ബഹറിന്‍ രാജാവിന്റെ ഷെഫ് ഇപ്പോള്‍ ബഥനി അസീസ്സി!

ക്ലിന്റന്‍ എന്‍. സി. ഡാമിയന്‍

നാലാഞ്ചിറ ബഥനി ആശ്രമത്തിലെ ജോൺ നിർമ്മലാനന്ദ് അച്ചന്‍ ജനിച്ചത്‌ ഒരു മാർത്തോമാ സഭാംഗമായിട്ടാണ്; പിന്നിട് ബഹറിന്‍ രാജാവിന്റെ  ഫൈവ് സ്റ്റാർ ഹോട്ടലായ ഷെറാൾഡിനിലെ കഫറ്റീരിയയിൽ ഷെഫ്; തുടര്‍ന്ന് ഒറ്റപ്പാലത്തെ ആയുർവേദാചാര്യൻ സ്വാമി നിർമലാനന്ദഗിരി, കുരിശുമലയിലെ ഫ്രാന്‍സിസ് ആചാര്യ എന്നിവരുമായുള്ള കൂടിക്കാഴ്ച… സംഭവ ബഹുലമാണ് ഈ ജീവിതം.

വളരെ ദുർഘടമാണ് പവിഴമുത്തുകളെ തേടിയുള്ള യാത്ര. അത് ഒരു മുക്കുവന്റെ ചിന്തകളിലെക്ക് നമ്മെ എത്തിക്കുന്നു. അടിത്തട്ടിൽ പോയി മുങ്ങി തപ്പിയാൽ മാത്രമേ മുത്തുകളെ കിട്ടുകയുള്ളു. കൂടാതെ തന്നെ എപ്പോഴും അവയെ കാണാകില്ല. പാറക്കൂട്ടങ്ങൾക്കിടയിൽ ആരും കാണാതെ കിടക്കുന്ന പവിഴമുത്തുകളെ തപ്പിയെടുക്കുക പ്രയാസകരം തന്നെയാണ്. അതു പോലെ തന്നെയാണ് സമർപ്പിത ജീവിതത്തിലെ പവിഴമുത്തുകളെയും. മുത്തുകളെതേടിയുള്ള യാത്ര അവസാനിച്ചത് നാലാഞ്ചിറ ബഥനി ആശ്രമത്തിലാണ്; ജോൺ നിർമ്മലാനന്ദ് അച്ചനെ തേടി. ആദ്യമൊക്കെ അടുക്കാൻ പ്രയാസകരമായിരുന്നു. എന്നാൽ അവസാനം മുൻപിൽ തുറക്കപ്പെട്ട ആർഷഭാരതത്തിന്റെ അസീസ്സിയെ വായനക്കാര്‍ക്ക്‌ മുൻപിൽ അവതരിപ്പിക്കുന്നു.

തിരുവനന്തപുരം നഗരത്തിന്റെ വിദ്യാകേന്ദ്രമാണ് നാലാഞ്ചിറ. സ്കൂളുകളും കോളജുകളും നിറഞ്ഞു നിൽക്കുന്ന തിരിക്കേറിയ നഗരഭാഗം. അവിടെ നിന്ന് കുറച്ച് ഉള്ളിലെക്കു പോയാൽ ബഥനി സന്യാസസമൂഹത്തിന്റെ തിരുവനന്തപുരം പ്രോവിൻസിന്റെ മൈനർ സെമിനാരിയും ആശ്രമവും. അവിടുത്തെ റെക്ടർ ആണ് ഫാദർ ജോൺ നിർമലാനന്ദ്. അതിനു സമീപം തന്നെ ഒരു പ്രകൃതി ചികിത്സാ കേന്ദ്രവുമുണ്ട്. അച്ചനെ തേടി ആശ്രമമാകെ കറങ്ങി നടന്നു. അവസാനം പ്രകൃതിചികിത്സാ കേന്ദ്രത്തിൽ വച്ചു കണ്ടു. സൗമ്യനായി ഇരുന്ന് പച്ചക്കറികൾ കഴിക്കുകയായിരുന്നു അദ്ദേഹം. ഒരു ദീർഘദർശിയപ്പോലെ എന്റെ ആഗമനോദ്ദശ്യം അദ്ദേഹം തന്നെ എന്നോട് വിശദീകരിച്ചു! എന്നിട്ട് ആശ്രമത്തിലെത്തിച്ച് എനിക്കായി ആഹാരം എടുത്തു തന്നു. വിശക്കുന്നവന്റെ മുമ്പിൽ ക്രിസ്തു ആത്മീയവും ശാരീരികവുമായ അപ്പമായി അവതരിച്ചതിന്റെ  ആവശ്യകത എനിക്കു അച്ചൻ മനസിലാക്കി തന്നു.

ആശ്രമത്തിന്റെ ചുറ്റുമുള്ള ഹരിത തീരത്തിലെക്കായിരുന്നു ഞങ്ങളുടെ സഞ്ചാരം ആരംഭിച്ചത്. പെട്ടെന്ന് ഒരു അണ്ണാൻ ഓടി വരുന്നു. അച്ചന്റെ കാവി ജുബ്ബ മേൽ ചാടി ഓടി കളിച്ച് തിരികെ പോകുന്നു. പിന്നെ കോഴി കുഞ്ഞുങ്ങളുടെ കൂടെ നടന്നു. ഒപ്പം പശുക്കളും കൃഷിയും തത്തകളും ഒക്കെ നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ. പെട്ടെന്ന് ഉള്ളിലൊരു തോന്നൽ; വായിച്ചറിഞ്ഞ ഫ്രാൻസിസ്സ് അസീസ്സിയോടൊപ്പം നടക്കുന്നതായി.

അച്ചൻ സംസാരിച്ചു തുടങ്ങി. “ഒരു മാർത്തോമാ സഭാംഗമായിട്ടാണ് ജനിച്ചത്. കുട്ടിക്കാലം മുതലേ സന്യാസികളെ കാണുമ്പോൾ ഉള്ളിൽ ഒരു ആനന്ദം. കുട്ടിക്കാലത്ത് സ്വാധീച്ച ഒരു ചെറിയ സംഭവമുണ്ട്. വീട്ടിനടുത്ത് ഒരു ഓർത്തഡോക്സ് പള്ളിയുണ്ട്. അവിടെ സിമിത്തേരിയിൽ ശവമഞ്ചത്തിൻ മുൻപിൻ കാർമ്മികൻ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ഇതായിരുന്നു നിന്റെ അവസാനമെങ്കിൽ മനുഷ്യൻ സമ്പത്തിൽ ആശ്രയിക്കുന്നത് എന്തിന്? ഇതായിരുന്നു നിന്റെ അവസാനമെങ്കിൽ മനുഷ്യൻ സൗന്ദര്യത്തിൽ ആശ്രയിക്കുന്നത് എന്തിന്? എന്നു തുടങ്ങുന്ന ചോദ്യങ്ങളുടെ പരമ്പര എന്നിൽ ഒരു ബോധ്യം ഉളവാക്കി.”

ആദ്യം ജോലിക്കായി ബോംബയ്ക്കു പോയി. അവിടെ നിന്ന് ബെഹറിനിലെക്കുള്ള വിസ്സ കിട്ടി. അങ്ങനെ അവിടുത്തെ രാജാവിന്റെ ഫൈവ് സ്റ്റാർ ഹോട്ടലായ ഷെറാൾഡിനിലെ കഫറ്റീരിയയിൽ ജോലി ചെയ്തു തുടങ്ങി.

“ബെഹറിൻ ജീവിതം എന്നെ നല്ല രീതിയിൽ സ്വാധീച്ചിരുന്നു. കാരണം എന്തും കിട്ടുന്ന ഇടമായിരുന്നു ആ ഹോട്ടൽ. പാർട്ടികൾക്കു വേണ്ടി കുന്നുകൂട്ടി വച്ചിരിക്കുന്ന ആഹാരസാധനങ്ങൾ പകുതി പോലും ഉപയോഗിക്കപ്പെടാതെ വലിച്ചെറിയപ്പെടുമ്പോൾ ഉള്ളിൽ ഒരു ചോദ്യമായിരുന്നു. ആർക്കു വേണ്ടിയാണ് ഇതൊക്കെ?”

ആയിടയക്കാണ് അച്ചന്റെ അമ്മയുടെ ഇരു കിഡ്നികളും തകരാറിലാകുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ  ഡോകടർമാർ 13 ദിവസത്തിനകം മരണം എന്നു വിധിയെഴുതി. അതിനിടയ്ക്കാണ് കാഷായ വസ്ത്രധാരിയായ ഒരാൾ പ്രാർത്ഥന നേരങ്ങളിൽ ഒപ്പം ഇരിക്കുന്നതായി തോന്നൽ ഉണ്ടാകുന്നത്. അമ്മയുടെ രോഗചികിത്സ ആയുർവേദത്തിലെക്കു മാറ്റുന്നതിന്റെ ഫലമായി ഒറ്റപ്പാലത്തെ ആയുർവേദാചാര്യൻ സ്വാമി നിർമലാനന്ദഗിരിയെ കാണുവാൻ ഇടയായി. ഇടയ്ക്ക് സ്വാമിയോടു കാഷായ വസ്ത്രധാരിയുടെ കാര്യം സൂചിപ്പിപ്പോൾ ക്രിസ്തു നിങ്ങളെ സന്യാസത്തിലെക്ക് വിളിക്കുന്നു എന്ന ഉത്തരം അച്ചനെ ഇരുത്തി ചിന്തിപ്പിച്ചു. തിരികെ വീട്ടിലെത്തി. അമ്മയുടെ രോഗവും അപ്പന്റെ നെഞ്ചുവേദനയും അച്ചനെ ഏറെ ദുഃഖിപ്പിച്ചിരുന്നു. രാത്രിയിൽ  തന്റെ ദൈവവിളിയിക്കായി നിരന്തരം പ്രാർത്ഥിക്കുമായിരുന്നു. ഒന്നുകിൽ തന്റെ വിളി വ്യക്തമാക്കുക അല്ലെങ്കിൽ തന്നെ വെറുതെ വിടുക.

ആ പ്രാർത്ഥന ദൈവം കേട്ടു. ദിവസങ്ങൾക്കകം മാതാപിതാക്കളുടെ രോഗശമനം നേരിൽ കണ്ടതോടു കൂടി തന്റെ സന്യസ്ത ജീവിതവഴിയെപ്പറ്റി വീട്ടിലറിയിച്ചു. ആദ്യം എതിര്‍ത്തെങ്കിലും പിന്നിട് അനുവദിച്ചു. 29 വയസ്സിൽ മാർത്തോമസഭയിലെ സന്യാസ രീതിയിലേക്ക് ചേർന്നങ്കിലും ഒരു അപൂർണ്ണത ആ മനസ്സിൽ നിറഞ്ഞു നിന്നു. ഇടയ്ക്ക് വാഗമൺ കുരിശുമലയിലെക്ക് നടത്തിയ ഏകാന്തതയുടെ യാത്രകൾ കത്തോലിക്കാ സഭയുടെ ബാലപാഠങ്ങൾ പകർന്നു നൽകി. ആശ്രമസ്ഥാപകനായ ഫ്രാന്‍സിസ് ആചാര്യയില്‍ നിന്നും നിരവധി അറിവുകൾ ശേഖരിച്ചു. തിരികെ വന്ന് കത്തോലിക്കാ സഭയിൽ ചേരാൻ ശ്രമിക്കുവാൻ തുടങ്ങി. അങ്ങനെ ബഥനി സന്യസ്തനായ പ്ലാസിഡ് അച്ചനിൽ തന്റെ സ്വപ്ന കാഷായ വസ്ത്രധാരിയെ കാണാൻ ഇടയായി. ഒടുവില്‍ 32-വയസ്സിൽ അദ്ദേഹം ബഥനി സന്യാസസഭയിൽ ചേർന്നു. “അത്ഭുതങ്ങൾ കാണാൻ ആഗ്രഹിക്കുന്ന നമ്മള്‍ പ്രതീക്ഷിക്കുന്നത് ദൈവത്തിന്റെ നേരിട്ടുള്ള വരവാണ്. എന്നാൽ അതേ ദൈവം തന്നെ അപരനിലൂടെ നമ്മുക്ക് അത്ഭുതങ്ങൾ കാണിച്ചു തരുന്നതും നാം മറന്നു പോകരുത്.”

ഫ്രാൻസിസ് അസ്സീസിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമുണ്ട്. പാടത്തെ ചേറിൽ നിന്നു വന്ന ഒരു കർഷകൻ അസ്സീസിയോടു ചോദിക്കുന്നു. “താങ്കൾ വിശുദ്ധനാണെന്നു ആൾക്കാർ പറയുന്നു. എങ്കിൽ അങ്ങനെ തന്നെ ആയിരിക്കുക.” നടന്നു നീങ്ങിയ കർഷകനെ കണ്ട് അസീസ്സി തുടർന്നു. “കണ്ടില്ലേ ദൈവം എന്നോട് സംസാരിച്ചിട്ടു പോകുന്നത്.”

ഇതുപോലെ ജോൺ നിർമ്മലാനന്ദ് അച്ചനെ ദൈവം തൊട്ട സംഭവമുണ്ട്. “അന്ന് ഒരിക്കൽ ഞാൻ പുനെയില്‍ നിന്നും ഡൽഹിയ്ക്ക് പോകുന്ന സമയത്ത് ട്രെയിനിൽ വച്ച് ഒരു ഭിക്ഷക്കാരനായ സന്യാസിയെ കണ്ടു. ആരോടും സംസാരിക്കാത്ത ആൾ എന്നെ കണ്ടപ്പോൾ ഒരു പ്രവചനം. താങ്കളൊരു സന്യാസിയായി തീർന്നിടും. ഇതാ ഈ രുദ്രാക്ഷം; ഇതു സ്വീകരിച്ചാലും. ഇന്നു ഞാൻ വിശ്വസിക്കുന്നു. അത് ദൈവീക ഇടപെടൽ തന്നെയിരുന്നു എന്ന്.”

പീന്നിട് പത്തനംതിട്ടയിലെ വലഞ്ചുഴി ഇടവകയിൽ സേവനമനുഷ്ഠിക്കുമ്പോൾ ഏഴോളം വീടുകൾ നിർമ്മിച്ചു നൽകാൻ സാധിച്ചിതു ദൈവ കൃപയായി അച്ചൻ കരുതുന്നു. ഞാൻ എന്ന ഭാവം ഇല്ലായ്മ ചെയ്താൽ അപരനെ അകമറിഞ്ഞ് സ്നേഹിക്കാനാകുമെന്ന് അച്ചന്റെ പക്ഷം.

“കുരിശിൽ കിടക്കുമ്പോഴും ക്രിസ്തുവിലെ ‘ഞാനെന്ന’ ഭാവം ഉണർത്താൻ സാത്താൻ ശ്രമിച്ചിരുന്നു. അതിന്റെ ബാക്കിപത്രമായിരുന്നു നീ ദൈവപുത്രനാണെങ്കിൽ താഴെയ്ക്കു ഇറങ്ങി വരാനുള്ള ആഹ്വാനം. അതിനെ നിരസിച്ച് സ്വയം ബലി വസ്തുവായി തീരാൻ സ്വയം വിട്ടുകൊടുക്കുവാൻ തയ്യാറായതിലൂടെ അവൻ തന്നിലെ ഞാനെന്ന ഭാവത്തെ നിഗ്രഹിച്ചിരുന്നു.”

“പാപികളെയും ചുങ്കക്കാരെയും അവൻ കൂടെ കൂട്ടിയതു അവരിലെ പാപത്തെ നിഗ്രഹിക്കുവാനാണ്. കാരണം അവനറിയാമായിരുന്നു തന്റെ സാമീപ്യം അവരിലെ പാപത്തിന്റെ ആകസ്തിയെ നശിപ്പിക്കുമെന്ന്. പാപിനിയായ സ്ത്രീയെ നോക്കി യേശു പറയുന്നുണ്ട്. ഞാനും നിന്നെ വിധിക്കുന്നില്ല എന്ന്. അവിടെ വിധിയെക്കാൾ ക്ഷമയാണ് ഏറ്റവും വലുതെന്ന് തെളിയിച്ചു തരുന്നു. ഇതു തന്നെയാണ് ക്രിസ്തു നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴായി  നമ്മുടെ സാമീപ്യം മറ്റുള്ളവർക്ക് പാപത്തിനു കാരണമായി തീരുന്നു. എന്നാൽ അപരനിലെ പാപത്തെ നിഗ്രഹിച്ചാൽ നാം ക്രിസ്തുവിന്റെതായി തീരുന്നു. ഞാൻ ഇടവക വികാരി ആയിരുന്നപ്പോൾ പള്ളിയിൽ വർഷങ്ങളായി വരാതിരുന്ന യുവാവ് വരുമായിരുന്നു. ഞങ്ങൾ ചുരുക്കം മാത്രമേ പരസ്പരം സംസാരിക്കാറുള്ളു. ഇവിടെ മൈനർ സെമിനാരിയിലെക്ക് വലഞ്ചുഴിക്കാർ എന്നെ യാത്രയാക്കാൻ വന്നപ്പോൾ കരച്ചിലായിരുന്നു ഈ മുറ്റത്ത്. അതു കണ്ട മാത്രയിൽ ഞാനും കരഞ്ഞു.”

സംസാരത്തിനിടയിൽ സംസ്കൃത ശ്ലോകങ്ങൾ കടന്നു വന്നു. ഹൈന്ദവ ചിന്തകളാണോ എന്ന ചോദ്യത്തിനു അദ്ദേഹം നൽകിയ ഉത്തരം അമ്പരിപ്പിക്കുന്നതാണ്. “ഏതു ആശയവും ഏതു പുസ്തകവും നാം വായിച്ചാലും ചിന്തിച്ചാലും അതിനെ നാം ക്രിസ്തു കേന്ദ്രീകൃതമായി വീക്ഷിക്കുന്നുണ്ടെങ്കിൽ നാം ഒരിക്കലും വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചു പോകില്ല. നൻമ മാത്രം തേൻ പോലെ ശേഖരിക്കുക. സ്വന്തം തിരികൾക്കായി അപരന്റെ ദീപങ്ങളെ കെടുത്താതിരിക്കുക.”

വിട പറഞ്ഞു നീങ്ങുമ്പോഴും ഉള്ളിൽ ഒരു ആനന്ദമായിരുന്നു. ആർഷഭാരതത്തിന്റെ അസ്സീസിയെ നെഞ്ചിലേറ്റിയ അനുഭവം.

ക്ലിന്‍റണ്‍ എന്‍. സി. ഡാമിയന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.