ഗ്രീൻവാലി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക്  ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ ആദരം

കോട്ടയം: കോട്ടയം അതിരൂപതയിലെ ഹൈറേഞ്ച് മേഖലയിലെ സാമൂഹിക സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്‌മെന്റ് സൊസൈറ്റി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക ആദരം.

കട്ടപ്പന മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ‘ജനകീയം ഈ അതിജീവനം’ എന്ന പരിപാടിയിൽ വെച്ച് ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും ഗ്രീൻവാലി ഡെവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അവാർഡ് ഏറ്റുവാങ്ങി. 2018-ലുണ്ടായ മഹാപ്രളയത്തിൽ ദുരിതം അനുഭവിച്ച ജനവിഭാഗങ്ങൾക്കു വേണ്ടി സൊസൈറ്റി നടപ്പിലാക്കിയ വരുമാനദായക പദ്ധതികൾ, ഭവനനിർമ്മാണ പ്രവർത്തനങ്ങൾ, ഭവന പുനരുദ്ധാരണങ്ങൾ, കക്കൂസ് നിർമ്മാണം, കിണറുകളുടെ നവീകരണം, കാർഷിക ഉപകരണങ്ങളുടെ വിതരണം, കൃഷി പുനർജീവനത്തിനാവശ്യമായ നടീൽ വസ്തുക്കളുടെ വിതരണം, വിദ്യാഭ്യാസ സഹായം, ജീവകാരുണ്യ ആംബുലൻസിന്റെ സേവനം രോഗനിർണ്ണയ-പ്രതിരോധ ക്യാമ്പുകൾ, മരുന്നുകൾ, ഭക്ഷണസാധനങ്ങളുടെ വിതരണം, ക്യാമ്പുകളിലെ ആവശ്യ ഇടപെടലുകൾ തുടങ്ങിയ അതിജീവന പുനർജീവന പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനെ പരിഗണിച്ചാണ് സൊസൈറ്റിയെ ആദരവിന് തിരഞ്ഞെടുത്ത്.

വിവിധ പദ്ധതികളിലായി രണ്ടര കോടിയിലധികം രൂപയുടെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങളാണ് സൊസൈറ്റി നടപ്പിലാക്കിയത്.

ചടങ്ങിൽ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ, പീരുമേട് എംഎൽഎ ശ്രീമതി. ഇ. എസ്. ബിജിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യാ പൗലോസ്,  ജില്ല കളക്ടർ എച്ച്. ദിനേശൻ, കട്ടപ്പന മുൻസിപ്പൽ ചെയർമാൻ, സന്നദ്ധ സംഘടനാപ്രവർത്തകർ, മത-സാംസ്‌കാരിക-സാമൂഹിക-രാഷ്ട്രീയരംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.