ആഗോള ക്‌നാനായ യുവജന സംഗമം: ‘ഐക്യം 2019’-ന് ഉജ്ജ്വല തുടക്കം

ക്‌നാനായ കത്തോലിക്ക യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ആഗോള ക്‌നാനായ യുവജന സംഗമം ‘ഐക്യം 2019’ ന് കടുത്തുരുത്തിയിൽ ഉജ്ജ്വല തുടക്കം.

കെ.സി.വൈ.എൽ-ന്റെ സുവർണ്ണജൂബിലിയോട് അനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 1,50-ലധികം ക്‌നാനായ യുവജന പ്രധിനിധികൾ പങ്കെടുത്ത സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നിർവ്വഹിച്ചു. ആഴമായ ദൈവ-വിശ്വാസത്തിലും സമുദായ പൈതൃകങ്ങളിലും അടിയുറച്ച് നിന്ന് വ്യക്തമായ ദിശാബോധത്തോടെ സദാ ജാഗരൂഗരായി മുന്നേറുവാൻ യുവജനങ്ങൾക്ക് കഴിയണമെന്ന് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. ദൈവാശ്രയ ബോധത്തോടെയും ജീവിത ദൗത്യത്തെക്കുറിച്ചുള്ള ഉൾകാഴ്ച്ചയോടെയും ഉത്തമ വ്യക്തികളായി വളരുവാൻ എല്ലാ യുവജനങ്ങൾക്കും ഐക്യം 2019-ലൂടെ സാധിക്കട്ടെയെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു.

കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ അദ്ധ്യക്ഷത വഹിച്ചു. കേരള ലോകായുക്ത റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത സഹായമെത്രൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജ്, കെ.സി.വൈ.എം പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, കെ.സി.വൈ.എൽ മലബാർ റീജൺ പ്രസിഡന്റ് ജോബിഷ് ജോസ്, ജനറൽ കൺവീനർ ഫാ. അബ്രഹാം പറമ്പേട്ട് , ഫാ. സന്തോഷ് മുല്ലമംഗലത്ത്, കെ.സി.വൈ.എൽ അതിരൂപത സെക്രട്ടറി ജോമി കൈപ്പാറേട്ട്  എന്നിവർ പ്രസംഗിച്ചു.

വിശുദ്ധ കുർബാനയ്ക്കു ശേഷം പ്രശസ്ത സിനി ആർട്ടിസ്റ്റ് സിജോ വർഗ്ഗീസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തുടർന്ന് യുവജനങ്ങൾ ,കലാപരിപാടികളും, ജപമാല പ്രദിക്ഷണവും, മ്യൂസിക് ബാൻഡും അവതരിപ്പിച്ചു.

സംഗമത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ പ്രശസ്ത വാഗ്മി ബ്രദർ മാരിയോ ജോസഫ്, കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. ഉച്ച കഴിഞ്ഞ് സുപ്രസിദ്ധ സിനിമ സംവിധായകനും സിനി ആർട്ടിസ്റ്റുമായ ദിലീഷ് പോത്തൻ വിശിഷ്ടാതിഥി ആയി പങ്കെടുത്തു സംസാരിച്ചു. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുമായി മുഖാഭിമുഖം നടത്തപ്പെട്ടു.

സമാപനസമ്മേളനത്തിൽ കെ.സി.ഐ.എൽ അതിരൂപതാ പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ച സമ്മേളനത്തിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ, തോമസ് ചാഴിക്കാടൻ എം. പി, ഫാ.ജോർജ്ജ് കുരിശുംമൂട്ടിൽ, ഡോ. മേഴ്‌സി മൂലക്കാട്ട്, മെൽബിൻ തോമസ്, ഫാ. ഫിലിപ്പ് രാമച്ചനാട്ട്, ഫാ. ബിബിൻ കണ്ടോത്ത്, ജോമി ജോസ്, ചിക്കു ചാക്കോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.