2021-ലെ ആഗോള കുടുംബസംഗമം റോമിൽ വച്ച് നടത്തപ്പെടും

ഫ്രാന്‍സിസ് പാപ്പാ വിളിച്ചുകൂട്ടുന്ന ആഗോള കുടുംബസംഗമം 2021 ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിൽ റോമിൽ വച്ച് നടക്കും. കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്യുന്ന അടുത്ത രാജ്യാന്തര കുടുംബസംഗമത്തിന്‍റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടത്.

“കുടുംബസ്നേഹം ഒരു വിളിയും വിശുദ്ധിയുടെ പാതയും” (Family love: a vocation and a path to holiness) എന്ന പ്രമേയവുമായി പാപ്പാ വിളിച്ചുകൂട്ടുന്ന ആഗോള കുടുംബസംഗമം 2021 ജൂണ്‍ 23 മുതല്‍ 27 വരെ തീയതികളിലാണ് റോമാ നഗരത്തില്‍ സംഗമിക്കുന്നത്. 1994-ല്‍ റോമില്‍ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ തുടക്കമിട്ട ആഗോള കുടുംബസംഗമമാണ് 10-ാം വാര്‍ഷികനാളില്‍ നിത്യനഗരത്തില്‍ തിരിച്ചെത്തുന്നത്.

‘അനുദിന ജീവിതത്തില്‍ കുടുംബങ്ങള്‍ക്ക് ആഴമായ ഒരു രക്ഷാകര പ്രസക്തിയുണ്ട്’ എന്ന് പങ്കുവയ്ക്കുന്നതായിരിക്കും എല്ലാ മൂന്ന് വര്‍ഷം കൂടുമ്പോഴും സംഗമിക്കുന്ന ഈ രാജ്യാന്തര കുടുംബസംഗമം. “സ്നേഹത്തിന്‍റെ ആനന്ദം” (Amoris Laetitita) എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ 5-ാം വാര്‍ഷികവും അതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ പ്രബോധിപ്പിച്ച “ആഹ്ളാദിച്ച് ഉല്ലസിക്കുവിന്‍” (Gaudete et Exultate) എന്ന അപ്പസ്തോലിക ലിഖിതത്തിന്‍റെ 3-ാ൦ വാര്‍ഷികവും കണക്കിലെടുത്താണ് കുടുംബങ്ങളുടെ രാജ്യാന്തരസംഗമം ഫ്രാന്‍സിസ് പാപ്പാ റോമില്‍ വിളിച്ചുകൂട്ടുന്നത്.

കുടുംബജീവിതം സ്വതന്ത്രമായും സത്യസന്ധമായും ജീവിക്കുന്നതിന്നു വിഘാതമാകുന്ന സാമൂഹികഘടകങ്ങള്‍ ഇന്ന് നിരവധിയാണ്. അതിനാല്‍ കുടുംബജീവിതത്തെയും വൈവാഹിക ജീവിതത്തെയും അതിന്‍റെ ഭാവിയെയും കുറിച്ച് ആശ്ചര്യപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരെ പിന്താങ്ങാനും പ്രകാശിപ്പിക്കാനുമുള്ള അവസരമായി സഭ, ആഗോള കുടുംബസംഗമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ‘സഭയുടെ മനോഹരമായ മുഖഭാവം അങ്ങനെ ക്രൈസ്തവ കുടുംബങ്ങളിലൂടെ ഏറ്റവും അധികം വെളിപ്പെടുത്തപ്പെടണം’ – ഇങ്ങനെ പ്രസ്താവിച്ചു കൊണ്ടാണ് കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ മെയ് 18-ാ൦ തീയതി റോമില്‍ ഇറക്കിയ പ്രസ്താവന ഉപസംഹരിച്ചത്.