സ്വന്തം മക്കളെ ദൈവം ഒരിക്കലും കൈവിടുകയില്ല: മാർപ്പാപ്പ

ദൈവം ഒരുകാലത്തും സ്വന്തം മക്കളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ലെന്ന് മാർപ്പാപ്പ. ബുധനാഴ്ച സെന്റ് പീറ്റേഴ്സ് സ്വകയറിൽ എത്തിയ തീർത്ഥാടകരോട് സംസാരിക്കവെയാണ് മാർപ്പാപ്പ ഇക്കാര്യം പറഞ്ഞത്. പിതാവ് മക്കളെയെന്നപോലെ അവിടുന്ന് നമ്മെ വളരെയേറെ സ്നേഹിക്കുന്നുവെന്നും ഒരിക്കലും നമ്മെ അനാഥരായി വിടുകയില്ലെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

പിതാവിന് മക്കളോടുള്ളതിന് സമാനമായ ദൈവത്തിന്റെ സ്നേഹത്തിന് നമ്മെ യോഗ്യരാക്കിയത് മാമ്മോദീസായാണ്. മാമ്മോദീസായിലൂടെ നമ്മിൽ പതിഞ്ഞ, ഒരിക്കലും മായാത്ത പരിശുദ്ധാത്മാവിന്റെ മുദ്രയാണ്, ദൈവസ്നേഹത്തിന് നമ്മെ യോഗ്യരാക്കിയതും പാപത്തിൽ നിന്ന് നമ്മെ രക്ഷിക്കുന്നതും. പരിശുദ്ധ പിതാവ് വ്യക്തമാക്കി.

മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള വ്യക്തി എത്ര മാരകമായ പാപം ചെയ്താലും ആ മുദ്ര മായുന്നില്ല. എന്നാൽ ദൈവസ്നേഹം ആസ്വദിക്കുന്നതിനും വിമോചനത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനും ആ വ്യക്തിയ്ക്ക് തടസം നേരിടും. മാർപ്പാപ്പ ഓർമ്മിപ്പിച്ചു.

യേശുവിന്റേതിന് സമാനമായ ജീവിതം

എത്ര വലിയ പാപിയാണെങ്കിലും ദൈവം, ഒരു വ്യക്തിയെയും, ഒരു ഘട്ടത്തിലും ഉപേക്ഷിക്കുകയില്ല, തന്റെ സ്നേഹം അയാളിൽനിന്ന് പിൻവലിക്കുകയുമില്ല. എന്നാൽ ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ പാപം ഉപേക്ഷിക്കാനും വിശ്വാസത്തിലൂടെയും സ്നേഹത്തിലൂടെയും ക്രിസ്തുവിന് സാക്ഷികളാകാനും വിളിക്കപ്പെട്ടവരാണ് നാം.

മാമ്മോദീസാ വെള്ളത്തിലൂടെ മുദ്രിതരാക്കപ്പെട്ട നാം പുരോഹിതനും പ്രവാചകനും രാജാവുമായിരുന്ന ക്രിസ്തുവിനെ അനുകരിക്കാനും പിന്തുടരാനും കടപ്പെട്ടിരിക്കുന്നു. പരസ്നേഹത്തിലൂടെയാണ് അത് സാധ്യമാകുന്നത്. മാർപ്പാപ്പ വ്യക്തമാക്കി.

മാമ്മോദീസാ: ഉത്ഥാനത്തിലേക്കുള്ള വാതിൽ

മാമ്മോദീസായിലൂടെ യേശുവിനോട് ചേർന്ന് നാമും അടക്കം ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ യേശു ഉയിർത്തെഴുന്നേൽക്കുമ്പോൽ നമുക്കും ഉയിർപ്പും നവജീവിതവും നൽകപ്പെടുന്നു. അതായത് ഈ ലോക ജീവിതത്തിലെ യാതൊന്നിനും വേണ്ടിയല്ല, മറിച്ച് ക്രിസ്തുവിലുള്ള നിത്യജീവിതത്തിനുവേണ്ടിയാണ് മാമ്മോദീസാ ഒരു വ്യക്തിയെ ഒരുക്കുന്നത്. മാർപ്പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.