ഞായര്‍ പ്രസംഗം: അയല്‍ക്കാരനിലേക്കു പടരുന്ന ദൈവസ്‌നേഹം

ശ്ലീഹാക്കാലം മൂന്ന്‌

യഹൂദമതത്തിലെ പണ്ഡിതഗണത്തില്‍പ്പെടുന്നവരായിരുന്നു നിയമജ്ഞര്‍. ദൈവം മോശവഴി ഇസ്രായേല്‍ജനത്തിനു നല്കിയ ‘നിയമ’ത്തില്‍ അവഗാഹം സിദ്ധിച്ചവരായിരുന്നവര്‍. പ്രിന്റിംഗ് നിലവില്‍ വന്നിട്ടില്ലാതിരുന്ന കാലത്ത്, മറ്റേതൊരു രേഖയുംപോലെ, തിരുലിഖിത(നിയമഗ്രന്ഥ)വും കയ്യെഴുത്തു പ്രതികളിലൂടെയാണു കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. പ്രത്യേക പരിശീലനം ലഭിച്ചിരുന്ന പണ്ഡിതരാണ് ഇപ്രകാരം ‘നിയമം’ അഥവാ ‘തോറാ’ പകര്‍ത്തിയെഴുതുന്നത്. ഈ പകര്‍ത്തിയെഴുത്ത് നിയമത്തിലുള്ള അവരുടെ പരിജ്ഞാനം വര്‍ദ്ധിപ്പിച്ചിരുന്നതുകൊണ്ട് അവരെ ‘നിയമജ്ഞര്‍’ എന്നു വിളിച്ചുപോന്നു. ഇപ്രകാരമുള്ള നിയമജ്ഞരിലൊരുവന്‍ ഈശോയെ പരീക്ഷിക്കാനായി ഒരു ചോദ്യവുമായി എത്തുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദര്‍ഭം (ലൂക്കാ 10,25-37).

ശരിയായ ഉത്തരം ലഭിക്കുക എന്നതിനേക്കാളുപരി, ഈശോയെ പരീക്ഷിക്കുക എന്നതായിരുന്നു അയാളുടെ ചോദ്യത്തിന്റെ ലക്ഷ്യം. തോറായുമായി ബന്ധപ്പെട്ട് അവര്‍ക്കുണ്ടായിരുന്ന അറിവോ പരിശീലനമോ ലഭിച്ചിട്ടില്ലാത്ത ഈശോയേക്കാള്‍ താന്‍ ശ്രേഷ്ഠനാണ് എന്നു ജനമദ്ധ്യേ കാണിക്കുവാനായിരുന്നു അയാളുടെ ശ്രമം. ‘ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം?’ എന്ന അയാളുടെ ചോദ്യം വളരെ പ്രസക്തമായിരുന്നു. കാരണം, നിത്യജീവനില്‍ പ്രവേശിക്കുന്നതിനുള്ള മാര്‍ഗം ആരായുന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഏതു കാര്യമാണുള്ളത്. ഈ ലോകത്തില്‍ ദൈവം മനുഷ്യര്‍ക്കു നല്കുന്ന നന്മകളൊക്കെയും പരലോകത്തില്‍ ലഭിക്കാനിരിക്കുന്ന ആത്യന്തിക നന്മയുടെ മുന്നോടിയാണ്. ദൈവം ഇസ്രായേലിനു വാഗ്ദാനം ചെയ്യുകയും പിന്നീടു നല്കകുകയും ചെയ്ത കാനാന്‍ദേശം തന്നെ മുഖ്യോദാഹരണം. വാഗ്ദത്തഭൂമിയില്‍ ദൈവജനത്തിനു ലഭിച്ച വിശ്രമം സ്വര്‍ഗത്തില്‍ ലഭിക്കാനിരിക്കുന്ന ദൈവത്തോടൊത്തുള്ള നിത്യജീവന്റെ മുന്നോടിയായിരുന്നു.

മോശയുടെ നിയമം സൂക്ഷ്മമായി പഠിച്ചിരുന്ന അയാളുടെ ഗൂഢലക്ഷ്യം മനസ്സിലാക്കിയ ഈശോ അയാളെക്കൊണ്ടുതന്നെ നിയമത്തില്‍നിന്നു മറുപടി പറയിക്കുന്നു. യഹൂദരുടെ എല്ലാ പ്രാര്‍ത്ഥനകളിലെയും അവശ്യ ഘടകമായ ‘ഷെമാ ഇസ്രായേല്‍’ (നിയമാ 6,4-9) എന്നറിയിപ്പടുന്ന വിശുദ്ധഗ്രന്ഥഭാഗത്തില്‍നിന്ന് ഉദ്ധരിച്ചുകൊണ്ടാണ് അയാള്‍ ഉത്തരം നല്കിയത്. അയാള്‍ മറുപടിയായി പറഞ്ഞു: ‘നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും പൂര്‍ണമനസ്സോടുംകൂടെ സ്‌നേഹിക്കുക. നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും സ്‌നേഹിക്കുക’ (ലൂക്കാ 10,27). സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ അവിഭജിത ഹൃദയത്തോടെ സ്‌നേഹിക്കുക എന്നത് മനുഷ്യന്റെ പരമപ്രധാനമായ ഉത്തരവാദിത്വമാണ് എന്നതു വിശുദ്ധഗ്രന്ഥം മുഴുവനിലെയും പാഠമാണ്. പൂര്‍ണത തന്നെയായ ദൈവം മനുഷ്യനില്‍നിന്ന് സമ്പൂര്‍ണസ്‌നേഹമാണു പ്രതീക്ഷിക്കുന്നത്. അസ്തിത്വത്തിന്റെ സര്‍വ തലങ്ങളെയും സ്പര്‍ശിക്കുന്നതാകണം ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം.

നിയമാ 19,18 ലെ വാചകം കൂടി ചേര്‍ത്താണ് നിയമജ്ഞന്‍ ഉത്തരം പൂര്‍ത്തിയാക്കിയത്: ‘നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും സ്‌നേഹിക്കുക.’ യഥാര്‍ത്ഥത്തില്‍ പുതിയനിയമത്തിലെ പുതുമായാണിത്. ഈശോയാണ് ദൈവസ്‌നേഹത്തിന്റെ മറുപുറമായി പരസ്‌നേഹത്തെ അവതരിപ്പിച്ചത്. ദൈവസ്‌നേഹത്തിന്റെ പ്രായോഗികമാനമാണ് പരസ്‌നേഹം. ദൈവത്തോടുള്ള സ്‌നേഹത്തിന്റെ മാറ്റുരച്ചറിയാനുള്ള അവസരവും.

ഈശോയുടെ മറുപടി ഇപ്രകാരമായിരുന്നു: ‘നീ പറഞ്ഞതു ശരി. നീ ഇതു ചെയ്യുക. എന്നാല്‍ നീ ജീവിക്കും’ (ലൂക്കാ 10,28). നിത്യജീവന്‍ അവകാശമാക്കാന്‍, അഥവാ നിത്യം ജീവിക്കാന്‍, മനുഷ്യന്‍ ദൈവത്തെ അവിഭക്ത ഹൃദയത്തോടെ സ്‌നേഹിക്കണം; അയല്‍ക്കാരെ തന്നെപ്പോലെ തന്നെയും സ്‌നേഹിക്കണം. ഈശോയുടെ പ്രബോധനം മുഴുവന്റെയും സാരസംഗ്രഹം ഇതിലുണ്ട്. സഭാപിതാവായ മാര്‍ അപ്രേമിന്റെ അഭിപ്രായത്തില്‍, പ്രമാണങ്ങളെല്ലാം ഈ രണ്ടു കല്പനകളാല്‍, രണ്ടു ചിറകുകളാല്‍ എന്നപോലെ, ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ദൈവത്തോടും മനുഷ്യരോടുമുളള സ്‌നേഹമാണ് ഈ രണ്ടു ചിറകുകള്‍.

ഈശോയെ സമീപിച്ച നിയമജ്ഞന്റെ ലക്ഷ്യം സത്യം അറിയുക എന്നതിലുപരി, സ്വയം കേമനായി ചമയുക എന്നതായിരുന്നു എന്നു വ്യക്തമാക്കുന്നതാണ് തുടര്‍ന്നുള്ള അയാളുടെ ചോദ്യം. അയാള്‍ തന്നെത്തന്നെ ന്യായീകരിക്കാന്‍ ആഗ്രഹിച്ച് ഈശോയോടു ചോദിച്ചു: ആരാണ് എന്റെ അയല്ക്കാരന്‍? നിത്യജീവന്‍ അവകാശമാക്കുവാന്‍ താന്‍ ആരെയാണ് സ്‌നേഹിക്കേണ്ടത് എന്നായിരുന്നു ചോദ്യത്തിന്റെ അര്‍ത്ഥം. സമീപവാസിയെയാണല്ലോ ‘അയല്ക്കാരന്‍’ എന്നു സാധാരണ വിളിക്കാറ്. എന്നാല്‍, യഹൂദരെ സംബന്ധിച്ച് അയല്‍പക്കത്തു താമസിക്കുന്നവരായിരുന്നില്ല അവരുടെ അയല്‍ക്കാര്‍. മറിച്ച്, യഹൂദവംശത്തില്‍ പെട്ടവര്‍ മാത്രമായിരുന്നു. അതായത്, ഒരു യഹൂദന് മറ്റു യഹൂദരെ മാത്രമേ സ്‌നേഹിക്കാന്‍ കടമയുണ്ടായിരുന്നുള്ളു. എന്നാല്‍, അയല്‍ക്കാരന് ഈശോ പുതിയ നിര്‍വചനം നല്കുന്നതാണു സുവിശേഷത്തില്‍ തുടര്‍ന്നു നമ്മള്‍ കാണുന്നത്.

‘ആരാണ് എന്റെ അയല്‍ക്കാരന്‍?’ എന്നു ചോദിച്ച നിയമജ്ഞനോട്, ‘ഒരുവന് ആരുടെയെല്ലാം അയല്‍ക്കാരനാകാം’ എന്നു വ്യക്തമാക്കുന്നതാണ് ഈശോ അരുളിച്ചെയ്ത നല്ല സമരിയാക്കാരന്റെ ഉപമ. നമുക്കെല്ലാവര്‍ക്കും ഒരേയൊരു പിതാവു മാത്രമുള്ളതുകൊണ്ട് നമ്മള്‍ എല്ലാവരും സഹോദരരും അയല്‍ക്കാരുമാണ്; പരസ്പരം സ്‌നേഹിക്കാന്‍ കടപ്പെട്ടവരും. ഒരിജന്‍ ഈ ഉപമ വ്യാഖ്യാനിച്ചുകൊണ്ട് ഇപ്രകാരം എഴുതുന്നു: ‘പ്രമാണങ്ങള്‍ പാലിക്കാന്‍ ആഗ്രഹിക്കുകയും ആവശ്യത്തിലിരിക്കുന്നവര്‍ക്കെല്ലാം അയല്‍ക്കാരനാകാന്‍ തയ്യാറുള്ളവനു മാത്രമേ ജറിക്കോയിലേക്കു പോയ മനുഷ്യന്, അയല്‍ക്കാരനാകാന്‍ കഴിയുകയുള്ളു. ഉപമയുടെ അവസാനം ഇക്കാര്യം വ്യക്തമാകുന്നുണ്ട്. കവര്‍ച്ചക്കാരുടെ കൈയില്‍ അകപ്പെട്ട ഈ മനുഷ്യന് ആരാണ് അയല്‍ക്കാരനായി ഭവിച്ചത്? പുരോഹിതനോ ലേവായനോ അവന് അയല്‍ക്കാരനാകാന്‍ കഴിഞ്ഞില്ല. എന്നാല്‍, ആ നിയമജ്ഞന്‍ പറഞ്ഞതുപോലെ, അവനോട് കരുണ കാണിച്ചവന്‍ അയല്‍ക്കാരനായിത്തീര്‍ന്നു.’

വിശുദ്ധ അംബ്രോസ് ഈ ഉപമയുടെ പ്രതീകാത്മകമായ അര്‍ത്ഥം വ്യക്തമാക്കുന്നുണ്ട്. ജറീക്കോ ഈ ലോകത്തിന്റെ പ്രതീകമാണ്. ആദം സ്വര്‍ഗീയ ജറൂസലേമില്‍നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ ലോകത്തിലേക്കിറങ്ങി. തന്റെ അതിക്രമങ്ങളാല്‍, ജീവിക്കുന്നവരുടെ സ്ഥലത്തുനിന്നു മൃതരുടെ ഇടയിലേക്കിറങ്ങി… ലൗകിക പാപങ്ങളിലേക്കു തിരിഞ്ഞപ്പോള്‍ അവന്‍ കള്ളന്മാരുടെ കൈയില്‍ അകപ്പെട്ടു. സ്വര്‍ഗീയ പ്രമാണങ്ങളില്‍നിന്നു വ്യതിചലിക്കാതിരുന്നെങ്കില്‍ അവന്‍ വീഴുകയോ മുറിവേല്പ്പക്കപ്പെടുകയോ ഇല്ലായിരുന്നു. അന്ധകാരത്തിന്റെയും നിശയുടെയും ദൂതന്മാരല്ലാതെ മറ്റാരാണ് ഈ കവര്‍ച്ചക്കാര്‍?… അവര്‍ ആദ്യംതന്നെ, നമ്മള്‍ സ്വീകരിച്ച പ്രസാദവരത്തിന്റെ വസ്ത്രങ്ങള്‍ കവര്‍ന്നെടുക്കുന്നു. തുടര്‍ന്നു മുറിവേല്പ്പിക്കുന്നു… വഴിമദ്ധ്യേ ആ സമരായക്കാരന്‍ ശുശ്രൂഷിച്ചില്ലായിരുന്നുവെങ്കില്‍ മനുഷ്യവംശം വീണുപോകത്തക്കവിധം അത്ര മാരകമായ മുറിവാണ് അവനേറ്റത് (അംബ്രോസ്). സമരിയാക്കാരന്‍ എന്ന പദത്തിന് ‘സംരക്ഷകന്‍’ എന്നുള്ള അര്‍ത്ഥത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യനായവതരിച്ച ഈശോമിശിഹായാണ് യഥാര്‍ത്ഥ സമരായക്കാരന്‍ എന്ന് അംബ്രോസ് അഭിപ്രായപ്പെടുന്നു. രക്തസ്രാവക്കാരിയുടെ കാര്യത്തിലെന്നപോലെ, മുമ്പേ പോയവരാര്‍ക്കും സുഖപ്പെടുത്താന്‍ കഴിയാഞ്ഞവിധം അര്‍ദ്ധപ്രാണനായവനെ കണ്ടപ്പോള്‍ അവിടുന്ന് അടുത്തെത്തി. കരുണ തോന്നിയ അവിടുന്നു നമ്മുടെ വംശത്തിന്റെ വികാരങ്ങള്‍ സ്വീകരിച്ചപ്പോള്‍ അയല്‍ക്കാരനായി ഭവിച്ചു.

ഒരിജന്റെ അഭിപ്രായത്തില്‍, താഴേക്കു പോയ യാത്രികന്‍ ആദമാണ്. ജറുസലേം പറുദീസായാണ്. ജറീക്കോ ലോകവും. ശത്രുവിന്റെ ശക്തികളാണ് കച്ചവടക്കാര്‍. പുരോഹിതന്‍ പഴയനിയമമാണ്; ലേവായന്‍ പ്രവാചകരാണ്. സമരായന്‍ ഈശോയും. മുറിവുകള്‍ അനുസരണമില്ലായ്മയുടേതാണ്. സവാരിമൃഗം കര്‍ത്താവിന്റെ ശരീരമാണ്. പ്രവേശിക്കാനാഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കുന്ന സത്രം തിരുസഭയാണ്. സത്രം സൂക്ഷിപ്പുകാരന്‍ സഭയെ സംരക്ഷിക്കേണ്ട തലവനാണ്. രണ്ടു നാണയങ്ങള്‍ പഴയനിമയവും പുതിയ നിയമവുമാണ് (മെര്‍വിലെ ഈശോദാദ്). താന്‍ മടങ്ങിവരുമെന്നു സമരായന്‍ വാഗ്ദാനം ചെയ്യുന്നത് രക്ഷകന്റെ രണ്ടാം വരവിനെ സൂചിപ്പിക്കുന്നു. കവര്‍ച്ചക്കാരുടെ ഇടയില്‍പ്പെട്ട മനുഷ്യനോടു കരുണ തോന്നിയ സമരായന്‍ ഒരു യഥാര്‍ത്ഥ സംരക്ഷകന്‍ തന്നെയാണ്. നിയമത്തെയും പ്രവാചകരെയുംകാള്‍ അടുത്ത അയല്‍ക്കാരനുമാണ്. വാക്കുകളേക്കാളുപരി പ്രവൃത്തികളിലൂടെയാണ് താന്‍ അയല്‍ക്കാരനാണെന്ന് സമരായന്‍ കാണിച്ചത്.
വിശുദ്ധ ആഗസ്തീനോസ് നല്കുന്ന ഭാഷ്യം ഇപ്രകാരമാണ്: കവര്‍ച്ചക്കാര്‍ നിന്നെ വഴിയില്‍ അര്‍ദ്ധപ്രാണനാക്കിയിട്ട് പോയ്ക്കളഞ്ഞു. എന്നാല്‍, ആ വഴി വന്ന ദയാര്‍ദ്രനായ സമരിയാക്കാരന്‍ നിന്നെ കണ്ടെത്തി. വീഞ്ഞും എണ്ണയും നിന്റെമേല്‍ ചൊരിയപ്പെട്ടു. ഏകജാതന്റെ കൂദാശ നീ സ്വീകരിച്ചിരിക്കുന്നു. അവിടുത്തെ കഴുതപ്പുറത്തു നീ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. മിശിഹാ ശരീരം സ്വീകരിച്ചുവെന്നു നീ വിശ്വസിക്കുന്നു. നീ സത്രത്തിലേക്ക് ആനയിക്കപ്പെടുന്നു. സഭയില്‍ നീ സുഖം പ്രാപിക്കുന്നു.

ഒരിജന്‍ തുടര്‍ന്ന് നമ്മെയും ആഹ്വാനം ചെയ്യുന്നു: കവര്‍ച്ചക്കാരുടെ കൈയില്‍ അകപ്പെട്ട മനുഷ്യനോടു കരുണ കാണിച്ച മിശിഹായെ അനുകരിക്കാന്‍ നമുക്കു കഴിയും. നമുക്ക് അവരുടെ പക്കലേക്കു പോകാം. മുറിവുകള്‍ വച്ചുകെട്ടാം. എണ്ണയും വീഞ്ഞുമൊഴിക്കാം. നിയമജ്ഞനോടെന്നതിനേക്കാള്‍ നമ്മോടു തന്നെയാണ് അവിടുന്നു സംസാരിക്കുന്നത്: ‘പോയി അതുപോലെ ചെയ്യുവിന്‍.’ നമ്മള്‍ അതുപോലെ ചെയ്യുന്നെങ്കില്‍ ഈശോമിശിഹായില്‍ നമ്മള്‍ ജീവന്‍ പ്രാപിക്കും. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.