പറന്നകന്നത് ജീവിതലാളിത്യത്തിന്റെ പ്രേഷിതന്‍-ജോര്‍ജ് കുറ്റിക്കലച്ചന്‍

കുറുനരികള്‍ക്ക് മാളങ്ങളും പറവകള്‍ക്ക് ആകാശവുമുണ്ട് പാര്‍ക്കാന്‍. മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ലെന്നുര ചെയ്ത ദൈവപുത്രന്റെ മന്നിലെ പിറവിക്ക് അഞ്ചുനാള്‍ ബാക്കി നില്‍ക്കേ, വിണ്ണിലെ ഗേഹത്തിലേക്ക് ആകാശപ്പറവകളുടെ കൂട്ടുകാരന്‍ പറന്ന് പറന്ന് പറന്ന് ചേക്കേറി. ജോര്‍ജ് കുറ്റിക്കലച്ചന്‍ ഭാരത സഭയ്ക്കു തന്നെ കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മയായി!

തെരുവിന്റെ മക്കള്‍ക്ക് രാപ്പാര്‍ക്കാന്‍ ചില്ലയൊരുക്കി, അതില്‍ കൂടുകെട്ടി ‘ആകാശപ്പറവകളുടെ കൂട്ടുകാര്‍’ (ഫ്രണ്ട്‌സ് ഓഫ് ദ് ബേര്‍ഡ്‌സ് ഓഫ് ദി എയര്‍) എന്ന ആത്മീയ പ്രസ്ഥാനത്തിന് രൂപവും ഭാവവും നല്‍കി അവര്‍ക്ക് പിതാവും മാതാവും സഹോദരനും സഹോദരിയുമൊക്കെയായിത്തീര്‍ന്ന ജോര്‍ജ് കുറ്റിക്കലച്ചന്‍ ദിവ്യകാരുണ്യ മിഷണറി (എംസിബിഎസ്) സമൂഹത്തിന്റെ രജത നക്ഷത്രമായിരുന്നു. തിരുപ്പിറവിയുടെ വരവറിയിച്ച് നക്ഷത്രക്കുഞ്ഞുങ്ങള്‍ ആകാശത്ത് കണ്‍ചിമ്മാന്‍ തുടങ്ങവേ, ഭൂമിയിലെ ഈ നക്ഷത്രം പൊലിഞ്ഞു. പക്ഷേ അണഞ്ഞുപോകുന്ന ഒരു താരകമല്ല ജോര്‍ജ് കുറ്റിക്കലച്ചന്‍. ഭാരതത്തിന്റെ അങ്ങോളമിങ്ങോളം അച്ചന്‍ തീര്‍ത്തിട്ടിരിക്കുന്ന നന്മയുടെ ചെരാതുകള്‍ കാലങ്ങള്‍ കടന്നാലും പ്രഭ ചൊരിഞ്ഞു നില്‍ക്കും; കുറ്റിക്കലച്ചന്റെ സ്മരണകള്‍ മരണമില്ലാതെ തെളിഞ്ഞുനില്‍ക്കും.

ഭാരത കത്തോലിക്കാ സഭ ആധുനികയുഗത്തില്‍ ദര്‍ശിച്ച ഏറ്റവും വലിയ പ്രേഷിത ധന്യനായിരുന്നു ജീവിത ലാളിത്യത്തിന്റെ മഹാമേരുവായ കുറ്റിക്കലച്ചന്‍. ജാതിമതഭേദമെന്യേ പതിനായിരങ്ങള്‍ക്ക് ജീവിതത്തിന്റെ പച്ചയായ മേച്ചില്‍പ്പുറങ്ങള്‍ കാട്ടിക്കൊടുത്തുകൊണ്ട്, കാല്‍ നൂറ്റാണ്ടിലേറെക്കാലം അതുല്യവും നിസ്തുലവുമായി പ്രവര്‍ത്തിച്ച ധന്യാത്മാവാണ് വിടവാങ്ങിയത്. ആത്മസമര്‍പ്പണത്തിന്റെയും ത്യാഗോജ്ജലമായ ജീവിതശൈലിയുടെയും ഉദാത്ത മാതൃകയായ ഭാരതത്തിന്റെ വലിയ മിഷണറിയായിരുന്നു കുറ്റിക്കലച്ചന്‍. വേദനിക്കുന്ന മനുഷ്യമക്കളുടെ ദീനരോദനങ്ങള്‍ക്കു മുന്നില്‍ ആശ്വാസത്തിന്റെയും സാന്ത്വന പരിചരണത്തിന്റെയും മാലാഖയായി രണ്ടരപതിറ്റാണ്ടുകാലം ജീവിത സമര്‍പ്പണം നടത്തിയ കുറ്റിക്കലച്ചന്‍ കേരളജനതയുടെ മനതാരില്‍ നിന്നും കൂടൊഴിയുകയില്ല. കാരണം, ആകാശപറവകളുടെ ഈ കൂട്ടുകാരന്‍ അത്രയ്‌ക്കേറെ മനുഷ്യമനസ്സുകളില്‍ മുദ്രിതമായിട്ടുണ്ട്. ലളിതമായ ജീവിതവും പ്രാര്‍ത്ഥനാ ചൈതന്യവും  കൊണ്ട് അനേകരെ നന്മയില്‍ ജീവിക്കാന്‍ പ്രേരിപ്പിച്ച സന്യാസവര്യനായിരുന്നു കുറ്റിക്കലച്ചന്‍. അശരണരുടെ ആലംബമാണ് കാലയവനികക്കപ്പുറത്തേക്ക് യാത്രയായിട്ടുള്ളത്. ആടുകളുടെ മണമുള്ള ഈ ഇടയനെ ഭാരതസഭയുടെ പ്രേഷിതവീഥിയില്‍ നിന്നും എളുപ്പം മായിക്കാന്‍ ആര്‍ക്കുമാവില്ല.

വിശുദ്ധ നട്ട നന്മമരം

പാവങ്ങളുടെ അമ്മയും ജീവിച്ചിരിക്കേ വിശുദ്ധയെന്ന് അറിയപ്പെടുകയും കത്തോലിക്കാ സഭ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തുകയും ചെയ്ത മദര്‍ തെരേസ നട്ട നന്മമരമാണ് ആകാശപ്പറവകളുടെ കൂട്ടുകാര്‍. ജോര്‍ജ് കുറ്റിക്കലച്ചന്‍ രൂപീകരിച്ച ആകാശപ്പറവകളുടെ ആദ്യ ആശ്രമത്തിന് തൃശൂര്‍ പീച്ചി ചെന്നായ്പ്പാറയില്‍ തിരിതെളിച്ച്, തുടക്കം കുറിച്ചത് വിശുദ്ധ മദര്‍ തെരേസയാണ്. ചെന്നായ്പ്പാറ ദിവ്യഹൃദയ ആശ്രമത്തില്‍ തെളിച്ച തിരിവെട്ടം ഭാരതം മുഴുവന്‍ പ്രകാശമാനമാക്കാന്‍ അധികം താമസം വന്നില്ല. തിരിതെളിച്ച ധന്യ വിശുദ്ധയും തെളിച്ചു നല്‍കിയ തിരി ഏറ്റുവാങ്ങിയ കുറ്റിക്കലച്ചനും ലോകത്തിന്റെ പ്രകാശമായി മാറുന്നതാണ് പിന്നീട് കാണാനായത്.

നിരവധിപേരുടെ നിരുത്സാഹപ്പെടുത്തലുകള്‍ക്കു മുന്നില്‍ പതറാതെയും നിരാശനാകാതെയും മുന്നേറിയതിന്റെ പരിണതഫലമാണ് മദര്‍ തെരേസയെ ചെന്നായ്പ്പാറയില്‍ കൊണ്ടുവരാന്‍ കുറ്റിക്കലച്ചന് കഴിഞ്ഞത്. തൃശൂര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ആശീര്‍വാദാനുഗ്രഹങ്ങള്‍ സ്വീകരിച്ച് ഒട്ടും ഹതാശനാകാതെ തന്നെ കൊല്‍ക്കത്തയിലേക്ക് വണ്ടികയറിയ കുറ്റിക്കലച്ചന്റെ മനസ് പൂര്‍ണമായി മന്ത്രിച്ചിരുന്നു; ‘മദര്‍ വരും.’ പ്രതീക്ഷയും പ്രത്യാശയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഈ വന്ദ്യപുരോഹിതന്റെ പുഞ്ചിരിക്കുന്ന മുഖത്തിനും നിര്‍മല ഹൃദയത്തിനും മുന്നില്‍ ആരും ‘അരുത്’ ‘ഇല്ല’ എന്ന വാക്കുകള്‍ പറഞ്ഞിട്ടില്ല. അതുതന്നെ ഇവിടെയും സംഭവിച്ചു. മദര്‍ തെരേസ കുറ്റിക്കലച്ചന്റെ ക്ഷണം സ്വീകരിച്ചു.

അച്ചന്‍ കൊല്‍ക്കത്തയില്‍ മദറിനെ കാണാനെത്തുമ്പോള്‍ ഒരു സഞ്ചിയും തൂക്കി മദര്‍ പുറത്തേക്കിറങ്ങാനൊരുങ്ങി നില്‍ക്കുകയായിരുന്നു. പക്ഷേ അച്ചനെ കണ്ടമാത്രയില്‍ യാത്രയ്ക്ക് വിരാമമിടുകയും പുറത്തു കിടന്നിരുന്ന ബഞ്ചില്‍ തന്നെ അച്ചനെ ഇരുത്തി മദര്‍ ആഗമനോദ്ദേശ്യം ആരാഞ്ഞു. ഭിക്ഷാടകരായ മക്കളെക്കുറിച്ചും അവരുടെ പുനരധിവാസത്തെക്കുറിച്ചെല്ലാം അച്ചന്‍ മദറിനോട് പങ്കുവച്ചപ്പോള്‍ നിശ്ശബ്ദയായി കേട്ടുകൊണ്ടിരുന്ന മദര്‍ ഒടുവില്‍ ഉച്ചരിച്ചത് ഒരു വാചകം: ”I will come” ഞാന്‍ വരാന്‍ ശ്രമിക്കാമെന്നോ വരാമെന്നോ എന്നല്ല പ്രത്യുത്തരിച്ചത്. ”ഞാന്‍ വരുമെന്ന” തീര്‍ച്ചയാണ് കുറ്റിക്കലച്ചനു നല്‍കിയത്. നിമിഷനേരം കൊണ്ടുതന്നെ കുണ്ടുകുളം പിതാവിനുള്ള മറുപടി കത്തും മദര്‍ തയ്യാറാക്കി കൊടുത്തു.

മാളയുടെ മാണിക്യത്തിന്റെ ഇടപെടല്‍

കുറ്റിക്കലച്ചന്റെ വലിയ ആഗ്രഹം പൂവണിഞ്ഞെങ്കിലും കടമ്പകള്‍ പിന്നെയും ബാക്കി നില്‍ക്കുകയായിരുന്നു. ചെന്നായ്പ്പാറയില്‍ വലിയ കെട്ടിടങ്ങളോ മറ്റനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ നടത്തിയിട്ടില്ല. മാത്രമല്ല ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ ഒരു റോഡുപോലുമില്ല. ഉരുളന്‍ കല്ലുകള്‍ ചിതറിക്കിടക്കുന്ന സഞ്ചാരയോഗ്യമല്ലാത്ത കുണ്ടും കുഴികളും നിറഞ്ഞ ഒരു വഴി. മദറിനെ എങ്ങിനെ അവിടെ എത്തിക്കും എന്ന ആകുലത അച്ചനെ ഭയചകിതനാക്കിയെങ്കിലും പ്രത്യാശ അച്ചന്‍ കൈവെടിഞ്ഞില്ല. കുണ്ടുകുളം പിതാവിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ പെട്ടെന്ന് മറുപടിയൊന്നും പിതാവ് അച്ചന് കൊടുത്തില്ല. പക്ഷേ കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീങ്ങിയെന്നതാണ് വിചിത്രം.

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും തൃശൂര്‍ മാളയുടെ മാണിക്യവുമായിരുന്ന കെ. കരുണാകരനായിരുന്നു അന്ന് കേരളമുഖ്യമന്ത്രി. ലീഡറും കുണ്ടുകുളം പിതാവുമായുള്ള സൗഹൃദം ദൃഢമായിരുന്നു. ആ സൗഹൃദത്തിന്റെ സ്വാതന്ത്ര്യം പിതാവിന് സമ്മാനിച്ചത് ചെന്നായ്പ്പാറ റോഡ് നിര്‍മ്മാണത്തിന് 33 ലക്ഷം രൂപ ഫണ്ട് അലോട്ട് ചെയ്തുകൊണ്ടായിരുന്നു. ഒല്ലൂര്‍ക്കാരന്‍ പി. പി. ജോര്‍ജും അന്ന് മന്ത്രിയായിരുന്നു. ഇദ്ദേഹത്തെ ലീഡര്‍ മദര്‍ തെരേസായുടെ ആഗമനവും തുടര്‍ന്നുള്ള പരിപാടികളും വിജയിപ്പിക്കാനായി ഒരു മാസത്തേക്ക് തൃശൂര്‍ക്ക് നിയോഗിക്കുകയും ചെയ്തു. ഇതുകൊണ്ടും കാര്യങ്ങള്‍ തീര്‍ന്നില്ല. മദര്‍ തെരേസയെ സംസ്ഥാനത്തിന്റെ അതിഥിയായി ലീഡര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

കുറ്റിക്കലച്ചന്റെ ആകാശയാത്ര

എല്ലാം ശുഭപര്യാവസാനിയായി എന്നു കരുതിയിരിക്കേയാണ് ഞെട്ടിക്കുന്ന ആ വാര്‍ത്ത കുറ്റിക്കലച്ചന്റെ കാതില്‍ പതിഞ്ഞത്; ‘മദര്‍ തെരേസ വീണ് എല്ലിനു പരിക്കുപറ്റിയിരിക്കുന്നു. യാത്രകളെല്ലാം റദ്ദാക്കിയിരിക്കുന്നു.’ കുണ്ടുകുളം പിതാവ് തൃശൂരില്‍ പത്രസമ്മേളനം വരെ നടത്തിക്കഴിഞ്ഞു. മദര്‍ തെരേസയുടെ ആഗമനമറിയിച്ചുകൊണ്ടുള്ള പ്രചരണങ്ങള്‍ കൊഴുത്തു നില്‍ക്കേയാണ് അപകട വാര്‍ത്തയെത്തുന്നത്. കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ആകാശപ്പറവകളുടെ കൂട്ടുകാരന്‍ ആദ്യ ആകാശയാത്രയ്ക്കു ഒരുങ്ങി. ആകാശപ്പറവകളെ കൂട്ടിലാക്കുന്നതിനു മുന്നേ കൂട്ടുകാരന്‍ ആകാശത്തേക്ക് പറന്നു. കുറ്റിക്കലച്ചന്റെ ആദ്യ വിമാനയാത്രയായിരുന്നു കൊല്‍ക്കത്തയിലേക്കുള്ള രണ്ടാം യാത്ര. കുറ്റിക്കലച്ചന്‍ കൊല്‍ക്കത്തയിലെത്തിയപ്പോള്‍ ദൈവം ഒരുക്കിവച്ചിരുന്ന സൗഭാഗ്യങ്ങള്‍ നിരവധിയായിരുന്നു. ആ പ്രഭാതത്തിലെ ബലിയര്‍പ്പണത്തിന് കുറ്റിക്കലച്ചനാണ് കാര്‍മ്മികനായത്. മദര്‍ തെരേസ നമ്രശിരസ്‌ക്കയായി ആ ബലിയില്‍ പങ്കെടുത്ത് അച്ചനില്‍ നിന്നും ദിവ്യകാരുണ്യം സ്വീകരിച്ചു. തുടര്‍ന്ന് മദറിനൊപ്പം പ്രഭാത ഭക്ഷണവും. അപ്പോഴാണ് ഊട്ടുമുറിയിലെ ഭിത്തിയില്‍ രേഖപ്പെടുത്തിയിരുന്ന വാചകം കുറ്റിക്കലച്ചന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ”I will fill the Heaven with Saints” (ഞാന്‍ വിശുദ്ധരെക്കൊണ്ട് സ്വര്‍ഗം നിറക്കും). കുറ്റിക്കലച്ചന്‍ ഇത് മനസില്‍ വായിച്ചശേഷം മദറിനോടു പറഞ്ഞു: ”Mother I want to become a Saint” ഇതു ശ്രവിച്ച മദര്‍ തെരേസ അത്യധികം സന്തോഷവതിയായി. കാരണം, ഒരു വൈദികനില്‍ നിന്ന് ഇത്തരമൊരു പ്രസ്താവന മദര്‍ കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു. ചെന്നായ്പ്പാറയിലേക്കുള്ള വരവ് ഉറപ്പാക്കി, മദറിന്റെ ആശീര്‍വാദവും സ്വീകരിച്ചാണ് അന്ന് കുറ്റിക്കലച്ചന്‍ കൊല്‍ക്കത്തയോട് വിടവാങ്ങിയത്. ഒരു പുതിയ, അല്ല ഒരു വിശുദ്ധ സൗഹൃദത്തിന്റെ തുടക്കമായിരുന്നു ആദ്യ ആകാശയാത്രയിലൂടെ ആകാശപ്പറവകളുടെ കൂട്ടുകാരന്‍ സ്വന്തമാക്കിയത്. പിന്നീട് ആര് കേരളത്തില്‍ നിന്ന് മദറിനെ സന്ദര്‍ശിക്കാനെത്തിയാലും ജോര്‍ജ് കുറ്റിക്കലച്ചനെക്കുറിച്ച് അമ്മ ചോദിക്കുമായിരുന്നു. വിശുദ്ധിയുടെ കയ്യൊപ്പു പതിഞ്ഞവരുടെ സൗഹൃദങ്ങള്‍ക്ക് വിരാമമുണ്ടാകില്ലല്ലോ.

2003-ല്‍ മദര്‍ തെരേസായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന റോമിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കുറ്റിക്കലച്ചന് അതീവ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ വിമാനക്കൂലിക്കുളള പണമില്ല. തെരുവുമക്കള്‍ക്കായി ശേഖരിച്ച നാണയ തുട്ടുകളില്‍ കയ്യിട്ടുവാരാന്‍ അച്ചന്‍ ഒരുക്കമല്ലായിരുന്നു. അവരെ വിശന്നിരിക്കാന്‍ അച്ചന്‍ അനുവദിക്കില്ലായിരുന്നു. പക്ഷേ ദൈവകൃപ അച്ചനെ കൈവിട്ടില്ല; ഒപ്പം മദറിന്റെ പ്രാര്‍ത്ഥനയും. ആകസ്മികമായി ന്യൂയോര്‍ക്കിലെ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പ് അച്ചന്റെ മനസ്സറിഞ്ഞിട്ടെന്നോണം വിമാനക്കൂലിക്കുളള പണം അയച്ചുകൊടുത്തിരിക്കുന്നു. പിന്നെ റോമിലെ ചെലവിന് ആന്റണി കൊല്ലംപറമ്പിലച്ചന്റെ ഔദാര്യം കൂടെ കൂട്ടിനെത്തിയപ്പോള്‍ എല്ലാം മംഗളകരമായി.

ദിവ്യകാരുണ്യ ഉടമ്പടി സമൂഹം

തെരുവിന്റെ മക്കള്‍ക്ക് അപ്പന്റെയും അമ്മയുടെയും സ്‌നേഹവും വാത്സല്യവും പകര്‍ന്നുകൊടുക്കാന്‍ ഒരപ്പനും ഒരമ്മയും വേണമെന്ന ജോര്‍ജ് കുറ്റിക്കലച്ചന്റെ വലിയ ഉള്‍ക്കാഴ്ചയില്‍ നിന്ന് രൂപംകൊണ്ടതാണ് ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം.

തെരുവിലലയുന്ന ഭിക്ഷാടകരെയും മാനസിക രോഗികളെയും മനുഷ്യമക്കളായിക്കണ്ട്, ദത്തെടുത്ത് അവര്‍ക്ക് നവജീവന്‍ നല്‍കാന്‍ വേണ്ടി 1993 ആഗസ്റ്റ് ആറിന് തിരുവനന്തപുരം വെട്ടുകാടില്‍ കുറ്റിക്കലച്ചന്‍ രൂപം നല്‍കിയ അല്മായ പ്രസ്ഥാനമാണ് ‘ആകാശപ്പറവകളുടെ കൂട്ടുകാര്‍.’ ഇവര്‍ക്ക് ചികിത്സയും പുനരധിവാസവും നല്‍കിയതുകൊണ്ട് മാത്രം അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്നുള്ള കണ്ടെത്തല്‍ കുറ്റിക്കലച്ചനെ കൊണ്ടെത്തിച്ചത് മാതൃ-പിതൃസ്‌നേഹത്തിന്റെ ഭാവത്തിലേക്കാണ്. ഇതിനുവേണ്ടി സഹോദരന്മാരുടെയും സഹോദരിമാരുടെയും ഒരു സമൂഹത്തിന് രൂപം നല്‍കാന്‍ അച്ചനെ പ്രേരിപ്പിച്ചു. തെരുവിലെ മക്കള്‍ക്ക് അപ്പനും അമ്മയും ആയിത്തീരാനുള്ള പൂര്‍ണമനസും മനോഭാവവുമാണ് ഈ സമൂഹത്തിന്റെ പ്രത്യേക ദൈവവിളിയിലേക്ക് കടന്നുവരാനുള്ള ആത്യന്തികമായ യോഗ്യത. ഒന്‍പതുവര്‍ഷത്തെ രൂപീകരണത്തിനുശേഷം വ്രതബദ്ധമായ ജീവിതം ആരംഭിക്കുന്നത് സഹോദരന്മാര്‍ ളോഹയും സഹോദരിമാര്‍ ഹാബിറ്റും ധരിച്ചാണ്. പക്ഷേ ഇവരെ ബ്രദറെന്നോ സിസ്റ്ററെന്നോ സംബോധന ചെയ്യാതെ ‘അപ്പന്‍’ ‘അമ്മ’ എന്നാണ് വിളിക്കുക.

1997 ഡിസംബര്‍ 25-ന് കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടാണ് ആകാശപ്പറവകളുടെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം പിറവികൊള്ളുന്നത്. അപ്പന്മാരുടെ പ്രധാനകേന്ദ്രം മലയാറ്റൂര്‍ മാര്‍വാലാഹ ദയറയും അമ്മമാരുടെ കേന്ദ്രം കറുകുറ്റി എടക്കുന്ന് കരുണാഭവനുമാണ്. കേരളമുള്‍പ്പടെ ഭാരതത്തിലെ 12 സംസ്ഥാനങ്ങളിലെ ആകാശപ്പറവകളുടെ വിവിധ ഭവനങ്ങളിലായി അയ്യായ്യിരത്തിലധികം തെരുവോര മക്കളാണ് ശാന്തജീവിതം നയിച്ചുവരുന്നത്. ഇവര്‍ക്കൊക്കെ അപ്പന്മാരായി 15 പേരും അമ്മമാരായി 50 പേരും ശുശ്രൂഷാജീവിതം നയിക്കുന്നു. തെരുവിലെ മക്കളുടെ പ്രായമോ ജാതിയോ ലിംഗമോ പരിഗണിക്കാതെയാണ് സ്വന്തമാക്കിയെടുക്കുന്നത്. ഇവര്‍ക്കൊക്കെ ദിവ്യകാരുണ്യ ഉടമ്പടി സമൂഹം മാതാപിതാക്കളുടെ സ്‌നേഹലാളനകള്‍ പകര്‍ന്നുകൊടുക്കുകയാണ്.

നന്മയ്‌ക്കേറ്റ തിരുമുറിവ് 

തെരുവുമക്കളുടെ സംരക്ഷണ- പുനരധിവാസങ്ങള്‍ നടത്തുകയും അവരെയൊക്കെ ജീവിതത്തിന്റെ ഭാസുരഭാവിയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്ത കുറ്റിക്കലച്ചന്‍ അന്നവും അറിവും പകര്‍ന്നുകൊടുത്ത മിഷണറിയായിരുന്നെങ്കിലും ആ നന്മയെ കുത്തിമുറിവേല്‍പ്പിക്കാനും സമൂഹം കച്ചകെട്ടിയിറങ്ങി. സൗമ്യവധക്കേസുമായി ബന്ധപ്പെട്ട് ഗോവിന്ദച്ചാമിയെ കൂട്ടി അച്ചനെ കുത്തിമുറിവേല്‍പ്പിച്ചപ്പോള്‍ പ്രതികാരവുമായി അച്ചന്‍ ആരെയും സമീപിച്ചില്ല. പ്രാര്‍ത്ഥന കൊണ്ട് ആ മുറിവിനെ തിരുമുറിവായി സ്വീകരിക്കുക മാത്രമാണ് ചെയ്തത്. പഴിപറച്ചിലുകളും ആരോപണങ്ങളും കൂര്‍ത്ത ശരങ്ങളായി തനിക്കു നേരെ വരുമെന്നറിയാമായിരുന്നിട്ടും ഒരിക്കല്‍ പോലും നന്മയുടെ പക്ഷം വിട്ട് തിന്മയിലേക്ക് വഴിമാറാന്‍ അച്ചന്‍ ഒരുങ്ങിയിട്ടില്ല. ഇതൊക്കെ തനിക്കു ലഭിക്കുന്ന കുരിശുകളായി സ്വീകരിക്കാനും സന്തോഷത്തോടെ അവ ചുമക്കാനും അച്ചന്‍ എന്നും തയ്യാറായിരുന്നു. കാരണം, ദിവ്യകാരുണ്യത്തിലധിഷ്ഠിതമായ സന്യാസജീവിതമായിരുന്നു അച്ചന്റേത്. ദിവ്യകാരുണ്യം തനിക്കു നല്‍കുന്ന ശക്തിയും സംരക്ഷണവും അച്ചന്‍ എന്നും ഏറ്റുപറയുമായിരുന്നു. ഒരു എംസിബിഎസ് സഭാംഗമെന്ന് അറിയപ്പെടാന്‍ അച്ചന് വലിയ താല്‍പര്യവും സന്തോഷവുമായിരുന്നു.

മറ്റുള്ളവരുടെ തിന്മകള്‍ കണ്ട് അവയ്‌ക്കെതിരെ പ്രതികരിക്കാനല്ല ജോര്‍ജ്ജച്ചന്‍ തയ്യാറായിരുന്നത്. അവര്‍ക്കുവേണ്ടി മാപ്പുപറയാനും തിന്മ പ്രവര്‍ത്തിച്ചവരോട് ക്ഷമ ചോദിക്കാനും അച്ചന്‍ എത്രയോ തവണ എളിമപ്പെട്ട സംഭവങ്ങളുണ്ട്. കടലില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച കൊല്ലം ചവറയിലെ കുടുംബത്തിലെ കുടുംബനാഥനെ ആത്മഹത്യാശ്രമത്തിനും കൊലപാതകത്തിനും അറസ്റ്റ് ചെയ്ത് പൊലീസ് ജയിലിലടച്ചപ്പോള്‍ അയാളുടെ പിതാവുമായുള്ള വൈരാഗ്യമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുറ്റിക്കലച്ചന്‍ മനസ്സിലാക്കി. കുറ്റിക്കലച്ചന്‍ ആ മനുഷ്യന്റെ കുറ്റങ്ങള്‍ക്കുവേണ്ടി ജയിലിലെത്തി ശിക്ഷ അനുഭവിക്കുന്ന മകന്റെ പാദങ്ങള്‍ ചുംബിച്ച് പിതാവിനുവേണ്ടി മാപ്പപേക്ഷിച്ചത് ഹൃദയാവര്‍ജകമായിരുന്നു. എളിമയുടെ പാഠങ്ങള്‍ കുറ്റിക്കലച്ചന്‍ പ്രസംഗിക്കുകയല്ലായിരുന്നു. ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു.

സ്വപ്നങ്ങള്‍ ബാക്കിയാക്കിയുള്ള യാത്ര

തെരുവുമക്കള്‍ക്കും ഭിക്ഷാടകര്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ച ജോര്‍ജ് കുറ്റിക്കലച്ചന്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തില്‍ ഇനിയും പൂര്‍ത്തിയായി കാണേണ്ട സ്വപ്നങ്ങള്‍ കണ്ടിരുന്നു. അതൊക്കെ ഫലപ്രദമായി കാണാന്‍ കഴിയാതെയാണ് ഈ മനുഷ്യസ്‌നേഹി തെരുവും തെരുവോരവാസികളുമില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നത്. തന്റെ ശുശ്രൂഷകളുടെ സമ്പൂര്‍ണതയ്ക്കായി ആകാശപ്പറവകളുടെ സെന്ററുകളിലൊക്കെ ദിവ്യബലിയര്‍പ്പിക്കാനുള്ള സൗഭാഗ്യം ഉണ്ടാകുന്ന പുലര്‍കാലം അച്ചന്റെ വലിയ ആഗ്രഹമായിരുന്നു. ദിവ്യകാരുണ്യകേന്ദ്രീകൃതമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുമ്പോള്‍ ശക്തിയും പ്രചോദനവും ഉണ്ടാകുമെന്ന് പൂര്‍ണ്ണബോധ്യമുള്ള ദിവ്യകാരുണ്യ പ്രേഷിതനാ യിരുന്നു കുറ്റിക്കലച്ചന്‍. ആകാശപ്പറവകള്‍ മരണപ്പെട്ടുകഴിഞ്ഞാല്‍ ഇവരെ എവിടെയെങ്കിലും കൊണ്ടുപോയി മറവുചെയ്യുന്നതിനുപകരം അതാത് ഇടവക പള്ളി സെമിത്തേരികളില്‍ മാന്യമായി സംസ്‌ക്കരിക്കാനുള്ള സൗകര്യം സൃഷ്ടിച്ചെടുക്കുക എന്നത് അച്ചന്റെ സ്വപ്നമായിരുന്നു. തെരുവുമക്കളുടെ ദിവ്യകാരുണ്യ ഉത്സവങ്ങളില്‍ അവര്‍ക്കൊപ്പം വന്നിരുന്ന് ഭക്ഷണം കഴിക്കാന്‍ ആര്‍ജവത്വം കാണിക്കുന്ന സഭാപിതാക്കന്മാര്‍ ഈ മക്കളുടെ വിവാഹാശീര്‍വ്വാദ കര്‍മ്മങ്ങളില്‍ കൂടി പങ്കെടുക്കുന്നതു കാണാന്‍ കുറ്റിക്കലച്ചന് അതീവ മോഹമായിരുന്നു. ഇത്തരം കാര്യങ്ങള്‍ തന്റെ ജീവിതകാലത്തു കണ്ടനുഭവിച്ച് കടന്നുപോകാന്‍ കുറ്റിക്കലച്ചനു കഴിഞ്ഞില്ല. അച്ചന്‍ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നതുപോലെ ‘തമ്പുരാന്റെ ഇടപെടലുകള്‍ തക്കസമയത്ത് നടക്കുമെന്നത്’ കാത്തിരുന്ന് നമുക്ക് കാണാം. ഈ സ്വപ്നങ്ങളുടെ പൂര്‍ത്തീകരണത്തിന് കുറ്റിക്കലച്ചന്റെ സ്വര്‍ഗീയ മാധ്യസ്ഥ്യം ആകാശപ്പറവകളുടെ കൂട്ടുകാര്‍ക്കുണ്ടാകുമെന്ന് സുനിശ്ചിതമായി വിശ്വസിക്കാം.

ജോസ് ക്ലമന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.