്‍ത്ഥിച്ചു. ജൂലിയാന്‍ പേര്‍ഷ്യക്കാരുടേതിനേക്കാള്‍ ശക്തമായ ഒരു സൈന്യത്തോടെയാണ് യുദ്ധത്തിനു പുറപ്പെട്ടതെങ്കിലും പരാജിതനായി. ശത്രുകരത്തില്‍പെട്ട് മരിക്കുന്നതിനേക്കാള്‍ അഭിമാനകരം ആത്മഹത്യയാണെന്നു കരുതി അയാള്‍ സ്വന്തം വാളെടുത്ത് ചങ്കില്‍ കുത്തിയിറക്കി. അവിടെനിന്നും പ്രവഹിച്ച രക്തത്തില്‍ കൈമുക്കി മുഷ്ടി ആകാശത്തിലേക്കുയര്‍ത്തി ഇപ്രകാരം ജൂലിയാന്‍ വിളിച്ചു പറഞ്ഞു:

“അല്ലയോ ഗലീലേയാ, നീ തന്നെ ജയിച്ചിരിക്കുന്നു”.

ഇന്നു തിരുസഭ വലിയ പ്രതിസന്ധികള്‍ തരണം ചെയ്യുകയാണ്. മരിയ ഭക്തര്‍ ഉണര്‍ന്ന് ദൈവമാതാവിന്റെ സഹായത്താല്‍ തിരുസഭയുടെ ശത്രുക്കളെ നേരിടാന്‍ തയ്യാറാകണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.