ദുഃഖവെള്ളി പ്രസംഗം

ഈശോയില്‍ ഏറെ സ്‌നേഹിക്കപ്പെടുന്നവരെ,

ഒരു നേരത്തെ ആഹാരം എടുത്തവനെ മര്‍ദ്ദിച്ചുകൊല്ലുന്നു, മദ്യലഹരിയില്‍ അപ്പന്‍ മകനെ നിലത്തെറിയുന്നു, മകന്‍ അമ്മയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുന്നു, വാഹനാപകടങ്ങള്‍, വ്യക്തിജീവിതത്തിലെ പാളിച്ചകള്‍, കുടുംബത്തിലെ സമാധാനമില്ലായ്മ, പ്രിയപ്പെട്ടവരുടെ രോഗങ്ങള്‍… എന്നും ഓരോരോ പ്രശ്‌നങ്ങള്‍. ഇതൊന്നും നമുക്ക് വെളിയില്‍ നടക്കുന്നവയല്ല. ഒന്നുകില്‍ നമ്മുടെ തൊട്ടടുത്ത്. അല്ലെങ്കില്‍ നമ്മുടെയുള്ളില്‍ തന്നെ നടക്കുന്നവയാണ്. ഇത്രയും പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ ഈ ദേവാലയത്തില്‍ വന്ന് ഒരിക്കലെങ്കിലും ‘ദൈവമേ, എന്തുകൊണ്ട് ഇവയൊക്കെ സംഭവിക്കുന്നു; എന്തുകൊണ്ട് എന്റെ ജീവിതത്തില്‍ ഈ തകര്‍ച്ചകളൊക്കെ സംഭവിക്കുന്നു’ എന്ന് കണ്ണുനീരോടുകൂടി ഉള്ളുരുകി വിളിക്കാത്തവര്‍ ചുരുക്കമാണ്. അതുമല്ലെങ്കില്‍ എന്റെ ജീവിതത്തില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ ഞാന്‍ ആശ്വാസം തേടുന്ന ദൈവം എന്തേ നിശബ്ദനാകുന്നു? എന്തേ നിസ്സംഗത പുലര്‍ത്തുന്നു? എന്നെ രക്ഷിക്കാന്‍ ഈ ദൈവത്തിന് ശക്തിയില്ലേ? അതോ, ദൈവം തന്നെ ഇല്ലയോ? ജീവിതത്തെ പിടിച്ചുകുലുക്കുന്ന രോഗാവസ്ഥയുടെയും സംഭവങ്ങളുടെയും നടുവില്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

പ്രിയപ്പെട്ടവരെ, നമ്മുടെ വിറങ്ങലിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ദുഃഖവെള്ളി. മനുഷ്യന്റെ സഹനങ്ങള്‍ക്കുള്ള ആശ്വാസമാണ് ക്രൂശിതന്റെ വേദനകള്‍. നമ്മുടെ ഒറ്റപ്പെടലുകളില്‍ പ്രിയപ്പെട്ടവരെന്നു കരുതി ഹൃദയത്തോട് ചേര്‍ത്തുപിടിച്ചവര്‍ പോലും തള്ളിപ്പറയുന്ന അവസരങ്ങളില്‍, നമ്മള്‍ ചെയ്യാത്ത കാര്യങ്ങള്‍ പോലും നമ്മുടെ പേരില്‍ എണ്ണിപ്പറഞ്ഞ് മറ്റുള്ളവരുടെ മുമ്പില്‍ മോശക്കാരനാക്കുമ്പോള്‍, വഹിക്കാനാകാത്ത കുരിശ് പോലെ വ്യക്തിജീവിതത്തിലെ സഹനങ്ങളും വേദനകളും രോഗങ്ങളും ഉയര്‍ന്നുവരുമ്പോള്‍ ഓര്‍ക്കുക. നമ്മളാരും ഒറ്റയ്ക്കല്ല. നമ്മോടൊപ്പം സഹിക്കുന്ന ഒരു ദൈവം നമുക്കുണ്ട്. സഹനത്തിനപ്പുറം ഉത്ഥാനമുണ്ടെന്ന് ഉറപ്പ് തരുന്ന ക്രിസ്തു നമുക്കുണ്ട്.

ഒരു കാര്യം ഞാന്‍ ഏറ്റുപറയട്ടെ. എന്റെ മുമ്പിലിരിക്കുന്ന നിങ്ങളോട് സഹനത്തെക്കുറിച്ച് പറയാനുള്ള യോഗ്യത എനിക്കില്ല. കാരണം, എനിക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും നൂറിരട്ടി സഹനത്തിന്റെ വഴികള്‍ പിന്നിട്ടവരാണ് ഇവിടെയിരിക്കുന്നവരില്‍ ഭൂരിഭാഗവും. ചട്ടയും മുണ്ടുമുടുത്ത് ഇടവിടാതെ കൊന്ത ചൊല്ലുന്ന അമ്മച്ചിമാരും അദ്ധ്വാനത്തിന്റെ തഴമ്പ് കൈവെള്ളയിലുള്ള പ്രിയപ്പെട്ട അപ്പച്ചന്മാരും നിങ്ങളുടെ പിന്‍തലമുറയും കുടിച്ചുതീര്‍ത്ത കണ്ണുനീരിന്റെ കയ്‌പ്പൊന്നും നൂറിലൊരംശം പോലും ഞാനനുഭവിച്ചിട്ടില്ല. എങ്കിലും ഇന്ന് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍, നിങ്ങള്‍ക്കു മുമ്പില്‍ തനിക്ക് സാക്ഷ്യം നല്‍കാന്‍ ക്രിസ്തു എന്നെ വിളിച്ചു എന്നുള്ള ഉറപ്പിന്മേല്‍ ഞാന്‍ പറയും, നമ്മുടെ സഹനങ്ങള്‍ നമ്മുടെ രക്ഷയ്ക്കു വേണ്ടിയാണ്. നമ്മുടെ ശുദ്ധീകരണത്തിനു വേണ്ടിയാണ്. നമുക്കുവേണ്ടി അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ നമ്മെ അവിടുത്തെ ഉപകരണങ്ങളാക്കാന്‍ വേണ്ടിയുള്ളതാണ്. ‘ഇന്നും നാളെയും നീ ജനത്തെ വിശുദ്ധീകരിക്കുക; ഞാന്‍ നിങ്ങളുടെയിടില്‍ അത്ഭുതം പ്രവര്‍ത്തിക്കും’ (പുറ. 19:20).

നമുക്കുവേണ്ടി പീഡസഹിച്ച ക്രിസ്തുവിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരാം. ജനിക്കാന്‍ മാന്യമായ ഒരിടം അവനു ലഭിച്ചില്ല. കന്നുകാലികളോടൊപ്പമാണ് ദൈവപുത്രന്‍ ജനിച്ചത്. മാതാപിതാക്കളും ക്രിസ്തുവിനോടൊപ്പം സഹിച്ചു. പിന്നീട് 30 വര്‍ഷങ്ങള്‍ക്കുശേഷം സമയം പൂര്‍ത്തിയായപ്പോള്‍ അവന്‍ സുവിശേഷം പ്രസംഗിക്കുവാനാരംഭിച്ചു. ‘സമയം പൂര്‍ത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍’ (മര്‍ക്കോ. 1:15). സമയത്തിന്റെ പൂര്‍ത്തിയില്‍ സാത്താന്റെയും രോഗത്തിന്റെയും പാപത്തിന്റെയും ശാപത്തിന്റെയും ഭരണം അവസാനിപ്പിച്ച് ഈശോ, ദൈവത്തിന്റെ ഭരണം ഭൂമിയില്‍ സ്ഥാപിച്ചു. സാത്താനെ പുറത്താക്കിക്കൊണ്ട്, രോഗികളെ സുഖപ്പെടുത്തിക്കൊണ്ട്, പാപങ്ങള്‍ ക്ഷമിച്ചുകൊണ്ട് ക്രിസ്തു ദൈവത്തിന്റെ സന്തോഷം തന്റെ മക്കള്‍ക്ക് നല്‍കി. ഇപ്രകാരം നന്മ ചെയ്തുകൊണ്ട് ഗലീലിയിലുടനീളം അവന്‍ ചുറ്റിസഞ്ചരിച്ചു എന്നാണ് മര്‍ക്കോ. 1: 39 സാക്ഷ്യപ്പെടുത്തുന്നത്. പ്രിയപ്പെട്ടവരെ, ശ്രദ്ധിക്കണേ, ഇപ്രകാരം നന്മ ചെയ്ത് ചുറ്റിസഞ്ചരിച്ചവനെ അവര്‍ തങ്ങളുടെ പട്ടണത്തില്‍ നിന്ന് പുറത്താക്കുകയും തങ്ങളുടെ നഗരം സ്ഥിതിചെയ്യുന്ന മലയുടെ മുകളില്‍ നിന്ന് താഴേയ്ക്ക് തള്ളിയിടാന്‍ ശ്രമിച്ചുവെന്നും ലൂക്കാ 4:29-ല്‍ നാം വായിക്കുന്നുണ്ട്.
ഇത് നമ്മുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെയാണ്. വ്യക്തിജീവിതത്തില്‍ നമുക്ക് നന്മ ചെയ്തവരെ ഒരു കാലഘട്ടത്തിനു ശേഷം മറന്നുപോകുന്നത് നമ്മുടെയൊക്കെ പ്രത്യേകതയാണ്. ജീവിതത്തിന്റെ പ്രാരംഭദശയില്‍ കൈപിടിച്ചു നടത്തിയ മാതാപിതാക്കളെയും സഹോദരങ്ങളെയും കഷ്ടതകളില്‍ തുണയായിരുന്നവരെയും പിന്നീട് തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കില്‍ അത്, ഇസ്രായേല്‍ ക്രിസ്തുവിന് കൊടുത്ത മുറിവുകള്‍ക്ക് സമാനമാണ്.

ഇത്തരം വേദനകള്‍ സ്വീകരിച്ചുകൊണ്ട് ജനിച്ച മണ്ണില്‍ നിന്നും തിരസ്‌കൃതനായാണ് ഈശോ ഗലീലിയില്‍ നിന്നും ജറുസലേമിലേയ്‌ക്കെത്തുക. ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും അടയാളങ്ങള്‍ കാണിച്ചിട്ടും തന്റെ ജനം തന്നെ മനസ്സിലാക്കുന്നില്ല എന്ന വേദന ഉള്ളില്‍ പേറിക്കൊണ്ടാണ് ഈശോ ജറുസലേമിനെ നോക്കി യാത്ര തിരിക്കുന്നത്. ജറുസലേമിലേയ്ക്കുള്ള യാത്രാമധ്യേയാണ് മൂന്ന് തവണ തന്റെ പീഡാസഹനങ്ങളെക്കുറിച്ച് ഈശോ പ്രവചിക്കുന്നത് (മര്‍ക്കോ. 8:31; 9:31; 10:33). തന്റെ കൂട്ടുകാരോട്, തനിക്ക് സംഭവിക്കാന്‍ പോകുന്നത് വെളിപ്പെടുത്തുന്നുണ്ട്. പക്ഷെ അവര്‍ക്ക് അത് മനസ്സിലാകുന്നില്ല. അവര്‍, ഇങ്ങനെയൊന്നും സംഭവിക്കില്ലായെന്നും തങ്ങളില്‍ ആരാണ് വലിയവനെന്നും തര്‍ക്കിച്ചു കൊണ്ടിരിക്കുകയാണ്. ഈ തര്‍ക്കത്തിനുള്ള ഉത്തരമാണ് മര്‍ക്കോ. 10:45ല്‍ ഈശോ പറയുന്നത്. ‘മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല.’ വിട്ടുവീഴ്ചാ മനോഭാവത്തിന്റെയും ക്ഷമയുടെയും ശുശ്രൂഷാചൈതന്യത്തിന്റെയും ദുഃഖവെള്ളി സന്ദേശം ഈ വചനമാണ്. പീഡസഹിച്ചും സ്വയം മുറിഞ്ഞും സഹിച്ചും മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുക. വീട്ടിലും ജോലിസ്ഥലങ്ങളിലും ഇടവകയിലും നാമായിരിക്കുന്ന എല്ലാ വേദികളിലും ഈ മനോഭാവം പുലര്‍ത്തണം.

ജറുസലേമിലെത്തിയ ക്രിസ്തു, ദൈവാലയം കണ്ടതിനുശേഷം നേരെ ബഥാനിയായിലേയ്ക്ക് പോയി. ബഥാനിയായില്‍ നിന്നും ദൈവാലയം ശുദ്ധീകരിക്കാന്‍ വരുന്ന വഴിക്കാണ് ഈശോ അത്തിവൃക്ഷത്തെ ശപിക്കുന്നത്. ഭയത്തോടെ വായിക്കേണ്ട ഭാഗമാണിത്. ദൈവരാജ്യത്തിന്റെ അനന്തസ്‌നേഹവും കാരുണ്യവും പ്രസംഗിച്ച ക്രിസ്തു അത്തിപ്പഴങ്ങളുടെ കാലമല്ലാതിരിക്കെ (മര്‍ക്കോ. 11:13) കയ്‌റോസ് – അത്തിവൃക്ഷത്തെ ശപിക്കുന്നതിനെ ഞെട്ടലോടെ ധ്യാനിക്കുക. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ മാത്രം ഫലം പുറപ്പെടുവിക്കേണ്ടവരല്ല നാം. ക്രിസ്ത്യാനി എന്ന നിലയില്‍, ഏതു സമയത്തും ഫലം നല്‍കേണ്ടവരാണ് നാം. എതു സമയത്തും എപ്പോഴും നന്മ ചെയ്ത് കഴിയണം. ഈ ആശയം നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചിട്ടാണ് ഈശോ ദൈവാലയം ശുദ്ധീകരിക്കുകയും അതിന്റെ ഉന്മൂലനാശം പ്രവചിക്കുകയും ചെയ്യുന്നത്.

നന്മ ചെയ്യുകയും ജനത്തെ വിശുദ്ധീകരിക്കുകയും പിതാവിന്റെ സ്‌നേഹത്തിന്റെ സുവിശേഷം അറിയിക്കുകയും ചെയ്ത ക്രിസ്തുവിനോട് അന്നത്തെ ജനപ്രമാണികള്‍ക്ക് അസൂയ തോന്നിയത് സ്വാഭാവികമായിരുന്നു. ജനം ക്രിസ്തുവിനെ രാജാവായി അംഗീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അപകടം അടുത്തറിഞ്ഞു. തങ്ങളുടെ അപ്രമാധിത്വം നഷ്ടമാകുമെന്ന് കരുതിയപ്പോഴാണ് അവര്‍ ഈശോയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. അതിന് അവര്‍ യേശുവിന്റെ ഉറ്റസ്‌നേഹിതനെ തന്നെ കൂട്ടുപിടിച്ചു. ശ്രദ്ധിക്കണേ, കൂടെയായിരിക്കാന്‍ അവന്‍ വിളിച്ചവര്‍ തന്നെയാണ് അവനെ ഒറ്റിക്കൊടുക്കുന്നതും. അറിയില്ല എന്നുപറഞ്ഞ് തള്ളിപ്പറയുന്നതും ഓടിപ്പോകുന്നതും. മര്‍ക്കോ. 3:14-ല്‍ നാം വായിക്കുന്നു: ‘തന്നോടു കൂടെയായിരിക്കാനും…’ പിന്നീട് മര്‍ക്കോ. 14:45-ല്‍ ചുംബനം കൊണ്ട് ഒറ്റുന്നു; 14:50 ഓടിപ്പോകുന്നു; 14:47 അറിയില്ല (പത്രോസ്) എന്നുപറയുന്നു. ഇത് ക്രിസ്തുശിഷ്യന്റെ പരാജയമാണ്. നമ്മുടെ ഓരോരുത്തരുടെയും മുഖഭാവമാണിത്. ഇങ്ങനെയൊരു ദൈവം ഇല്ലായെന്ന് പറയുമ്പോഴും ഏകദൈവത്തെ ഉപേക്ഷിച്ച് മന്ത്രവാദത്തിന്റെയും രക്ഷാചരടുകളുടെയും പിന്നാലെ പോകുമ്പോള്‍ ഓര്‍ക്കുക. നിങ്ങളും ക്രിസ്തുവിനെ ഒറ്റുകൊടുക്കുകയാണ്. തള്ളിപ്പറയുകയാണ്.

ഗത്സെമനില്‍ കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചിട്ടും ദൈവഹിതത്തിന് കീഴ്‌വഴങ്ങി ക്രൂശില്‍ ഏകനായി എല്ലാം പൂര്‍ത്തിയായി എന്നുപറഞ്ഞ് പിതാവിന്റെ കരങ്ങളില്‍ സ്വന്തം ആത്മാവിനെ സമര്‍പ്പിച്ച ക്രിസ്തു നമുക്ക് മാതൃകയാണ് (ഏ ശ. 53:5). ദൈവഹിതത്തിന് സ്വയം സമര്‍പ്പിച്ച ക്രിസ്തു മരണത്തെ തോല്‍പ്പിച്ച് ഉത്ഥാനം ചെയ്തു. ദൈവഹിതത്തോട് നമ്മുടെ ജീവിതങ്ങളെ ചേര്‍ത്തുനിര്‍ത്തുവാന്‍ നമുക്ക് സാധിക്കണം. വ്യക്തിജീവിതത്തിലെ സഹനങ്ങളും വേദനകളും ബുദ്ധിമുട്ടുകളും ദൈവത്തിന്റെ ശിക്ഷണമായി കരുതി – ശിക്ഷയല്ല – സ്വയം വിശുദ്ധീകരിച്ച് നമുക്ക് ദൈവത്തിങ്കലേയ്ക്ക് തിരിച്ചുവരാം.

ബാറൂക് 4:28-ല്‍ പ്രവാചകന്‍ പറയുന്നതുപോലെ, ദൈവത്തില്‍ നിന്ന് അകന്നതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ നമുക്ക് ദൈവത്തിലേയ്ക്ക് തിരിച്ചുവരാം. സാത്താന്റെയും ശാപത്തിന്റെയും രോഗത്തിന്റെയും പാപത്തിന്റെയും ഭരണം അവസാനിപ്പിച്ച് ദൈവരാജ്യം സ്ഥാപിച്ച ക്രിസ്തുവിനെപ്പോലെ നമ്മുടെ ചുറ്റുമുള്ളവരുടെ ഇടയില്‍ നമുക്ക് ജീവിക്കുന്ന സുവിശേഷമാകാം. ജീവിതസാഹചര്യങ്ങളില്‍ കൈപിടിച്ചു നടത്തിയവരെ വന്നവഴി മറന്ന് കൈവിട്ടു കളഞ്ഞെങ്കില്‍ വീണ്ടും ഹൃദയത്തോട് ചേര്‍ത്തുപിടിക്കാം. ക്രിസ്തുശിഷ്യനെന്ന നിലയില്‍ ഏത് സാഹചര്യത്തിലും ഏത് വ്യക്തികളും പ്രതിഫലം മോഹിക്കാതെ ശുശ്രൂഷിക്കപ്പെടാന്‍ ആഗ്രഹിക്കാതെ ശുശ്രൂഷിക്കാന്‍, സ്നേഹത്തിന്റെ സുവിശേഷമായിത്തീരാന്‍ ക്രൂശിതനായ ക്രിസ്തു നമ്മെ ശക്തിപ്പെടുത്തട്ടെ. സര്‍വ്വശക്തനായ ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.

ബ്ര. അലന്‍ കുന്നുംപുറത്ത് MCBS