കളിക്കളത്തില്‍ നിന്ന് കര്‍തൃസന്നിധിയിലേയ്ക്ക്! ബാസ്‌ക്കറ്റ്‌ ബോള്‍ താരം ഷെല്ലി പെന്നെഫാദര്‍, സി. റോസ് മേരിയായ സംഭവം

ആരാധകരുടെ കൈയ്യടികളും ആരവങ്ങളും കേട്ട് കളിക്കളത്തില്‍ താരമായി നിലകൊണ്ടിരുന്ന ഷെല്ലി പെന്നെഫാദര്‍ എന്ന യുവതി കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ തീരുമാനിച്ചത് ലോകശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു. 1991 ജൂണ്‍ 8-ന് കളിക്കളത്തില്‍ നിന്ന് കര്‍തൃസന്നിധിയിലേയ്ക്ക് അവള്‍ തന്റെ ജീവിതത്തെ വഴിതിരിച്ചു വിട്ടു. വില്ലനോവയിലെ വനിതാ ബാസ്‌കറ്റ്‌ ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച സ്‌കോറിനുടമയായ ഷെല്ലിയുടെ ആവേശോജ്ജ്വലമായ ദൈവവിളിയുടെ കഥ, സ്‌പോര്‍ട്‌സ് ചാനലായ ഇ.എസ്.പി.എന്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

കോളേജ് പഠനത്തിനുശേഷം ജപ്പാനിലെത്തിയ ഷെല്ലി, പ്രൊഫഷണല്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ദൈവവിളിയ്ക്ക് പ്രത്യുത്തരം നല്‍കാന്‍ തീരുമാനിച്ചത്. ഇരുപത്തഞ്ച് വയസായിരുന്നു അന്നവള്‍ക്ക് പ്രായം. വീട്ടുകാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം തടസം നിന്നിട്ടും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും സി. റോസ് മേരി ഓഫ് ദ ക്യൂന്‍ ഓഫ് ഏയ്ഞ്ചല്‍സ് എന്ന പേരില്‍ അലക്‌സാണ്ട്രിയായിലെ പുവര്‍ ക്ലെയേഴ്‌സ് മൊണാസ്ട്രിയില്‍ അവള്‍ അംഗമായി.

1994-ലായിരുന്നു വ്രതവാഗ്ദാനം. ലക്ഷക്കണക്കിന് ഡോളറുകളുടെ വരുമാനം വാഗ്ദാനം ചെയ്തുള്ള കരാറുകള്‍ നിരസിച്ചുകൊണ്ടാണ് അവര്‍ ആ തീരുമാനം കൈക്കൊണ്ടത് എന്നതും ശ്രദ്ധേയം. സഭയ്ക്കും അധികാരികള്‍ക്കും വിധേയപ്പെട്ട്, ക്രിസ്തുവിനു വേണ്ടി സന്തോഷത്തോടെ ജീവിക്കുകയാണ് ഷെല്ലി എന്ന സി. റോസ് മേരി. പലവിധ കാര്യങ്ങളില്‍ മനസുടക്കി, ദൈവവിളിയോട് മനഃപൂര്‍വം മുഖം തിരിക്കുന്ന സമൂഹവും തലമുറയും പാഠമാക്കേണ്ട, പ്രചോദനമായി കരുതേണ്ട ജീവിതം തന്നെയാണ് ഷെല്ലിയുടേതെന്ന് നിസ്സംശയം പറയാം.