വിശുദ്ധരായ പത്ത് കത്തോലിക്കാ അമ്മമാർ

കത്തോലിക്കരായി ജീവിച്ച് വിശുദ്ധരായ പത്ത് അമ്മമാരെ നമുക്ക് ഈ ലേഖനത്തിലൂടെ പരിചയപ്പെടാം. കുടുംബത്തിലും നിത്യജീവിതാനുഭവങ്ങളിലും വിശുദ്ധരായി നിലകൊണ്ടവർ. സ്വർഗ്ഗത്തിൻ്റെ മഹത്വകിരീടം സ്വന്തമാക്കിയ ഈ അമ്മമാർ നമുക്ക് മാതൃകയും പ്രചോദനവുമാകട്ടെ.

1. വിശുദ്ധ ജിയന്ന ബെറെറ്റ മൊല്ല (1922-1962)

ഒരു ഇറ്റാലിയൻ വിശുദ്ധയാണ് ജിയന്ന. ജിയന്ന വിശുദ്ധമായ കാഴ്ചപ്പാടുകളുള്ള ഒരു നല്ല ഡോക്ടർ കൂടിയായിരുന്നു. “പുരോഹിതൻ യേശുവിനെ സ്പർശിക്കുന്നതുപോലെ, ഞങ്ങൾ ഡോക്ടർമാർ നമ്മുടെ രോഗികളുടെ ശരീരത്തിൽ യേശുവിനെ തൊടുന്നു.” എന്നവൾ പറയാറുണ്ടായിരുന്നു. പിയട്രോ മൊല്ലയായിരുന്നു ജിയന്നയുടെ ഭർത്താവ്. സന്തുഷ്ട കുടുംബജീവിതത്തിനിടയിൽ നാലാമത്തെ കുഞ്ഞിനെ ഗർഭംധരിച്ച കാലയളവിലാണ് ജിയന്നയ്ക്ക് മാരകമായ കാൻസർ രോഗം പിടിപെടുന്നത്. ജിയന്ന ഒരു ഡോക്ടർ ആയിരുന്നതുകൊണ്ടുതന്നെ തൻ്റെ രോഗത്തിൻ്റെ ഗൗരവം അറിയാമായിരുന്നു. ഡോക്ടർമാർ ഗർഭച്ഛിദ്രം നിർദ്ദേശിച്ചെങ്കിലും ജിയന്ന അതിനു വഴങ്ങിയില്ല. ഗർഭവതിയായതുകൊണ്ടുതന്നെ കാൻസർ രോഗത്തിനുള്ള ചികിത്സകൾ സ്വീകരിക്കാതെ അവൾ കുഞ്ഞിൻ്റെ ജീവനുവേണ്ടി നിലകൊണ്ടു. അങ്ങനെ കുഞ്ഞിനു ജന്മം നൽകി ഒരാഴ്ചയ്ക്കുശേഷം 1962 ഏപ്രിൽ 28 ന് തൻ്റെ മുപ്പത്തൊമ്പതാം വയസ്സിൽ ജിയന്ന മരിച്ചു. 2004 മെയ് 16 ന് വിശുദ്ധ ജോൺ പോൾ മാർപാപ്പ ജിയന്നയെ വിശുദ്ധയെന്നു നാമകരണം ചെയ്തു.

2. വിശുദ്ധ മോനിക്ക (332-387)

322 ൽ ആഫിക്കയിലെ തഗാസ്തെയിലാണ് വിശുദ്ധ മോനിക്കയുടെ ജനനം. മോനിക്കയുടെ മാതാപിതാക്കൾ അവളെ പട്രീഷ്യസ് എന്ന ഒരു യുവാവിന് വിവാഹം ചെയ്തു കൊടുത്തു. അദ്ദേഹം കഠിനാധ്വാനിയായിരുന്നെങ്കിലും കടുത്ത നിരീശ്വരവാദിയും അക്രമാസക്തനും നിരവധി സ്ത്രീകളുമായി ബന്ധമുള്ളവനുമായിരുന്നു. 30 വർഷത്തോളം നീണ്ട അവളുടെ നിരന്തര പ്രാർത്ഥനയ്‌ക്കൊടുവിൽ പട്രീഷ്യസ് മാനസാന്തരപ്പെട്ടു. 371 ൽ അവളുടെ ആഗ്രഹപ്രകാരം അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. തുടർന്ന് ഒരുവർഷത്തിനുള്ളിൽ അദ്ദേഹം മരണമടയുകയ്യും ചെയ്തു. അന്ന് അവരുടെ ഏക മകൻ അഗസ്റ്റിന് 17 വയസ്സായിരുന്നു. അവനും വഴിവിട്ട ജീവിതമായിരുന്നു നയിച്ചിരുന്നത്. പതിനഞ്ച് വർഷം പ്രാർത്ഥിച്ചും പരിത്യാഗം ചെയ്തും മകൻ്റെ മനസാന്തരത്തിനായി അവൾ ജീവിച്ചു. ഒടുവിൽ അഗസ്റ്റിനും മാനസാന്തരപ്പെട്ട് വിശുദ്ധിയുടെ പാതയിലേക്കുവന്നു. 387 ൽ തൻ്റെ അമ്പത്തഞ്ചാം വയസ്സിൽ മോനിക്ക മരണമടഞ്ഞു. പല അമ്മമാരും ഭാര്യമാരും തങ്ങളുടെ കുട്ടികളുടെയും ഭർത്താക്കന്മാരുടെയും മനസാന്തരത്തിനായി വിശുദ്ധ മോനിക്കയോട് പ്രാർത്ഥിക്കുന്നു.

3. കാസിയയിലെ വിശുദ്ധ റീത്ത (1381-1457)

ചെറുപ്പം മുതൽ ഒരു സന്യാസിനിയായി ജീവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും റീത്തയുടെ മാതാപിതാക്കൾ അവളെ പൗലോ ഫെർഡിനാൻഡോ എന്ന യുവാവിന് വിവാഹം ചെയ്തു കൊടുത്തു. കൂലിപ്പണി ചെയ്ത് കുടുംബം നയിക്കുന്ന കുടുബമാണ് പൗലോയുടേത്. പൗലോ ഒരു മദ്യപാനിയും സ്‌ത്രീലമ്പടനും അക്രമസ്വഭാവമുള്ളവനുമായിരുന്നു. എങ്കിലും, റീത്ത ഭർത്താവിനോട് വിശ്വസ്തയായിരുന്നു. അങ്ങനെ അവർക്ക് ഇരട്ടക്കുട്ടികൾ ജനിച്ചു. ആ കുട്ടികൾക്ക് പൗലോയുടെ സ്വഭാവമായിരുന്നു. അത് റീത്തയെ വേദനിപ്പിച്ചെങ്കിലും തനിക്കു വേദനകൾ സമ്മാനിച്ച ദൈവത്തിൽ അവൾ ശക്തി കണ്ടെത്തി. റീത്തയുടെ പ്രാർത്ഥനയുടെയും പരിത്യാഗത്തിൻ്റെയും ഫലമായി 20 വർഷങ്ങൾക്കുശേഷം പൗലോ വിശുദ്ധമായ ജീവിതത്തിലേക്ക് പ്രവേശിച്ചു. അധികം വൈകാതെ പൗലോയുടെ ശത്രുക്കൾ അദ്ദേഹത്തെ വധിച്ചു. പിതാവിൻ്റെ ഘാതകനെ കൊല്ലുവാൻ നിശ്‌ചയിച്ചുറച്ച തൻ്റെ മക്കളുടെ മനസാന്തരത്തിനുവേണ്ടി റീത്ത പ്രാർത്ഥിച്ചു. പൗലോയുടെ ഘാതകനെ തൻ്റെ മക്കൾ കണ്ടുമുട്ടുന്നതിനുമുമ്പ് അവർ മരിക്കണം എന്നവൾ പ്രാർത്ഥിച്ചു. മക്കൾ മരിക്കുന്നതിനു മുൻപ് പിതാവിൻ്റെ ഘാതകനോട് ക്ഷമിക്കുവാൻ ദൈവം അനുവദിച്ചു. മക്കളുടെ മരണശേഷം 1417 ൽ റീത്ത അഗസ്റ്റീനിയൻ സന്യാസിനീസമൂഹത്തിൽ അംഗമായിച്ചേർന്നു. അവിടെ പ്രാർത്ഥനയിലും ക്രിസ്തുവിൻ്റെ പീഡാനുഭവധ്യാനത്തിലും കഴിഞ്ഞു.1443 ൽ റീത്തയ്ക്ക് പഞ്ചക്ഷതങ്ങൾ ലഭിച്ചു. ഗുരുതരമായ അസുഖത്തെതുടർന്ന് 1457 ൽ റീത്ത മരണമടഞ്ഞു. ഇന്നും വിശുദ്ധ റീത്തയുടെ ശരീരം അഴുകാതെ നിലകൊള്ളുന്നു. പഞ്ചക്ഷതക്കാരിയായ വിശുദ്ധ റീത്ത അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥകൂടിയാണ്.

4. വിശുദ്ധ മരിയ ടോറിബിയ

സ്‍പൈനിലെ മാഡ്രിഡിന് സമീപമാണ് മരിയ ടോറിബിയ ജനിച്ചത്. അവൾ സാൻ ഇസിഡ്രോ ലാബ്രഡോറിൻ്റെ ഭാര്യയായിരുന്നു. അദ്ദേഹം ഭക്തിയും എളിമയും ക്ഷമയുമുള്ള വ്യക്തിയായിരുന്നു. മരിയ എല്ലായ്‌പ്പോഴും അദ്ദേഹത്തോട് വിധേയത്വം പുലർത്തിയിരുന്നു. അവർക്ക് ഒരു കുഞ്ഞു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിയയും ഇസിഡ്രോയും പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ച് ജീവിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവർ വേർപിരിഞ്ഞു ജീവിക്കാൻ തീരുമാനിച്ചു. ഇസിഡ്രോ മാഡ്രിഡിലും മരിയ ഒരാശ്രമത്തിലും താമസമാക്കി. മരിയ അവിടെ ധ്യാനത്തിലും കാരുണ്യപവൃത്തികളിലും ജീവിതം നയിച്ചു. മരിയ മരണമടഞ്ഞപ്പോൾ അവളെ ആ ആശ്രമത്തിൽ തന്നെ സംസ്കരിച്ചു. വിശുദ്ധയുടെ ഭൗതീക അവശിഷ്ട്ടങ്ങൾ മാഡ്രിഡിൽ ആദരിക്കപ്പെടുന്നു. തലയുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ നിന്നും സൗഖ്യം പ്രാപിക്കാൻ മരിയ ടോറിബിയയുടെ മധ്യസ്ഥ്യം ശക്തമാണ്.

5. വിശുദ്ധ അന്ന, പരിശുദ്ധ കന്യാമറിയത്തിൻ്റെ അമ്മ

നസ്രത്തിൽ ജീവിച്ചിരുന്ന ധനികരും ഭക്തരുമായ ദമ്പതികളായിരുന്നു യോവാക്കിമും അന്നയും. മക്കളില്ലാത്തതിൻ്റെ പേരിൽ അവർ സമൂഹത്തിൽ ഒറ്റപ്പെടുകയും വളരെ അധികം വേദനിക്കുകയും ചെയ്തിരുന്നു. ഒരുദിവസം യോവാക്കിം തൻ്റെ വേദന ദൈവത്തോട് പങ്കുവയ്ക്കാൻ മലമുകളിലേക്ക് പോയി. ഭർത്താവിൻ്റെ അസാന്നിധ്യവും അദ്ദേഹത്തിൻ്റെ ഹൃദയവ്യഥയും മനസ്സിലാക്കിയ അന്ന തൻ്റെ വന്ധ്യത മാറ്റിത്തരണമെന്നും തങ്ങൾക്കു നല്കുന്ന കുഞ്ഞിനെ ദൈവത്തിനു കാഴ്ച്ചനൽകാമെന്നും വാഗ്ദാനം ചെയ്തു.ദൈവം അവളുടെ പ്രാർത്ഥന കേട്ട് ഒരു ദൂതനെ അയച്ച് അവളോട് പറഞ്ഞു “ഹന്നാ, കർത്താവ് നിൻ്റെ കണ്ണുനീർ കണ്ടു; നീ ഗർഭം ധരിച്ച് പ്രസവിക്കും, നിൻ്റെ ഉദരഫലം ലോകം മുഴുവൻ അനുഗ്രഹിക്കും.” ഭാര്യയുടെ അടുത്തേക്ക് മടങ്ങിയ ജോക്കിമിനും ഈ മാലാഖ അതേ വാഗ്ദാനം നൽകിയിരുന്നു. അങ്ങനെ അവർക്ക് ദൈവം ഒരു കുഞ്ഞിനെ നൽകി.അവർ അവൾക്ക് മറിയം എന്ന പേര് നൽകി. വാഗ്ദാനപ്രകാരം അവർ മറിയത്തെ ദേവാലയത്തിൽ കാഴ്ച്ചവച്ചു.

6. ഫോളിഗ്നോയിലെ വാഴ്ത്തപ്പെട്ട ഏഞ്ചല (1249-1309)

വിശുദ്ധ ഫ്രാൻസിസിന്റെ നാടായ അസ്സീസിക്ക് സമീപമാണ് ഏഞ്ചല താമസിച്ചിരുന്നത്. ചെറുപ്പം മുതൽ സമ്പത്തിലും സ്വാതന്ത്ര്യത്തിലുമാണ് അവൾ ജീവിച്ചിരുന്നത്. വിശുദ്ധ ഫ്രാൻസിസിന്റെ മാതൃക അവളെ സ്പർശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അങ്ങനെ 1285 ൽ അവൾക്ക് 36 വയസ്സ് പ്രായമുള്ളപ്പോൾ അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോയി. ഒരു ദിവസം അവൾ പശ്ചാത്താപത്താൽ പീഡിപ്പിക്കപ്പെട്ടു. അതിൽ നിന്നും തന്നെ മോചിപ്പിക്കാൻ അവൾ വിശുദ്ധ ഫ്രാൻസിസിനോട്‌ ആവശ്യപ്പെട്ടു. തുടർന്ന് അവൾ സാൻ ഫെലിസിയാനോയിലെ പള്ളിയിൽ പോയി ഒരു കുമ്പസാരം നടത്തി. അവിടെ വച്ച് അവൾ ദൈവത്തോട് നിത്യബ്രഹ്മചര്യം നേരുകയും പ്രായശ്ചിത്തത്തിലും തപസ്സിലും ജീവിതം നയിക്കുകയും ചെയ്തു. അവളുടെ മനസാന്തരത്തിനു ശേഷം അവൾക്ക് അമ്മയെയും ഭർത്താവിനെയും എട്ട് മക്കളെയും തുടർച്ചയായി നഷ്ടപ്പെട്ടു. 1309-ൽ ഏഞ്ചല മരിച്ചു.

7. വിശുദ്ധ ക്ലോട്ടിൽഡ് (474-545)

ബർഗണ്ടിയിലെ രാജാവായ ചിൽപെറിക് രണ്ടാമൻ്റെ മകളായി ലിയോണിലെ ബർഗണ്ടിയൻ കൊട്ടാരത്തിലാണ് ക്ലോട്ടിൽഡ് ജനിച്ചത്. ഗോഥിക് രാജാവായ അത്തനാറിക്കിൻ്റെ വംശപരമ്പരയിൽ നിന്നാണ് അവൾ 493-ൽ ഫ്രാങ്കിഷ് രാജാവായ ക്ലോവിസ് ഒന്നാമനെ വിവാഹം ചെയ്യുന്നത്. ഒരിക്കൽ ജർമ്മനിക്കെതിരെയുള്ള യുദ്ധത്തിൽ വിജയിച്ചാൽ ക്രിസ്തുവിശ്വാസം സ്വീകരിക്കാൻ രാജ്ഞി തൻ്റെ ഭർത്താവിനെ ഉപദേശിച്ചു. ക്ലോവിസ് രാജാവ് വിജയം നേടുകയും രാജ്‌ഞിയുടെ ആഗ്രഹപ്രകാരം സ്നാനമേൽക്കുകയും ചെയ്തു. അതേ രാത്രി തന്നെ രാജാവിൻ്റെ സഹോദരിയും മൂവായിരം ആളുകളും കൂദാശ സ്വീകരിച്ചു.

അന്നു മുതൽ, ക്ലോട്ടിൽഡ് ഫ്രാൻസിലെ “സഭയുടെ ആദ്യപുത്രി” എന്ന് വിളിക്കപ്പെട്ടു. ദരിദ്രരോടുള്ള അവളുടെ ഔദാര്യവും, പരിശുദ്ധവും ഭക്തിനിർഭരവുമായ ജീവിതവും ക്ലോട്ടിൽഡിനെ എല്ലാവരും ഇഷ്ടപ്പെടാൻ കാരണമാക്കി. അവൾ ഒരു രാജ്ഞിയെക്കാൾ കന്യാസ്ത്രീയെപ്പോലെയാണെന്ന് അവളുടെ പ്രജകൾ പറയാറുണ്ടായിരുന്നു. ക്ലോവിസിൻ്റെ മരണശേഷം, അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ സിംഹാസനം ആഗ്രഹിച്ചതിനാൽ ഒരു യുദ്ധം ഉണ്ടായി. 36 വർഷക്കാലം, ക്ലോട്ടിൽഡ് അവരുടെ അനുരഞ്ജനത്തിനായി പ്രാർത്ഥിച്ചു. ഒരു ദിവസം, രണ്ട് സൈന്യങ്ങളും യുദ്ധത്തിന് തയ്യാറായപ്പോൾ, ശക്തമായ കൊടുങ്കാറ്റ് വീശുകയും യുദ്ധം തടസ്സപ്പെടുത്തുകയും ചെയ്തു.

8. വിശുദ്ധ ഹെലേന (270-329)

മഹാനായ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയും റോമൻ സാമ്രാജ്യത്തിൻ്റെ ചക്രവര്‍ത്തിനിയുമായിരുന്നു വിശുദ്ധ ഹെലേന. ഹെലേനയുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. എങ്കിലും അവൾ അന്നത്തെ റോമൻ സംസ്കാരത്തിലെ ഒരു ദരിദ്ര കുടുംബത്തിലും താഴ്ന്ന വിഭാഗത്തിലും ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. ദാരിദ്ര്യത്തിന്റെ നടുവിൽ ഹെലേന റോമൻ ജനറൽ കോൺസ്റ്റാന്റിയസ് ക്ലോറസിനെ കണ്ടുമുട്ടി. അവർ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു. അവക്കൊരു മകനുണ്ടായി. അദ്ദേഹമാണ് കോൺസ്റ്റന്റൈൻ ചക്രവർത്തി. പിന്നീട് അധികാരമോഹത്താൽ ഹെലേനയെ ഭർത്താവ് ഉപേക്ഷിച്ചു. സെന്റ് ഹെലേന 14 വർഷം കഷ്ടപ്പാടുകൾ സഹിച്ച് ക്രിസ്തുമതം സ്വീകരിച്ചു. 306-ൽ ഹെലേനയുടെ മകൻ കോൺസ്റ്റന്റൈൻ റോമൻ ചക്രവർത്തിയായി പ്രഖ്യാപിക്കപ്പെട്ടു, അദ്ദേഹം ഒരു വിജാതീയനായി തുടർന്നു. സക്സ റുബ്ര യുദ്ധത്തിനു മുമ്പ് അദ്ദേഹത്തിന് ഒരു കുരിശുരൂപം കാണപ്പെട്ടു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “ഈ അടയാളം ഉപയോഗിച്ച് നിങ്ങൾ വിജയിക്കും” ഈ ലിഖിതവും കുരിശും യുദ്ധവിജയവുമെല്ലാം അദ്ദേഹം ക്രിസ്തുമതം സ്വീകരിക്കാൻ കാരണമായി. അതിനുശേഷം തൻ്റെ സാമ്രാജ്യത്തിലുടനീളം ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. നല്ല പ്രവൃത്തികൾ ചെയ്യാൻ സർക്കാർ പണം ഉപയോഗിക്കാൻ അദ്ദേഹം തൻ്റെ അമ്മയെ അധികാരപ്പെടുത്തി.
ക്രിസ്തുവിന്റെ കുരിശ് കണ്ടെത്തിയത് വി. ഹെലേനയാണെന്ന് സഭ വിശ്വസിക്കുന്നു. 329-ൽ ഹെലേന മരണമടഞ്ഞു.

9. വിശുദ്ധ സെലിൻ ഗ്വെരിൻ, ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ അമ്മ (1831-1877)

യൗവനത്തിൽ സെലിന് കന്യാസ്ത്രീയാകാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മഠാധിപ അവൾക്ക് പ്രവേശനം നിരസിച്ചു. അതിനാൽ അവൾ ഒരു ലേസ് ബിസിനസ്സ് ആരംഭിച്ചു. അവളുടെ ജോലിയുടെ കൃത്യതയും മനോഹാരിതയും അവളുടെ സംരംഭത്തെ പ്രശസ്തനാക്കി. ജോലിക്കാരുമായി നല്ല ബന്ധം പുലർത്തുക എന്നത് അവളുടെ പ്രത്യേകതയായിരുന്നു. 1858-ൽ സെലിൻ തെരുവിലെ ലൂയി മാർട്ടിൻ എന്ന ഒരു യുവ വാച്ചു നിർമ്മാതാവിനെ കണ്ടുമുട്ടുകയും പിന്നീട് അവരിരുവരും പ്രണയത്തിലാവുകയും ചെയ്തു. മൂന്ന് മാസങ്ങൾക്കു ശേഷം അവരിരുവരും വിവാഹിതരായി. ധാരാളം കുട്ടികൾ ഉണ്ടാകണമെന്നും അവർക്കെല്ലാം സ്വർഗത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം നൽകണമെന്നും സെലിൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. പോളിന, ലിയോണിയ, മരിയ, സെലീന, തെരേസ എന്നീ അവളുടെ അഞ്ച് പെൺമക്കളും സന്യാസം വരിക്കാൻ കാരണം സെലിൻ്റെ ജീവിതമായിരുന്നു. അതിൽ വിശുദ്ധ കൊച്ചുത്രേസ്യാ സഭയുടെ വേദപാരംഗത കൂടിയാണ്. ലൂയി മാർട്ടിനും സെലിനും തമ്മിലുള്ള ബന്ധം ആഴമേറിയതും വിശുദ്ധവുമായിരുന്നു. 1865-ൽ സെലിന് സ്തനാർബുദംപിടിപെട്ടു. എങ്കിലും ദൈവകരങ്ങളിൽ നിന്ന് ആ രോഗത്തെ പരിഭവമില്ലാതെ സ്വീകരിച്ചു. രോഗത്തെത്തുടർന്ന് 1877-ൽ അവൾ മരിച്ചു. 2008-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും 2015 ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

10. പോർച്ചുഗലിലെ വിശുദ്ധ എലിസബത്ത് (1274-1336)

14-ാം വയസ്സിൽ എലിസബത്ത് പോർച്ചുഗൽ രാജാവായ ഡയോണിസസിൻ്റെ ഭാര്യയായി. അവൾ ഭക്തയും അർപ്പണബോധമുള്ളവളുമായിരുന്നു. അവളുടെ ഭർത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും അവരിൽ അദ്ദേഹത്തിന് കുഞ്ഞുങ്ങൾ ഉണ്ടെന്നും അവൾ വിവാഹത്തിനുശേഷം അറിഞ്ഞെങ്കിലും അവൾ അവരെ കൊട്ടാരത്തിൽ സ്വീകരിച്ചു. അപ്പോൾ രാജകുമാരനായ അൽഫോൻസോ തൻ്റെ രാജ്യത്വം നഷ്ടപ്പെടുമെന്ന് കരുതി പിതാവിനോട് മത്സരിക്കാനും അക്രമാസക്തമായി പ്രതികരിക്കാനും തുടങ്ങി. ഡിയോണിസ്സും മകൻ അൽഫോൻസോയും തമ്മിലുള്ള പോരാട്ടങ്ങളിൽ പലതവണ എലിസബത്ത് ഇടനിലക്കാരിയായി നിന്നിട്ടുണ്ട്. ഒരു ദിവസം, രക്തച്ചൊരിച്ചിൽ തടയാൻ രാജ്ഞി അവരിരുവരുടെയും സൈന്യങ്ങൾക്കിടയിൽ നിൽക്കേണ്ടിവന്നിട്ടുണ്ട്. 1325-ൽ ഭർത്താവിൻ്റെ മരണശേഷം, എലിസബത്ത് കോയിമ്പ്രയിലേക്ക് പിൻവാങ്ങി. അവിടെവച്ച് മരണമടഞ്ഞു.

സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.